കൊട്ടിയൂർ/ഇരിട്ടി: സംരക്ഷിത വനമേഖലകൾക്കും ദേശീയ ഉദ്യാനങ്ങൾക്കും ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിച്ച സുപ്രീംകോടതി വിധിക്കെതിരേ ആറളം-കൊട്ടിയൂർ-ബ്രഹ്മഗിരി വന്യജീവി സങ്കേതം ബഫർസോൺ വിരുദ്ധ സർവകക്ഷി കർമസമിതിയുടെ നേതൃത്വത്തിൽ ആഹ്വാനം ചെയ്ത ഹർത്താലിൽ മലയോരമേഖല നിശ്ചലമായി. കൊട്ടിയൂർ, കേളകം, കണിച്ചാർ, ആറളം, അയ്യൻകുന്ന് പഞ്ചായത്തുകളിൽ നടത്തിയ ഹർത്താൽ പൂർണമായിരുന്നു.
വ്യാപാരസ്ഥാപനങ്ങളും സ്കൂളുകളും അടഞ്ഞുകിടന്നു. ഏതാനും കെഎസ്ആർടിസി ബസുകളും അത്യാവശ്യം ചില വാഹനങ്ങളും സർവീസ് നടത്തിയതൊഴിച്ചാൽ മറ്റു വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല. ആരും നിർബന്ധിക്കാതെതന്നെ മലയോരകർഷകരുടെ വലിയൊരു പ്രശ്നത്തിലുള്ള പ്രതിഷേധം അറിയിക്കാൻ എല്ലാവരും സ്വമേധയാ മുന്നോട്ടുവരികയായിരുന്നു.
കണ്ണൂർ, തലശേരി നഗരങ്ങളിൽനിന്ന് സർവീസ് നടത്തുന്ന ബസുകൾ പേരാവൂരിലും ഇരിട്ടിയിലും ഓട്ടം നിർത്തി. അമ്പായത്തോട്, കൊട്ടിയൂർ, കേളകം, കണിച്ചാർ, ആറളം, എടൂർ, കീഴ്പള്ളി, അങ്ങാടിക്കടവ് ടൗണുകളിലെല്ലാം ഹർത്താൽ പൂർണമായിരുന്നു. രാവിലെ ആറുമുതൽ വൈകുന്നേരം നാലു വരെയായിരുന്നു ഹർത്താൽ. മലയോരമേഖല നിശ്ചലമായതോടെ പേരാവൂർ, ഇരിട്ടി ടൗണുകളിൽ ജനങ്ങൾ നന്നെ കുറവായിരുന്നു.
ജനവാസമേഖലയെ ബഫർസോൺ പരിധിയിൽനിന്ന് ഒഴിവാക്കുക, ബഫർസോൺ ഒരു കിലോമീറ്ററായി വർധിപ്പിച്ച സുപ്രീം കോടതി വിധി പിൻവലിക്കുക, കർഷകരെ സംരക്ഷിക്കാനുള്ള നിയമനിർമാണം രൂപവത്കരിക്കാൻ കേന്ദ്രസർക്കാർ തയാറാകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംയുക്ത സമരസമിതി ഹർത്താൽ നടത്തിയത്. എല്ലാ രാഷ്ട്രീയപാർട്ടികളും ഹർത്താലിന് പിന്തുണ നൽകിയിരുന്നു. പേരാവൂർ നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകളാണ് പ്രധാനമായും ബഫർ സോണിൽ ഉൾപ്പെടുക.
ഉളിക്കൽ, പയ്യാവൂർ പഞ്ചായത്തിലെ ഭാഗങ്ങളും ഉൾപ്പെടുന്നുണ്ട്. കർണാടകത്തിലെ ബ്രഹ്മഗിരി വന്യജീവി സങ്കേതവുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളാണിവ. അയ്യൻകുന്ന് പഞ്ചായത്തിലെ പ്രദേശങ്ങളും ഈ വന്യജീവി സങ്കേത ബഫർ സോണിൽ ഉൾപ്പെടും.
കൊട്ടിയൂർ, കേളകം, കണിച്ചാർ, ആറളം പഞ്ചായത്തുകൾ ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതവുമായി അതിർത്തി പങ്കിടുന്നവയാണ്.