Uncategorized

കർണാടകയിൽ കീഴടങ്ങിയ മവോയിസ്റ്റുകൾ ജുഡീഷ്യൽ കസ്റ്റഡിയിൽ, പരപ്പന അ​ഗ്രഹാര ജയിലിലടച്ചു

ബെം​ഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് മുന്നിൽ കീഴടങ്ങിയ ആറ് നക്‌സലുകളെ വ്യാഴാഴ്ച ബെംഗളൂരുവിലെ എൻഐഎ പ്രത്യേക കോടതി ജനുവരി 30 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മഡിവാളയിലെ ടെക്‌നിക്കൽ സെല്ലിൽ ചിക്കമംഗളൂരു പൊലീസിന് മുമ്പാകെ മൊഴി രേഖപ്പെടുത്തിയ ശേഷം വിക്ടോറിയ ആശുപത്രിയിൽ പതിവ് വൈദ്യപരിശോധനക്ക് വിധേയരായി. കീഴടങ്ങിയ നക്‌സലുകളായ ചിക്കമംഗളൂരു സ്വദേശി ലത മുണ്ടഗാരു, ദക്ഷിണ കന്നഡയിൽ നിന്നുള്ള സുന്ദരി കുട്‌ലൂർ, ചിക്കമംഗളൂരു സ്വദേശി വനജാക്ഷി ബലെഹോളൂർ, റായ്ച്ചൂരിൽ നിന്നുള്ള മാരെപ്പ അരോളി, വയനാട് സ്വദേശി ജിഷ, തമിഴ്‌നാട് വെല്ലൂരിൽ നിന്നുള്ള വസന്ത് എന്നിവരെ ബംഗളൂരു പരപ്പന അഗ്രഹാരയിലെ സെൻട്രൽ ജയിലിൽ പാർപ്പിക്കും.

അതേസമയം, നക്സലുകൾ മുഖ്യമന്ത്രിക്ക് മുന്നിൽ കീഴടങ്ങിയതിനെ ചൊല്ലി ഭരണകക്ഷിയായ കോൺഗ്രസും ബിജെപിയും തമ്മിൽ വാക്പോരുണ്ടായി. മുഖ്യമന്ത്രിയുടെ ഓഫിസ് നക്സൽ അനുഭാവികളുടെ നിയന്ത്രണത്തിലാണെന്ന് ബിജെപി ആരോപിച്ചു. മാവോവാദികളുടെ കീഴടങ്ങലിന് മധ്യസ്ഥത വഹിച്ചത് ശാന്തിഗാഗി നാഗരിക വേദികെ ആയിരുന്നു. കീഴടങ്ങലിനെയും പുനരധിവാസ പാക്കേജിനെയും പരിഹസിച്ച ബിജെപി എംഎൽഎ, സുനിൽ കുമാർ ഇത് ഫോറസ്റ്റ് നക്സലുകളെ അർബൻ നക്സലുകളാക്കി മാറ്റുന്ന പാക്കേജാണെന്ന് പരിഹസിച്ചു. കീഴടങ്ങാൻ മുഖ്യമന്ത്രി ആഹ്വാനം ചെയ്ത് ഒരു മാസത്തിനകമാണ് നക്‌സലുകൾ പ്രതികരിച്ചത്. നക്സൽ നേതാവ് വിക്രം ഗൗഡയുടെ ഏറ്റുമുട്ടലിലും ആറ് നക്സലുകളുടെ കീഴടങ്ങലിലും ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബിഎൽ സന്തോഷ് സംശയം പ്രകടിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button