വയനാട്ടിൽ ജീവനൊടുക്കിയ വിജയൻ്റെ കുടുംബത്തെ അനുനയിപ്പിച്ച് കെപിസിസി സംഘം; ‘ബാധ്യത ഏറ്റെടുക്കുമെന്ന് ഉറപ്പ്’
കൽപ്പറ്റ: വയനാട്ടിൽ ആത്മഹത്യ ചെയ്ത കെപിസിസി ട്രഷറർ എൻ എം വിജയന്റെ കുടുംബത്തെ അനുനയിപ്പിച്ച് കെപിസിസി. തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം കുടുംബാംഗങ്ങളെ കണ്ടു. കുടുംബത്തിന്റെ എല്ലാ പ്രശ്നവും പരിഹരിക്കുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. പ്രയാസങ്ങളെല്ലാം മാറിയെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം കുടുംബാംഗങ്ങളും പ്രതികരിച്ചു.
കുടുംബത്തെ ആശ്വസിപ്പിക്കുകയാണ് തങ്ങളുടെ പ്രധാന പരിഗണനയെന്നും കുടുംബത്തിന് വേണ്ടതെല്ലാം ചെയ്യുമെന്നും തിരുവഞ്ചൂർ പറഞ്ഞു. എല്ലാ കാര്യങ്ങളും സംസാരിച്ചെന്ന് വിജയൻ്റെ മരുമകൾ പറഞ്ഞു. അച്ഛൻ വിശ്വസിച്ച പാർട്ടിക്കൊപ്പമാണ് തങ്ങളും. ബാധ്യത ഉൾപ്പെടെ ഏറ്റെടുക്കുമെന്ന് ഉറപ്പ് നൽകി. നേതാക്കൾ വന്നു കണ്ടു ഉറപ്പു നൽകിയെന്ന് വിജയൻ്റെ മകനും വ്യക്തമാക്കി.
ഇതോടെ തങ്ങൾ നൽകിയ പരാതിയിൽ നിന്ന് വിജയൻ്റെ കുടുംബം പിന്മാറിയേക്കും. അങ്ങനെ വരുമ്പോൾ വയനാട്ടിലെ കോൺഗ്രസ് നേതാക്കളായ എൻഡി അപ്പച്ചനും ഐസി ബാലകൃഷ്ണനുമെതിരായ അന്വേഷണത്തിന് തടയിടാനും കോൺഗ്രസിന് സാധിക്കും. വിഷയം വലിയ തോതിൽ ചർച്ചയാക്കിയ സിപിഎമ്മിന് കുടുംബം പിൻവാങ്ങുന്നതോടെ ഇനി ഈ വിഷയം ഉന്നയിക്കാൻ സാധിക്കാതെ വരും.