വിദ്യാർത്ഥിനിയെ ആക്രമിച്ച ‘അഞ്ജാതൻ’ ആര്? കഞ്ചിക്കോട് ഐഐടി ആക്രമണം അന്വേഷിക്കാൻ പ്രത്യേകസംഘം

പാലക്കാട്: കഞ്ചിക്കോട് ഐഐടിയിൽ വിദ്യാർത്ഥിനിക്ക് നേരെയുണ്ടായ ആക്രമണം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. സേലം സ്വദേശിനിയായ വിദ്യാർത്ഥിനിക്ക് നേരെയുണ്ടായ ആക്രമണമാണ് കസബ പൊലീസ് ഇൻസ്പെക്ടർ എം സുജിത്തിനെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുക.
സംഘം ഇന്നലെ കോയമ്പത്തൂരിലെത്തി വിദ്യാർത്ഥിനിയുടെ വിശദമായ മൊഴി
രേഖപ്പെടുത്തി. ആക്രമണം ആസൂത്രിതമെന്നാണ് പൊലീസ് നിഗമനം. ക്യാമ്പസിൽ സിസിടിവി ഇല്ലാത്ത സ്ഥലത്തേയ്ക്ക് വിദ്യാർത്ഥിനി എത്തിയപ്പോഴായിരുന്നു ആക്രമണമുണ്ടായത്. ക്യാമ്പസിന് പുറത്തുനിന്നുള്ളവർ ആക്രമണം നടത്താൻ സാധ്യത കുറവാണെന്നാണ് അന്വേഷണസംഘം കരുതുന്നത്. അതിനാൽ ഉള്ളിൽ നിന്നുതന്നെയുള്ള ആരെങ്കിലും ആയിരിക്കാം ആക്രമിച്ചത് എന്നും പൊലീസ് കരുതുന്നു.
നെറ്റിയിലും കണ്ണിന് മുകളിലുമായി പരിക്കേറ്റ വിദ്യാർത്ഥിനിയെ പ്ലാസ്റ്റിക് സർജറി ഉൾപ്പെടെയുള്ള ശസ്ത്രക്രിയകൾക്ക് വിധേയമാക്കി.അതേസമയം, ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഐഐടി ക്യാമ്പസിൽ സുരക്ഷ വർധിപ്പിച്ചു. കൂടുതൽ സിസിടിവി ക്യാമറകൾക്ക് സ്ഥാപിച്ചതിന് പുറമെ, ക്യാമ്പസിൽ സുരക്ഷാ പട്രോളിങ്ങും ആരംഭിച്ചു.
ഫെബ്രുവരി 23 രാത്രിയാണ് കഞ്ചിക്കോട്ടെ ഐഐടിയിൽ വിദ്യാർത്ഥിനിക്ക് നേരെ ആക്രമണമുണ്ടായത്.ഡാറ്റ സയൻസ് എൻജിനീയറിങ് നാലാം വർഷ വിദ്യാർത്ഥിനിയായ സേലം സ്വദേശിനിക്ക് നേരെയാണ് ആക്രമണമുണ്ടായത്. സുഹൃത്തുക്കൾക്കൊപ്പം ഡൈനിങ് ഹാളിലേക്ക് നടന്നു പോകുന്നതിനിടെ ഒരാൾ യുവതിയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. അജ്ഞാതനായ ഒരാളാണ് ആക്രമിച്ചത് എന്നാണ് പൊലീസിന് ലഭിച്ച മൊഴി. സുഹൃത്തുക്കൾക്ക് പിന്നാലെയായിരുന്നു യുവതി നടന്നിരുന്നത്. ഇതിനിടെ അജ്ഞാതൻ ആയുധം കൊണ്ട് യുവതിയെ ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം




