മെയ് 22 മുതല്‍ 29 വരെ സംസ്ഥാനത്ത് മഴക്കാലപൂര്‍വ ശുചീകരണ യജ്ഞം നടത്തും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ശുചീകരണ യജ്ഞം പൂര്‍ത്തീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും മഴക്കാല കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ വീടുകളിലും ഓഫീസുകളിലും ഉള്‍പ്പെടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൊതുജന പങ്കാളിത്തത്തോടെ നടത്തണം. കൊതുക് നിവാരണം, മലിനജലം ശാസ്ത്രീയമായി സംസ്‌കരിക്കല്‍, ജലസ്രോതസുകളിലെ ശുചീകരണം, സാമൂഹ്യ വിലയിരുത്തല്‍ മുതലായവ ശുചീകരണ യജ്ഞത്തിന്റെ ഭാഗമാക്കണം.
50 വീടുകള്‍ / സ്ഥാപനങ്ങള്‍ അടങ്ങുന്ന ക്ലസ്റ്റര്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യേണ്ടതുണ്ട്. ഓരോ പ്രദേശത്തെയും ഏറ്റവും ദുരന്ത സാധ്യത കൂടിയ ആളുകളുടെ പട്ടിക തദ്ദേശ സ്ഥാപനങ്ങള്‍ തയ്യാറാക്കി വില്ലേജ് ഓഫിസര്‍, പൊലീസ്, അഗ്‌നിശമന രക്ഷാസേന എന്നിവരെയും ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളേയും ഏല്‍പ്പിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.