Uncategorized

ലാഭവിഹിതമോ നിക്ഷേപിച്ച തുകയോ തിരികെ നല്‍കിയില്ല, പിന്നാലെ ഒളിവില്‍; ബാങ്കോക്കിലേക്ക് കടക്കുന്നതിനിടെ പ്രതികൾ പിടിയില്‍

തൃശൂര്‍: ഓണ്‍ലൈന്‍ ട്രേഡിങ് വഴി 54.44 ലക്ഷം തട്ടിയെടുത്ത കേസില്‍ പ്രതിയെ ലുക്കൗട്ട് സര്‍ക്കുലര്‍ പ്രകാരം ബെംഗളൂരു എയര്‍പോര്‍ട്ടില്‍ നിന്നും അറസ്റ്റ് ചെയ്തു. കാസർകോട് സ്വദേശി പോയിക്കര വീട്ടില്‍ ജംഷാദി (41) നെയാണ് തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 27 മുതല്‍ ജൂണ്‍ 16 വരെയുള്ള കാലയളവില്‍ ഓണ്‍ലൈന്‍ വഴി ട്രേഡിങ് നടത്തുന്നതിനായി വലപ്പാട് സ്വദേശിയില്‍ നിന്നും 54.44 ലക്ഷം ബാങ്ക് അക്കൗണ്ട് വഴി അയച്ച് വാങ്ങി ലാഭവിഹിതമോ നിക്ഷേപിച്ച തുകയോ തിരികെ നല്‍കാതെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. തട്ടിയെടുത്ത പണം സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് അയച്ച് ഈ തുക ചെക്ക് വഴി പിന്‍വലിച്ച് പ്രധാന പ്രതികള്‍ക്ക് നല്‍കി കമ്മീഷന്‍ കൈപറ്റി തട്ടിപ്പ് സംഘത്തില്‍ ഉള്‍പ്പെട്ടതിനാണ് ജംഷാദിനെ അറസ്റ്റ് ചെയ്തത്.
ഒളിവില്‍ പോയ പ്രതിയെ പിടികൂടുന്നതിനായി തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ട് പ്രകാരം ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. ഇയാള്‍ ബാങ്കോക്കിലേക്ക് കടക്കുന്നതിനായി ബെംഗളുരു വിമാനത്താവളത്തില്‍ എത്തിയതോടെ ലുക്കൗട്ട് സര്‍ക്കുലര്‍ പ്രകാരം എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞു വച്ച് വിവരം ജില്ലാ പൊലീസ് മേധാവിയെ അറിയിക്കുകയായിരുന്നു. മതിലകം പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വിമോദ് പി.എം., വലപ്പാട് പൊലീസ് സ്റ്റേഷന്‍ എസ്.ഐമാരായ എബിന്‍ സി.എന്‍., ഹരി, ജി.എ.എസ്.ഐമാരായ ഭരതനുണ്ണി, ചഞ്ചല്‍, ജി. എസ്, സി.പി.ഒ. റഷീദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button