കടുത്തുരുത്തി : പൊലീസ് ജീപ്പ് കണ്ടു ഭയന്നോടിയ യുവാവിനെ തോട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. തോട്ടിൽ വീണ മറ്റൊരു യുവാവിനെ പൊലീസ് രക്ഷപ്പെടുത്തി വീട്ടിലെത്തിച്ചു. എഴുമാന്തുരുത്ത് കുന്നുമ്മേക്കാവിൽ പ്രദീഷ്.കെ.ദയാനന്ദ് (39) ആണ് മരിച്ചത്. സുഹൃത്ത് അകത്താംതറ ശരത്തിനെ (കണ്ണൻ–38)യാണ് രക്ഷപ്പെടുത്തിയത്. രാത്രി 11നു കല്ലറ അകത്താന്തറയിലാണ് സംഭവം.
പാലത്തിൽ ഇരിക്കുകയായിരുന്ന പ്രദീഷും ശരത്തും 5 സുഹൃത്തുക്കളും കടുത്തുരുത്തി പൊലീസിന്റെ ജീപ്പ് കണ്ട് ഓടി. പരിസരവാസികളിൽ ചിലർ വിളിച്ചു പറഞ്ഞതിനെ തുടർന്നാണ് പൊലീസെത്തിയത്. ഓടേണ്ടെന്ന് പൊലീസ് വിളിച്ചു പറഞ്ഞതോടെ ശരത് ഉൾപ്പെടെ മൂന്നുപേർ നിന്നു. ഇതിനിടയിലാണ് ശരത് കാൽ തെന്നി തോട്ടിൽ വീണതും പൊലീസ് രക്ഷിച്ചതും. പാലത്തിൽ ഇരുന്നവരോട് രാവിലെ സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ട ശേഷം പൊലീസ് സംഘം മടങ്ങി. തുടർന്ന് സുഹൃത്തുക്കൾ നടത്തിയ അന്വേഷണത്തിൽ പന്ത്രണ്ടരയോടെ അകത്താന്തറ ഭാഗത്ത് കാളത്തോട്ടിൽ വീണു കിടക്കുന്ന നിലയിൽ പ്രദീഷിനെ കണ്ടെത്തി. മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഓട്ടത്തിനിടയിൽ തെന്നി തോട്ടിലേക്ക് വീണാകാം പ്രദീഷിന്റെ മരണമെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. കേറ്ററിങ് ജീവനക്കാരനാണ്. ഭാര്യ: ഷൈമ. മക്കൾ: ദേവനന്ദ, ബിയാൻ.