വാടക വീട്ടിൽ പരിശോധന; പാലക്കാട് 300 കിലോഗ്രാമോളം നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു
പാലക്കാട്: വാടകക്ക് വീട്ടിൽ നിന്ന് 300 കിലോഗ്രാമോളം നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. എടത്തറ – അഞ്ചാമൈൽ ഭാഗത്ത് നടത്തിയ പരിശോധനയിൽ റഷീദ് എന്നയാളാണ് പിടിയിലായത്. പാലക്കാട് സർക്കിൾ ഇൻസ്‌പെക്ടറും സംഘവുമാണ് പരിശോധന നടത്തിയത്.
റെയ്ഡിൽ പ്രിവന്‍റീവ് ഓഫീസർ ശ്രീജിത്ത്, പ്രിവന്‍റീവ് ഓഫീസർ (ഗ്രേഡ്) ബാസിത്, സിവിൽ എക്സൈസ് ഓഫീസർ സദാശിവൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ രേണുക എന്നിവർ പങ്കെടുത്തെന്ന് എക്സൈസ് അറിയിച്ചു.
ഒരാഴ്ച മുൻപ് ആറായിരത്തോളം പാക്കറ്റ് ഹാന്‍സുമായി കോഴിക്കോട് യുവാവ് പിടിയിലായിരുന്നു. കുന്നമംഗലം വരട്ട്യാക്ക് – പെരിങ്ങോളം റോഡില്‍ വാടക വീട് കേന്ദ്രീകരിച്ച് വന്‍തോതില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് എത്തിയത്. കുന്ദമംഗലം, നരിക്കുനി, കോഴിക്കോട് സിറ്റിയുടെ വിവിധ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ രണ്ടു വര്‍ഷത്തോളമായി ബാബു എന്ന 37കാരൻ ലഹരി വസ്തുക്കള്‍ വിതരണം ചെയ്യുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.
കെട്ടിട ഉടമയെ പാത്രക്കച്ചവടം എന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് ഇയാള്‍ വീട് വാടകയ്‌ക്കെടുത്തത്. വെള്ളയില്‍, കാക്കൂര്‍ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്പന നടത്തിയതിന് ഇയാളുടെ പേരില്‍ കേസുകളുണ്ട്. പുകയില ഉത്പ്പന്നങ്ങള്‍ വിറ്റുകിട്ടുന്ന പണംകൊണ്ട് ആഡംബര ജീവിതം നയിക്കുകയാണ് ഇയാളുടെ പതിവ് രീതിയെന്ന് പൊലീസ് പറഞ്ഞു.