Uncategorized

ചെന്നൈ ടു കോഴിക്കോട്, സ്വകാര്യ ബസിലെത്തിയ സുമൈറിനെ കാത്ത് വയനാട് അതിർത്തിയിൽ എക്സൈസ്! ലക്ഷങ്ങളുടെ മെത്താഫിറ്റമിനുമായി പിടിയിൽ

സുല്‍ത്താന്‍ ബത്തേരി: സംസ്ഥാനത്ത് ചില്ലറവില്‍പ്പന ലക്ഷ്യമിട്ട് കടത്തിയ വന്‍ മെത്താഫിറ്റമിന്‍ ശേഖരവുമായി യുവാവിനെ എക്സൈസ് പിടികൂടി. കാസര്‍ഗോഡ് മഞ്ചേശ്വരം ഇടനാട് സീത്താന്‍ഗോളി വികാസ് നഗര്‍ സ്വദേശി വികാസ് നഗര്‍ വീട്ടില്‍ മുഹമ്മദ് സുമൈര്‍ (28) എന്നയാളാണ് അറസ്റ്റിലായത്. എക്‌സൈസ് ഇന്റലിജന്‍സ് നല്‍കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന അതിര്‍ത്തിയായ പൊന്‍കുഴിയില്‍ വെച്ച് സുല്‍ത്താന്‍ബത്തേരി എക്‌സൈസ് റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. ചെന്നൈയില്‍ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സിലെ യാത്രക്കാരനായിരുന്നു മുഹമ്മദ് സുമൈര്‍. 63.957 ഗ്രാം മെത്താഫിറ്റാമിന്‍ ഇയാളില്‍ നിന്ന് പിടിച്ചെടുത്തു.

കൊച്ചി അടക്കമുള്ള വന്‍ നഗരങ്ങളിലേക്ക് ചില്ലറ വില്പനക്കായി ബംഗളൂരുവില്‍ നിന്നും നിരന്തരം രാസലഹരി വന്‍തോതില്‍ എത്തിച്ചു നല്‍കുന്ന കണ്ണികളില്‍ ഉള്‍പ്പെട്ട ആളാണ് മുഹമ്മദ് സുമൈര്‍ എന്ന് എക്‌സൈസ് പറഞ്ഞു. ലക്ഷക്കണക്കിന് രൂപയുടെ ചില്ലറ വില്‍പ്പന ലക്ഷ്യമിട്ടുള്ള വന്‍ കടത്താണ് എക്‌സൈസിന് ലഭിച്ച രഹസ്യവിവരത്തിന് പിന്നാലെ ഇല്ലാതാക്കിയത്. പിടിച്ചെടുത്ത മയക്കുമരുന്നിന് നാല് ലക്ഷത്തോളം രൂപ വില വരും. ലഹരി സംഘങ്ങള്‍ക്കായി അതിര്‍ത്തിപ്രദേശങ്ങളില്‍ നിരീക്ഷണവും, പരിശോധനയും തുടരുമെന്ന് എക്‌സൈസ് അറിയിച്ചു.

ഇന്‍സ്‌പെക്ടര്‍ കെ. വൈശാഖിന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍മാരായ സുരേഷ് വെങ്ങാലിക്കുന്നേല്‍, സി.വി.ഹരിദാസ് പ്രിവന്റ്റീവ് ഓഫീസര്‍മാരായ പി. കൃഷ്ണന്‍കുട്ടി, എ.എസ് അനീഷ്, പി.ആര്‍. വിനോദ് ടി.ഇ. ചാള്‍സ് കുട്ടി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.ആര്‍. ധന്വന്ത്, കെ.യു. മുഹമ്മദ് നിഷാദ്, എസ്.എസ്. ആദിത്യന്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ വി.കെ. അശ്വതി, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ അനു പ്രസാദ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മാജിസ്ട്രേറ്റ്- കോടതി -1 ല്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസങ്ങളില്‍ രണ്ട് കേസുകളിലായി 41.5 ഗ്രാം എം. ഡി. എം. എ യും 4.215 ഗ്രാം മെത്താ ഫിറ്റാമിനുമായി മൂന്നു പേര്‍ പിടിയില്‍ ആയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button