സംസ്ഥാനത്ത് പ്രീ പ്രൈമറി വിദ്യാഭ്യാസവും ഇനി അന്താരാഷ്ട്ര നിലവാരത്തിൽ. ‘മാതൃകം’ പദ്ധതിയിൽ 15 ലക്ഷം രൂപവീതം ചെലവഴിച്ച് എല്ലാ ജില്ലയിലും ഒരു ക്ലാസ് മുറി അത്യാധുനികമാക്കും. തൈക്കാട് മോഡൽ എൽപി സ്‌കൂളിൽ മന്ത്രി വി ശിവൻകുട്ടി പദ്ധതി ഉദ്‌ഘാടനം ചെയ്‌തു.
സർഗാത്മക കഴിവ് കുട്ടികൾക്ക് സ്വയം തിരിച്ചറിഞ്ഞ് പരിശീലിക്കാൻ ഏഴ് കോർണർ ഒരുക്കിയതാണ് മാതൃകം ക്ലാസ് മുറി. കുട്ടികൾക്ക് അഭിനയം, സംഗീതം, ഗണിതം, ശാസ്‌ത്രം, നിർമാണം, ചിത്രകല, വായന എന്നിവയിൽ സ്വയം പഠനത്തിനും ഇത് സഹായിക്കും.
പത്ത് ലക്ഷംവീതം ചെലവിട്ട് 160 ക്ലാസ് മുറികൂടി ഉടൻ ഹൈടെക് ആക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ചെറുപ്പത്തിലേ ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുക എന്നതാണ് സർക്കാർ നയമെന്നും അദ്ദേഹം പറഞ്ഞു.