Uncategorized

ഹണി എം വര്‍ഗീസിന് സ്ഥലം മാറ്റം; നടിയെ ആക്രമിച്ച കേസിലെ വിധി പറഞ്ഞ ജഡ്ജി

കൊച്ചി: എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസിന് സ്ഥലം മാറ്റം. ആലപ്പുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായാണ് സ്ഥലം മാറ്റം നല്‍കിയത്. സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അപ്പലേറ്റ് ട്രൈബ്യൂണല്‍ ജഡ്ജിക്കാണ് പകരം ചുമതല. ഹൈക്കോടതിയിലെ ജില്ലാ ജുഡീഷ്യറി രജിസ്ട്രാര്‍ ആണ് സ്ഥലംമാറ്റ ഉത്തരവിറക്കിയത്. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ വിധി പറഞ്ഞ ജഡ്ജിയാണ് ഹണി എം വര്‍ഗീസ്.

നേരത്തെ പുറത്തിറങ്ങിയ ജഡ്ജിമാരുടെ സ്ഥലംമാറ്റ പട്ടികയില്‍ ഹണി എം വര്‍ഗീസിന്റെ പേരുണ്ടായിരുന്നു. എന്നാല്‍ അന്ന് നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ നടന്നുകൊണ്ടിരിക്കുന്നതിനാല്‍ അന്ന് സ്ഥലംമാറ്റം മരവിപ്പിക്കുകയായിരുന്നു. കേസിന്റെ വിധി പ്രസ്താവം പൂര്‍ത്തിയായ പശ്ചാത്തലത്തിലാണ് സ്ഥലംമാറ്റം പ്രാബല്യത്തില്‍ വരുന്നത്. കേസ് വനിത ജഡ്ജി പരിഗണിക്കണമെന്ന അതിജീവിതയുടെ അഭ്യര്‍ത്ഥന മാനിച്ചായിരുന്നു ഹണി എം വര്‍ഗീസിന് മുന്‍പാകെ നടി ആക്രമിക്കപ്പെട്ട കേസ് എത്തിയത്.ഹണി എം വര്‍ഗീസിന് പകരം ആലപ്പുഴ പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയായിരുന്ന കെ കെ ബാലകൃഷ്ണനെ എറണാകുളത്ത് ഇതേ പദവിയില്‍ നിയമിച്ചു. തൊടുപുഴ പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയായിരുന്ന പി എസ് ശശികുമാറിനെ തൃശൂര്‍ പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയായും നിയമിച്ചിട്ടുണ്ട്.

2019ലാണ് അന്ന് സിബിഐ സ്‌പെഷ്യല്‍ കോടതി ജഡ്ജിയായിരുന്ന ഹണി എം വര്‍ഗീസിനെ നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രത്യേക കോടതി ജഡ്ജിയായി ഹൈക്കോടതി നിയമിച്ചത്. വനിത ജഡ്ജി വേണമെന്ന് അതിജീവിത ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു ഇത്. വര്‍ഷങ്ങള്‍ നീണ്ട വിചാരണയ്ക്ക് ശേഷം 2025 ഡിസംബര്‍ എട്ടിന് കേസില്‍ വിധി പ്രഖ്യാപിച്ചു. കുറ്റകൃത്യത്തില്‍ നേരിട്ട് ഇടപെട്ട ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികളെ 20 വര്‍ഷം കഠിനതടവിന് ശിക്ഷിച്ചപ്പോള്‍ എട്ടാം പ്രതി ദിലീപ് ഉള്‍പ്പെടെ നാല് പേരെ വെറുതെ വിടുകയും ചെയ്തു.

മൂന്നു വര്‍ഷത്തില്‍ ഒരിക്കലാണ് സാധാരണ ജഡ്ജിമാര്‍ക്ക് സ്ഥലം മാറ്റം ഉണ്ടാകാറുള്ളത്. എന്നാല്‍ നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ നീണ്ടുപോയതിനാല്‍ ഹണി എം വര്‍ഗീസിനെ സ്ഥലം മാറ്റിയിരുന്നില്ല. നടി ആക്രമിക്കപ്പെട്ട കേസിലെ വിധി വന്നാല്‍ സ്ഥാലം മാറ്റമുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button