വീഴാറായ മേൽക്കൂരയും ഭിത്തിയും പൊട്ടിപ്പൊളിഞ്ഞ റോഡും, ഭാർഗവീനിലയം പോലെ തൃശൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ്
തൃശൂര്‍: കടലാസ് കെട്ടും മാറാലയും മാലിന്യവും നിറഞ്ഞ ഓഫീസ് കെട്ടിടം. ഫയല്‍ നിറഞ്ഞ മേശകളും ചോര്‍ച്ച പടരുന്ന ഭിത്തികളും വീഴാറായ കോണ്‍ക്രീറ്റ് മേല്‍ക്കൂര. കുഴികള്‍ നിറഞ്ഞ റോഡ്… ഇത് ഭാര്‍ഗവീ നിലയത്തെ പറ്റിയല്ല പറയുന്നത്…. ദിവസേന നൂറുകണക്കിന് ബസുകള്‍ വരുന്ന സ്റ്റാന്‍ഡ്, നിരവധി ട്രിപ്പുകള്‍ തുടങ്ങുന്ന സ്റ്റാന്‍ഡ്, ദിവസേന ആയിരകണക്കിന് ആളുകള്‍ വന്നുപോകുന്ന തൃശൂർ നഗര മധ്യത്തിലെ ഇടം. എന്നിട്ടും പരിമിതികള്‍ക്കുള്ളില്‍ വീര്‍പ്പ് മുട്ടുകയാണ് തൃശൂര്‍ കെ.എസ്.ആര്.ടി.സി. സ്റ്റാന്‍ഡ്. നൂറിലേറെ ബസുകളും ആയിരക്കണക്കിന് യാത്രക്കാരും പ്രതിദിനമെത്തുന്ന സ്റ്റാന്‍ഡില്‍ സ്ഥലപരിമിതിയും ഇടിഞ്ഞുവീഴാറായ കെട്ടിടങ്ങളും യാത്രക്കാരുടെ സുരക്ഷയ്ക്ക് വെല്ലുവിളിയാകുകയാണ്. പഴകിയ കെട്ടിടങ്ങൾക്ക് പുറമേ സ്റ്റാന്‍ഡിനകത്തെ റോഡിലെ കുഴികൾ ബസുകൾക്കും ബസിൽ കയറാനെത്തുന്നവർക്കും വെല്ലുവിളിയാണ്. ഡിപ്പോയിലെ ബസുകള്‍ കൈകാര്യം ചെയ്യാനുള്ള സൗകര്യവും സ്റ്റേഷനില്‍ ഇല്ല. കുഴികള്‍ താത്കാലികമായി അടച്ച് യാത്രക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുകയാണ് ഇവിടെ ചെയ്യുന്നത്.
സ്റ്റാൻഡിലെ സ്ഥല പരിമിതിക്കിടെ ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് പമ്പ് സ്ഥാപിച്ചത് സ്ഥലമില്ലായ്മയുടെ പ്രതിസന്ധി കൂട്ടിയിട്ടുണ്ട്. പെട്രോള്‍ പമ്പിന് കരാര്‍ പ്രകാരം നല്‍കിയത് 50 സെന്റ് ഭൂമിയാണ്. പമ്പിനായി തെക്കെ കവാടം അടച്ചതിനാല്‍ ബസുകള്‍ക്ക് സ്റ്റാന്ഡിലെത്താന്നും തടസം നേരിടുന്നുണ്ട്. ഇപ്പോള്‍ രണ്ട് വഴികളിലുടെയാണ് ബസുകള്‍ വരുന്നതും പോകുന്നതും. ഇതില്‍ ഒരു വഴി ഇടുങ്ങിയതാണ്. തിരക്കുള്ള സമയങ്ങളില്‍ ഇത് ഗതാഗതകുരുക്കിന് കാരണമാകുന്നുണ്ട്. കെ.എസ്.ആര്.ടി.സിക്ക് ഇതര മാര്‍ഗങ്ങളിലൂടെ വരുമാനം നേടുക എന്ന ലക്ഷ്യത്തോടെയാണ് സ്റ്റാന്‍ഡില്‍ പമ്പ് ആരംഭിച്ചത്. എന്നാല്‍ അത് യാത്രക്കാരേയും സ്റ്റാന്‍ഡിന്റെ പ്രവര്‍ത്തനത്തേയും മൊത്തത്തില്‍ ബാധിച്ചു. രാത്രി സമയങ്ങളില്‍ സ്റ്റാന്‍ഡിനകത്ത് നിന്ന് തിരിയാന്‍പോലും സ്ഥലമില്ല.