പതിമൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ പിതൃ സഹോദരൻ കഴുത്തു ഞെരിച്ചു കൊന്നു തെളിവ് നശിപ്പിക്കാൻ കഷ്ണങ്ങളായി കുഴിച്ചിട്ടു

മുബൈ: മഹാരാഷ്ട്രയിലെ തുൽജാപൂർ താലൂക്കിൽ പതിമൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞിനെ പിതൃ സഹോദരൻ കഴുത്തു ഞെരിച്ച് കൊന്നു. തുടർന്ന് മൃതദേഹം കഷണങ്ങളാക്കി വയലിൽ കുഴിച്ചിട്ടു. ധാരാശിവിലെ തുൽജാപൂർ താലൂക്കിലെ ഗവലെവാഡി ശിവാരയിലാണ് ഞെട്ടിക്കുന്ന സംഭവം. പ്രതിയെ തമൽവാഡി പൊലീസ് അറസ്റ്റ് ചെയ്തു.
ഫെബ്രുവരി 27 ന് പുലർച്ചെയാണ് ഗവലെവാഡിയിലെ മഹാദേവ് മാനെയുടെ 13 മാസം പ്രായമുള്ള മകൾ ആരാധ്യയെ കാണാതായത്. ഫെബ്രുവരി 28 ന് മകളെ കാണാനില്ലെന്ന് കാണിച്ച് പിതാവ് മഹാദേവ് മാനെ തമൽവാഡി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിനിടെ, കാണാതായ ദിവസം കുട്ടിയെ പിതൃ സഹോദരൻ ശങ്കേഷ് മാനെ കൂട്ടി കൊണ്ടുപോകുന്നത് ഒരാൾ കണ്ടതായി അസിസ്റ്റന്റ് പോലീസ് ഇൻസ്പെക്ടർ ഗോകുൽ താക്കൂർ പറഞ്ഞു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു.
കുട്ടിയുടെ അമ്മ ഭർത്താവിനെ ഉപേക്ഷിച്ച് മറ്റൊരാളോടൊപ്പം പോയിരുന്നു. കുട്ടി തന്റെ സഹോദരന്റെ രക്തമല്ലയെന്ന് അയാൾ സംശയിച്ചു. ഈ ദേഷ്യത്തിലാണ്, ഫെബ്രുവരി 27 ന് പുലർച്ചെ 4.30 നും 5.00 നും ഇടയിൽ കുട്ടിയെ വയലിലേക്ക് കൊണ്ടുപോയി ശ്വാസം മുട്ടിച്ചു കൊന്നു.
പിന്നീട്, തെളിവുകൾ നശിപ്പിക്കാൻ ശരീരം ഏഴ് കഷ്ണങ്ങളായി മുറിച്ച് ചാക്കിൽ കെട്ടി വയലിൽ കുഴിച്ചിട്ടു. സംഭവസ്ഥലത്ത് വെച്ച് തുൽജാപൂർ തഹസിൽദാർ അരവിന്ദ് ബൊലാംഗെയുടെ സാന്നിധ്യത്തിൽ മൃതദേഹം പുറത്തെടുത്തു.




