മണിശങ്കർ അയ്യർ കോൺഗ്രസ് കൂറില്ലാത്തയാൾ; പിന്നിൽ നിന്ന് കുത്തുന്ന കട്ടപ്പ; രൂക്ഷ വിമര്‍ശനവുമായി ഒ ജെ ജനീഷ്

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തുകയും എൽഡിഎഫ് സർക്കാരിൻ്റെ വികസന പ്രവര്‍ത്തനങ്ങളെ പ്രശംസിക്കുകയും ചെയ്ത കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ ജെ ജനീഷ്. മണിശങ്കര്‍ അയ്യര്‍ കോണ്‍ഗ്രസ് കൂറില്ലാത്തയാളാണെന്നും പിന്നില്‍ നിന്ന് കുത്തുന്ന കട്ടപ്പയാണെന്നുമായിരുന്നു ഒ ജെ ജനീഷിന്റെ പ്രതികരണം.
മണിശങ്കര്‍ അയ്യര്‍ കോണ്‍ഗ്രസിന്റെ ഭാഗമല്ലെന്നും ഒ ജെ ജനീഷ് പറഞ്ഞു. കേന്ദ്രത്തില്‍ ബിജെപിയെയും സംസ്ഥാനത്ത് ഇടതുപക്ഷത്തെയും പിന്തുണക്കുന്ന ഡബിള്‍ ഏജന്റാണ് മണിശങ്കര്‍ അയ്യര്‍. അദ്ദേഹത്തിന്റെ പ്രതികരണം കേരള വിരുദ്ധ പ്രസ്താവനയാണെന്നും ഒ ജെ ജനീഷ് പറഞ്ഞു.
പെരിയ കേസിലെ പ്രതികള്‍ക്ക് പരോള്‍ നല്കിയ നടപടിക്കെതിരെയും ഒ ജെ ജനീഷ് വിമര്‍ശനം ഉന്നയിച്ചു. പെരിയ കേസ് പ്രതികള്‍ക്ക് പരോള്‍ വാരിക്കോരി നല്‍കുകയാണെന്ന് ഒ ജെ ജനീഷ് പറഞ്ഞു. രക്തസാക്ഷി ദിനത്തിലും രണ്ട് പ്രതികള്‍ പരോളിലാണ്. എല്ലാ ചട്ടങ്ങളും ലംഘിച്ചാണ് പരോള്‍ നല്‍കിയിരിക്കുന്നത്. സിപിഐഎം രക്തസാക്ഷി ഫണ്ട് ഉപയോഗിക്കുന്നത് പരോളിലിറങ്ങിയ പ്രതികള്‍ക്ക് പോക്കറ്റ് മണി നല്‍കാനാണെന്നും ജനീഷ് വിമര്‍ശിച്ചു.
ഇക്കഴിഞ്ഞ ഫെബ്രുവരി പതിനഞ്ചിനായിരുന്നു മുഖ്യമന്ത്രിയെയും സംസ്ഥാനത്തിന്റെ വികസന മുന്നേറ്റത്തെയും മണിശങ്കര്‍ അയ്യര്‍ പ്രശംസിച്ചത്. ഗാന്ധിജി സ്വപ്നം കണ്ട ഇന്ത്യയെ കേരളം യാഥാര്‍ത്ഥ്യമാക്കിയതായി മണിശങ്കര്‍ അയ്യര്‍ പറഞ്ഞിരുന്നു. രാജ്യത്തിന് മാതൃകയാകുന്ന ഇടത് സര്‍ക്കാര്‍ തുടരുമെന്ന് തനിക്ക് ഉറപ്പുണ്ട്. രാജീവ് ഗാന്ധിയുടെ വികേന്ദ്രീകരണ ആശയങ്ങള്‍ ഏറ്റവും മികച്ച രീതിയില്‍ നടപ്പിലാക്കിയത് കേരളമാണ്. കോണ്‍ഗ്രസ് കൈവിട്ട ദൗത്യം ഇടത് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും മണിശങ്കര്‍ അയ്യര്‍ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ മണിശങ്കര്‍ അയ്യര്‍ക്കെതിരെ കോണ്‍ഗ്രസില്‍ നിന്ന് വലിയ വിമര്‍ശനമായിരുന്നു ഉയര്‍ന്നത്. ‘ഈ അലവലാതിയെ ഇനിയും ചുമക്കണോ’ എന്നായിരുന്നു കെപിസിസി വക്താവ് ജിന്റോ ജോണ്‍ പറഞ്ഞത്. മുഖ്യമന്ത്രിയെ മണിശങ്കര്‍ അയ്യര്‍ ഗാന്ധിയെന്ന് പറയാത്തത് ഭാഗ്യമെന്നും അദ്ദേഹം പാര്‍ട്ടിയില്‍ ഇല്ലെന്നുമായിരുന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. അധികാരത്തിലുള്ളപ്പോള്‍ മണിശങ്കര്‍ അയ്യര്‍ കിട്ടാവുന്നതെല്ലാം നേടിയെടുത്തെന്നും കോണ്‍ഗ്രസുമായി അദ്ദേഹത്തിന് ബന്ധമില്ലെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന് പറഞ്ഞത്. ഇതിന് പിന്നാലെ എല്‍ഡിഎഫ് സര്‍ക്കാരിനെ പ്രശംസിച്ച് മണിശങ്കര്‍ അയ്യര്‍ വീണ്ടും രംഗത്തെത്തി. പത്ത് വര്‍ഷമായി എല്‍ഡിഎഫ് സര്‍ക്കാര്‍ മാറിയിട്ടില്ലെന്നും അത് തടയാനുള്ള കഴിവ് പ്രതിപക്ഷത്തിന് ഇല്ലെന്നുമായിരുന്നു മണിശങ്കര്‍ അയ്യര്‍ പറഞ്ഞത്.




