Uncategorized

“പ്രചരിപ്പിക്കുന്നത് പഴയ ചിത്രങ്ങളും വീഡിയോകളും”; ആറ്റുകാൽ പൊങ്കാല ശുചീകരണത്തിലെ പിഴവിൽ പ്രതികരിച്ച് മേയർ വി.വി. രാജേഷ്

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല ശുചീകരണത്തിൽ പിഴവുകളുണ്ടായെന്ന വാർത്തയിൽ പ്രതികരിച്ച് മേയർ വി.വി. രാജേഷ്. കോർപ്പറേഷൻ ചെയ്യേണ്ട ഉത്തരവാദിത്വം ഭംഗിയായി ചെയ്തിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലും ദൃശ്യമാധ്യമങ്ങളും പ്രചരിപ്പിക്കുന്നത് പഴയ ചിത്രങ്ങളും വീഡിയോകളുമാണെന്നും വി.വി. രാജേഷ് പറഞ്ഞു. നേരത്തെയും ഇതേ വാദം തന്നെയാണ് മേയർ ഉയർത്തിയത്. സിപിഐഎം സൈബര്‍ സെല്ലുകള്‍ രാഷ്‌ട്രീയ നേട്ടത്തിന് കുതന്ത്രങ്ങള്‍ പ്രയോഗിക്കുകയാണെന്നും സ്വകാര്യസ്ഥലങ്ങളിലെ മാലിന്യങ്ങളുടെയും ശുചീകരണത്തിന് മുമ്പുള്ള നഗര പ്രദേശത്തെ മാലിന്യങ്ങളുടെയും ചിത്രങ്ങളെടുത്താണ് പ്രചരണം നടത്തുന്നതെന്നും വി.വി. രാജേഷ് പറഞ്ഞിരുന്നു.

അതേസമയം, ശുചീകരണത്തിലെ അപാകതയിൽ മന്ത്രി വി. ശിവൻകുട്ടി ഇടപെട്ടിരുന്നു. ശുചീകരണ പ്രവർത്തനങ്ങളിൽ വീഴ്ച ഉണ്ടോ എന്ന് പരിശോധിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ ആർഡിഒയെ ചുമതലപ്പെടുത്തിയെന്നുമാണ് മന്ത്രി അറിയിച്ചത്. തിരുവനന്തപുരം കോർപ്പറേഷനാണ് ശുചീകരണ ചുമതല. പോരായ്മകൾ ഉണ്ടെങ്കിൽ പരിഹരിക്കാൻ കർശനമായ ഇടപെടൽ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

ആറ്റുകാൽ പൊങ്കാല കഴിഞ്ഞ് നാല് ദിവസം പിന്നിട്ടിട്ടും നഗരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യാത്തതിനാലാണ് മന്ത്രി ഈ വിഷയത്തിൽ ഇടപെട്ടത്. പൊങ്കാല കഴിഞ്ഞതിന് പിന്നാലെ നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിലും ക്ഷേത്ര പരിസരത്തുമുൾപ്പെടെ പേപ്പറും പ്ലാസ്റ്റിക് കുപ്പികളും മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളുമടക്കം കുമിഞ്ഞ് കൂടിയ അവസ്ഥയിലാണ് ഉള്ളത്. കോർപ്പറേഷൻ്റെ ശുചീകരണ പ്രവർത്തനങ്ങൾ ഫലവത്തായില്ല എന്നതാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button