ആലപ്പുഴയിൽ 14കാരിക്ക് ക്രൂര പീഡനം; മൂന്ന് വർഷമായി പീഡനത്തിനിരയായി; അച്ഛനും ബന്ധുക്കളും അറസ്റ്റിൽ

ആലപ്പുഴ: ആലപ്പുഴ പുന്നപ്രയിൽ 14കാരി ക്രൂരപീഡനത്തിനിരയായി. സംഭവത്തിൽ പിതാവും ബന്ധുക്കളും അറസ്റ്റിലായി. പിതാവും പിതാവിന്റെ അടുത്ത ബന്ധുക്കളായ രണ്ട് പേരുമാണ് പിടിയിലായത്. മൂന്ന് വർഷത്തിനിടെ വിവിധ ഇടങ്ങളിൽ വെച്ച് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. കേസിൽ ആകെ നാല് പ്രതികളാണ് ഉള്ളത്. ഇതിൽ ഒരാൾക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.
അച്ഛൻ, അച്ഛന്റെ സഹോദരിയുടെ ഭർത്താവ്, അച്ഛന്റെ സഹോദരിയുടെ മകൻ മറ്റൊരു ബന്ധു എന്നിവരാണ് കുട്ടിയെ പീഡിപ്പിച്ചത്. ഇതിൽ പിതാവ് ഉൾപ്പെടെ മൂന്നുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സുഹൃത്തായ ബന്ധുവിനോട് കുട്ടി നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെയാണ് വിവരം പുറത്തറിയുന്നത്.
പെൺകുട്ടിയുടെ പിതാവും മാതാവും വിവാഹ ബന്ധം വേർപെടുത്തിയ ശേഷം പിതാവിനൊപ്പമായിരുന്നു കുട്ടി താമസിച്ചത്. എന്നാൽ ബന്ധു വീട്ടുകാരുടെ ഉപദ്രവത്തെ തുടർന്ന് സിഡബ്ല്യുസിയുടെ സംരക്ഷണത്തിലായിരുന്ന കുട്ടി. പിന്നീട് പെൺകുട്ടിയെ ഏറ്റെടുത്ത ശേഷമാണ് പിതാവും ബന്ധുക്കളും ക്രൂര ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. നിലവിൽ കേസിൽ പിടിയിലാകാനുള്ള നാലാമത്തെ ആൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.




