Uncategorized

ഒമ്പത് സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ; നഗരൂരിൽ പൊലീസ് ജീപ്പ് തടഞ്ഞ 2 പേർ പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം നഗരൂരിൽ പൊലീസ് ജീപ്പ് തടഞ്ഞ് ഉദ്യോഗസ്ഥരെ തെറിവിളിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ഡിവൈഎഫ്ഐ പ്രവർത്തകരായ രതീഷ്, വിഷ്ണു എന്നിവരാണ് പിടിയിലായത്. ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ സ്ക്വാഡാണ് ഇവരെ പിടികൂടിയത്. സംഭവത്തിൽ ഒൻപത് സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നു. കോൺഗ്രസ് ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചതിൽ കേസ് എടുത്തതാണ് സിപിഎം പ്രവർത്തകരെ പ്രകോപനത്തിലേക്ക് നയിച്ചത്. വഴിയേ പോകുന്നവർക്ക് കൊട്ടാനുള്ള ചെണ്ടയല്ലെ പൊലീസെന്നാണ് ഓഫീസേഴ്സ് അസോസിയേഷൻ ഈ വിഷയത്തിൽ പ്രതികരിച്ചത്.

നഗരൂർ ജംഗ്ഷന് സമീപമാണ് പൊലീസിന് നേരെ സിപിഎം – ഡിവൈഎഫ്ഐ പ്രവർത്തകരുടെ അതിക്രമം ഉണ്ടായത്. ഫ്ലക്സ് ബോർഡ് നശിപ്പിച്ച കേസിൽ പ്രതികളായവർക്ക് നോട്ടീസ് നൽകി മടങ്ങിയ പൊലീസ് ജീപ്പിനെ ആൾട്ടോ കാറിലെത്തിയ സംഘം ഓവർടേക്ക് ചെയ്ത് തടയുകയായിരുന്നു. സിനിമാ സ്റ്റൈലിൽ പൊലീസ് ജീപ്പിന് കുറുകെയിട്ട കാറിൽ നിന്നും ഇറങ്ങിയ സംഘം എസ്എച്ച്ഒ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിരുന്നു.

പ്രദേശത്തെ ഫ്ലക്സ് ബോർഡ് നശിപ്പിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നു. ഈ കേസിലെ പ്രതികൾക്ക് സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകി മടങ്ങുന്നതിനിടെയാണ് പൊലീസിന് നേരെ ആക്രമണമുണ്ടായത്. എന്നാൽ പൊലീസ് പ്രവർത്തകരുടെ വീട്ടിൽ കയറി അതിക്രമം കാട്ടിയെന്നാണ് സിപിഎം ആരോപിക്കുന്നത്. പൊലീസുകാർ മാന്യമല്ലാത്ത രീതിയിൽ പെരുമാറിയെന്നും എസ്എച്ച്ഒ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് പ്രവർത്തകർ സ്റ്റേഷന് മുന്നിൽ സമരവും നടത്തി. സ്റ്റേഷൻ പരിസരത്ത് സിപിഎം പ്രവര്‍ത്തകർ വലിയ പ്രതിഷേധമാണ് ഉയർത്തിയത്.

recommended by

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button