കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ഫാക്ട് കഴിഞ്ഞ സാമ്പത്തികവർഷം 353 കോടി രൂപയുടെ പ്രവർത്തനലാഭം നേടി സർവകാല റെക്കോഡിട്ടു. 598 കോടി രൂപയാണ് പലിശയും നികുതിയും ചേർത്തിട്ടുള്ള ലാഭം. 2020–-21 സാമ്പത്തികവർഷം ഇത് 350 കോടിയും 595 കോടിയുമായിരുന്നു. ഈ വർഷം 4425 കോടി രൂപ വിറ്റുവരവ് നേടി. ഇത് ചരിത്രത്തിലെ ഉയർന്ന വിറ്റുവരവാണ്. മുൻ വർഷം ഇത് 3259 കോടി രൂപയായിരുന്നു. ഇത്തവണ മികച്ച ഉൽപ്പാദനവും ഫാക്ട് കൈവരിച്ചു. ഫാക്ടംഫോസ് 8.27 ലക്ഷം ടണ്ണും അമോണിയം സൾഫേറ്റ് 1.37 ലക്ഷം ടണ്ണും കാപ്രോലാക്റ്റം 20,835 ടണ്ണുമാണ് ഉൽപ്പാദിപ്പിച്ചത്.
തുടർച്ചയായ രണ്ടു വർഷങ്ങളിൽ വളങ്ങളുടെ വിൽപ്പന 10 ലക്ഷം ടൺ കടന്നു. ഫാക്ടംഫോസ് – 8.32 ലക്ഷം ടൺ, അമോണിയം സൾഫേറ്റ് -1.45 ലക്ഷം ടൺ, മ്യുറിയേറ്റ് ഓഫ് പൊട്ടാഷ് (എംഒപി) – 0.29 ലക്ഷം ടൺ, കാപ്രോലാക്റ്റം 20,701 ടൺ എന്നിങ്ങനെയാണ് വിൽപ്പന. 11,937 ടൺ അമോണിയയുടെ വിൽപ്പന എക്കാലത്തെയും ഉയർന്നതാണ്. നടപ്പുസാമ്പത്തികവർഷവും കമ്പനിയുടെ ഉൽപ്പാദനവും വിപണനവും മികച്ചനിലയിൽ തുടരാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് മാനേജ്മെന്റ്.