വീട്ടിലേക്ക് ഇടുങ്ങിയ വഴി; ഓമനയുടെ പൊതുദർശനത്തിന് ഇടമൊരുക്കി കുമാരനല്ലൂർ മക്കാ മസ്ജിദ്

കോട്ടയം: മത മൈത്രിയുടെ സന്ദേശം ഉയർത്തിപ്പിടിച്ച് വീണ്ടും കുമാരനല്ലൂർ മക്കാ മസ്ജിദ്. എല്ലാ വർഷവും കുമാരനല്ലൂർ കാർത്തികയ്ക്ക് ഭക്തർക്ക് മോരും വെള്ളം വിതരണം ചെയ്യുന്ന പള്ളി ഭാരവാഹികൾ, ഇത്തവണ ഓമനയെന്ന വീട്ടമ്മയുടെ മൃതദേഹം പൊതുദർശനത്തിന് വെക്കാൻ മദ്രസയുടെ ഹാളാണ് ഒരുക്കിക്കൊടുത്തത്.
കുമാരനല്ലൂരിൽ വാടകയ്ക്ക് താമസിക്കുന്ന പെരുമ്പാവൽ ഓമന രാജേന്ദ്ര(62)ന്റെ മൃതദേഹമാണ് ഇന്നലെ രാത്രിയിലും ഇന്ന് പകൽ മുഴുവനും പള്ളിയിലെ മദ്രസ ഹാളിൽ പൊതുദർശനത്തിന് വെച്ചത്. മക്കാ മസ്ജിദിന്റെ മദ്രസയുടെ എതിർവശത്തെ ഇടവഴിയിലാണ് ഓമനയും ഭർത്താവ് രാജേന്ദ്രനും മകൾ ജ്യോതികയും താമസിക്കുന്നത്. അസുഖ ബാധിതയായി ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം ഓമന മരിച്ചു. ഇവരുടെ വീട്ടിലേക്കുള്ള വഴി ഇടുങ്ങിയതായതിനാൽ സ്ട്രച്ചർ കയറ്റാനോ മൊബൈൽ മോർച്ചറി കൊണ്ടുപോകാനോ കഴിയാത്ത അവസ്ഥയായിരുന്നു. ഇതോടെയാണ് പള്ളിയുടെ ഉടമസ്ഥതയിലുള്ള മദ്രസയുടെ ഹാളിൽ ഓമനയുടെ മൃതദേഹം പൊതുദർശനത്തിന് വെക്കാമെന്ന ആശയത്തിലെത്തിയത്. ഇക്കാര്യം മക്കാ മസ്ജിദ് പ്രസിഡന്റ് മുഹമ്മദ് ഫൈസലൽ പള്ളി കമ്മിറ്റിയുടെ വാട്സപ്പ് ഗ്രൂപ്പിൽ അറിയിച്ചു. പള്ളി കമ്മിറ്റി അംഗങ്ങൾ പൂർണ്ണ മനസ്സോടെ സമ്മതം അറിയിച്ചു.
തുടർന്ന് ഇന്നലെ വൈകിട്ടോടെ ഓമനയുടെ മൃതദേഹം പള്ളിയുടെ മദ്രസാഹാളിൽ പൊതുദർശനത്തിന് എത്തിച്ചു. ഓമനയുടെ ബന്ധുക്കൾ ഹാളിലെത്തിയാണ് അന്ത്യാഞ്ജലി അർപ്പിച്ചത്




