24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • രണ്ടുവർഷത്തിനിടെ ലോകത്ത്‌ ഒന്നരക്കോടിപ്പേർ കോവിഡിനിരയായതായി ലോകാരോഗ്യ സംഘടന
Kerala

രണ്ടുവർഷത്തിനിടെ ലോകത്ത്‌ ഒന്നരക്കോടിപ്പേർ കോവിഡിനിരയായതായി ലോകാരോഗ്യ സംഘടന

രണ്ടുവർഷത്തിനിടെ ലോകത്ത്‌ ഒന്നരക്കോടിപ്പേർ കോവിഡിനിരയായതായി ലോകാരോഗ്യ സംഘടന. എന്നാല്‍ ലോകത്താകെ ഔദ്യോ​ഗികമായി സ്ഥിരീകരിച്ചത് 60 ലക്ഷം മരണം മാത്രം. ഇന്ത്യയിലെ യഥാര്‍ഥ കോവിഡ് മരണസംഖ്യ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട കണക്കിന്റെ പത്തിരട്ടിയാണെന്നും ഡബ്ല്യുഎച്ച്‌ഒ ഡയറക്ടർ ജനറൽ ടെഡ്രോസ്‌ അഥാനം ഗബ്രിയേസിസ്‌ വ്യാഴാഴ്ച പുറത്തുവിട്ട റിപ്പോർട്ട് വെളിപ്പെടുത്തി. 2020 ജനുവരി ഒന്നുമുതൽ 2021 ഡിസംബർ 31 വരെ ഇന്ത്യയിൽ 47 ലക്ഷം പേർ കോവി‍‍ഡിനിരയായെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാലയളവില്‍ കോവിഡ് മരണം 4.81 ലക്ഷം മാത്രമെന്നാണ് കേന്ദ്രനിലപാട്. ബാക്കി 42 ലക്ഷം മരണം മറച്ചുവെച്ചു. 2022 മെയ് അഞ്ചുവരെ ഇന്ത്യയില്‍ സ്ഥിരീകരിച്ചത് 5.24 ലക്ഷം കോവിഡ് മരണം മാത്രം. ലോകാരോഗ്യസംഘനയുടെ റിപ്പോർട്ട്‌ കണക്കിലെടുത്താൽ ഏറ്റവും കൂടുതൽ കോവിഡ്‌ മരണവും ഇന്ത്യയിലാണ്‌.

ലോകത്തെ കോവിഡ്‌ മരണങ്ങളിൽ ഏതാണ്ട്‌ മൂന്നിലൊന്നും റിപ്പോർട്ട്‌ ചെയ്യാതെ മറച്ചുവച്ച മരണങ്ങളിൽ പകുതിയോളവും ഇന്ത്യയിലാണെന്ന ഗുരുതരവെളിപ്പെടുത്തലാണ് റിപ്പോര്‍ട്ടിലുള്ളത്. ഔദ്യോഗിക കണക്കിനേക്കാൾ ഏറ്റവും കൂടുതൽ മരണമുള്ള രണ്ടാമത്തെ രാജ്യമാണ്‌ ഇന്ത്യ–- 9.9 മടങ്ങ്. ഒന്നാം സ്ഥാനത്ത് ഈജിപ്ത്‌–- 11.6 മടങ്ങ്, മൂന്നാമത്‌ പാകിസ്ഥാൻ–- എട്ടുമടങ്ങ്.

കോവിഡ് വ്യാപനത്തിന് മുമ്പുള്ള വര്‍ഷങ്ങളേക്കാള്‍ എത്രയധികം മരണം സംഭവിച്ചു എന്ന കണക്ക് അടിസ്ഥാനമാക്കിയാണ് ലോകാരോ​ഗ്യസംഘടനയുടെ വിലയിരുത്തല്‍. 2020 നവംബറിൽ ഡബ്ല്യുഎച്ച്‌ഒയുടെ വേൾഡ്‌ മോർട്ടാലിറ്റി ഡാറ്റാസെറ്റ്‌ കോവിഡ്‌ മരണങ്ങൾ സംബന്ധിച്ച വിവരം ചോദിച്ചപ്പോൾ ‘ലഭ്യമില്ല’ എന്ന മറുപടിയാണ്‌ കേന്ദ്ര സർക്കാർ വൃത്തങ്ങൾ നൽകിയത്‌. കോവിഡ്‌ സ്ഥിരീകരണം, രോ​ഗികളുടെ പ്രായം, ലിംഗം, വാക്‌സിൻ എടുത്തവരാണോ തുടങ്ങിയ വിവരം പങ്കുവയ്ക്കുന്നതിൽ ഇന്ത്യ വിമുഖത കാണിക്കുന്നെന്നും റിപ്പോർട്ടിലുണ്ട്
ഉത്തർപ്രദേശ്‌, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ മരണം രജിസ്റ്റർ ചെയ്യാൻ കൃത്യമായ സംവിധാനമില്ലാത്തതും ഗ്രാമീണമേഖലയിലെ പകുതിയിലധികം മരണം വീടുകളിൽത്തന്നെയായതും ഔദ്യോഗിക കണക്കിൽ കുറവുണ്ടാക്കിയിരിക്കാമെന്നും ചൂണ്ടിക്കാട്ടുന്നു.
സ്ത്രീകളുടെ മരണം രജിസ്റ്റർ ചെയ്യുന്നതിൽ വലിയ കുറവുണ്ടായി. രാജ്യത്ത്‌ 70 ലക്ഷം പേരുടെ മരണകാരണം ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയിട്ടില്ല. 30 ലക്ഷം മരണം രജിസ്റ്റർ ചെയ്തിട്ടുമില്ല.

ലോകാരോ​ഗ്യസംഘടനയുടെ കോവിഡ് കണക്കുകൾ അംഗീകരിക്കുന്നില്ലെന്നും റിപ്പോർട്ട്‌ തയ്യാറാക്കാൻ സ്വീകരിച്ച രീതിശാസ്ത്രവും പരിശോധിച്ച സാമ്പിളിന്റെ എണ്ണവും അംഗീകരിക്കാനാകില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രതികരിച്ചു.

Related posts

മുൻഗണനാ കാർഡുകൾക്ക് അപേക്ഷ സ്വീകരിക്കാനൊരുങ്ങി സർക്കാർ

Aswathi Kottiyoor

ആഗോള സ്റ്റാര്‍ട്ടപ് ഇക്കോസിസ്‌റ്റം റിപ്പോർട്ട്‌ : കേരളം ഏഷ്യയില്‍ ഒന്നാമത് ; ലോക റാങ്കിങ്ങിൽ നാലാംസ്ഥാനം

Aswathi Kottiyoor

ജനങ്ങളുടെ പിന്തുണയുള്ള കാലത്തോളം മേയറായി തുടരും:ആര്യ രാജേന്ദ്രന്‍

Aswathi Kottiyoor
WordPress Image Lightbox