വിഷമിക്കല്ലേ..; പടത്തില് തന്റെ ഭാഗം കട്ട് ചെയ്തു, കണ്ണുകലങ്ങി സുലേഖ; ഓടിയെത്തി ആശ്വസിപ്പിച്ച് ആസിഫ് അലി
മലയാളത്തിന്റെ പ്രിയ താരമാണ് ആസിഫ് അലി. കാലങ്ങളായുള്ള അഭിനയ ജീവിത്തിൽ തീർത്തും വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്ത് അമ്പരപ്പിച്ചു കൊണ്ടിരിക്കുന്ന താരത്തിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത് രേഖാചിത്രം എന്ന പടമാണ്. മികച്ച പ്രതികരണവുമായി സിനിമ പ്രദർശനം തുടരുന്നതിനിടെ സഹതാരത്തെ ആശ്വസിപ്പിക്കുന്ന ആസിഫ് അലിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ കയ്യടി നേടുകയാണ്.
രേഖാചിത്രത്തിൽ ആസിഫ് അലിക്കൊപ്പം അഭിനയിച്ച ആളാണ് സുലേഖ. രണ്ട് ഷോട്ടുകളെ ഉണ്ടായിരുന്നുള്ളു. താൻ അഭിനയിച്ച സിനിമ കാണാനായി സുഹൃത്തുക്കളും ബന്ധുക്കളുമായി തിയറ്ററിൽ എത്തി, സിനിമ കണ്ടപ്പോഴാണ് അറിഞ്ഞത് തന്റെ ഭാഗം എഡിറ്റിൽ കട്ടായെന്ന്. അതവരെ ഒത്തിരി വേദനിപ്പിച്ചു. കണ്ണുകൾ നിറഞ്ഞൊഴുകി. ഇക്കാര്യം അറിഞ്ഞ ആസിഫ് അലി ഉടൻ തന്നെ സുലേഖയെ കണ്ട് ആശ്വസിപ്പിക്കുകയായിരുന്നു.
“സോറീട്ടോ. അടുത്ത സിനിമയിൽ നമ്മൾ ഒരുമിച്ച് അഭിനയിക്കും. ചേച്ചി അഭിനയിച്ച് എന്ത് മനോഹരമായിട്ടായിരുന്നു. എന്തു രസമായിരുന്നു. ദൈർഘ്യം കാരണമാണ് കട്ടായി പോയത്. ഇനി കരയരുത്. നമുക്കെല്ലാവർക്കും ഇങ്ങനെ ഒരവസ്ഥ ഉണ്ടായിരുന്നു ചേച്ചി. ഇനി അടിപൊളിയാകും. ഇനി വിഷമിക്കല്ലേ കേട്ടോ”, എന്നാണ ആസിഫ് അലി, സുലേഖയെ കണ്ട് പറഞ്ഞത്. പ്രിയ താരം നേരിട്ടെത്തി ആശ്വസിപ്പിച്ചതിലും നല്ല വാക്കുകൾ പറഞ്ഞതിലുമുള്ള സന്തോഷത്തിലാണ് അവർ തിയറ്റർ വിട്ടിറങ്ങിയത്.