Uncategorized

എഐ ഉച്ചകോടിയില്‍ ചൈനീസ് റോബോട്ടിനെ കൊണ്ടുവന്ന ഗാല്‍ഗോതിയാസ് സര്‍വകലാശാലയെ പുറത്താക്കി

ന്യൂഡല്‍ഹി: എഐ ഉച്ചകോടിയില്‍ നിന്നും നോയിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ സര്‍വകലാശാലയായ ഗാല്‍ഗോതിയാസ് സര്‍വകലാശാലയെ പുറത്താക്കി. എഐ ഉച്ചകോടിയില്‍ ചൈനീസ് റോബോട്ടിനെ കൊണ്ടുവന്ന് ഇന്ത്യന്‍ നിര്‍മ്മിതമെന്ന് അവകാശപ്പെട്ട സംഭവം വിവാദമായതിന് പിന്നാലെയാണ് നടപടി. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് സര്‍വകലാശാല പ്രസ്താവനയിറക്കിയിട്ടുണ്ട്. റോബോട്ട് എവിടെ നിന്നാണ് എന്നത് കൃത്യമായി മനസിലാക്കാന്‍ സ്ഥാപനത്തിലെ ജീവനക്കാരിക്ക് കഴിഞ്ഞില്ലെന്നും തെറ്റായ വിവരങ്ങള്‍ മാധ്യമങ്ങള്‍ മുന്നില്‍ പങ്കുവെച്ചതാണെന്നും സര്‍വകലാശാല പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഉച്ചകോടിയുടെ സംഘാടകര്‍ ആവശ്യപ്പെട്ടതിനാല്‍ സ്ഥലത്തുനിന്നും മാറിയതായും സര്‍വകലാശാല വ്യക്തമാക്കി.

സംഭവത്തിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. എഐ ഉച്ചകോടി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ഇന്ത്യയുണ്ടാക്കിയ സ്വാധീനം വെളിവാക്കുന്നതിന് പകരം ചൈനീസ് ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുകയാണ് ചെയ്തതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. വെറുമൊരു പിആര്‍ കാഴ്ച്ചയായി എഐ ഉച്ചകോടി മാറിയെന്നും രാഹുല്‍ വിമര്‍ശിച്ചു. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നോയിഡ ആസ്ഥാനമായ സ്വകാര്യ സര്‍വകലാശാല ഗാല്‍ഗോട്ടിയാസ് സര്‍വകലാശാലയിലെ അധ്യാപിക യുണിട്രീയുടെ റോബോട്ടിക് നായയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന വീഡിയോയാണ് പുറത്തുവന്നത്

സർവകലാശാല സ്വന്തമായി വികസിപ്പിച്ചതാണ് എന്ന അവകാശവാദവുമായാണ് റോബോട്ടിനെ പരിചയപ്പെടുത്തുന്നത്. സര്‍വ്വകലാശാലയുടെ 350 കോടി രൂപയുടെ എഐ പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ചതാണ് റോബോട്ടെന്നും വീഡിയോയില്‍ ഇവര്‍ അവകാശപ്പെടുന്നുണ്ട്. ദക്ഷിണ കൊറിയന്‍ കമ്പനിയായ ഹെല്‍സെല്‍ ഗ്രൂപ്പിന്റെ സ്‌ട്രൈക്കര്‍ വി3 എ ആര്‍എഫ് എന്ന ഡ്രോണും ഗാല്‍ഗോട്ടിയാസ് സര്‍വകലാശാല പ്രദര്‍ശിപ്പിക്കുകയും ഇത് സര്‍വകലാശാലയില്‍ നിര്‍മ്മിച്ചതാണെന്ന് അവകാശപ്പെടുകയും ചെയ്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button