Uncategorized

സ്വത്ത്‌ തര്‍ക്കത്തിനിടെയുണ്ടായ സംഘർഷം, ഗുരുതര പരിക്കേറ്റ വയോധികൻ മരിച്ചു, മകൻ കസ്റ്റഡിയിൽ

ഇടുക്കിയിൽ സ്വത്ത്‌ തര്‍ക്കത്തിനിടെയുണ്ടായ സംഘർഷത്തിൽ ഗുരുതര പരിക്കേറ്റ വയോധികൻ മരിച്ചു. ഇടുക്കി അമയപ്ര നെടുമറ്റത്തിൽ 75കാരനായ വേലപ്പനാണ് മരിച്ചത്.സംഭവത്തിൽ മകൻ രാജേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ് ഗുരുതരാവസ്ഥയിലായ വേലപ്പനെ തൊടുപുഴ ജില്ലാ ആശുപത്രിയിൽ എത്തിച്ച ശേഷം കോട്ടയം മെഡി.കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആംബുലൻസ് ഡ്രൈവർ തയ്യാറായില്ലെന്ന് പരാതി.
ഉടുമ്പന്നൂര്‍ അമയപ്രക്ക്‌ സമീപം വേലപ്പന്റെ മറ്റൊരു മകന്‍ രാജീവിൻ്റെ വാടക വീട്ടിൽ ഉച്ചയ്ക്കാണ് സംഭവം. ബഹളം കേട്ടെത്തിയ അയൽവാസികളാണ് ഗുരുതര പരിക്കേറ്റ് രക്തം വാർന്നൊഴുകുന്ന രീതിയിൽ വേലപ്പനെ കണ്ടത്. ഇദ്ദേഹത്തെ ആശുപത്രിയിൽ കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും മകൻ രാജേഷ് കത്തിയുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നിൽകുകയായിരുന്നെന്ന് അയൽവാസികൾ പറയുന്നു. തുടർന്ന് പൊലീസ് സഹായത്തോടെ, വേലപ്പനെ ആശുപത്രിയിലേക്കെത്തിക്കുകയായിരുന്നു.

വേലപ്പന്‌ പ്രാഥമിക ശുശ്രൂഷ നല്‍കിയെങ്കിലും അതീവ ഗുരുതരാവസ്ഥയിലായതിനാല്‍ വിദഗ്‌ധ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. ഇതിനായി ആശുപത്രിയിൽ നിന്ന് ആംബുലൻസ് വിളിച്ചുവരുത്തി. എന്നാൽ വെൻ്റിലേറ്റർ സൗകര്യമില്ലാത്തതിനാൽ ഗുരുതരാവസ്ഥയിലുളള വേലപ്പനുമായി പോകാൻ ആംബുലൻസ് ഡ്രൈവർ വിസമ്മതിച്ചെന്നാണ് പരാതി. ഇതെച്ചൊല്ലിയുളള തർക്കത്തിനിടെ വേലപ്പൻ മരിച്ചെന്നും നാട്ടുകാർ പറയുന്നു.

നാട്ടുകാരുടെ പരാതിയിലുൾപ്പെടെ പൊലീസ് അന്വേഷണം തുടങ്ങി. എത്തിച്ച് അൽപസമയത്തിനകം തന്നെ വേലപ്പൻ്റെ ആരോഗ്യനില വഷളായെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.ആശുപത്രി ജീവനക്കാർക്കോ ആംബുലൻസ് ഡ്രൈവർക്കോ വീഴ്ച സംഭവിച്ചോയെന്നും അന്വേഷണം നടക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button