24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ഇത്‌ കടൽ സ്വർണം ; മൂന്നു മീനിന്‌ വില 2.25 ലക്ഷം
Kerala

ഇത്‌ കടൽ സ്വർണം ; മൂന്നു മീനിന്‌ വില 2.25 ലക്ഷം

മൂന്നു മീനിന്‌ രണ്ടേകാൽ ലക്ഷം രൂപ! കടൽ സ്വർണമെന്നറിയുന്ന പട്‌ത്തകോരയെ (ഗോൽഫിഷ്‌)ആണ്‌ കഴിഞ്ഞദിവസം നീണ്ടകര തുറമുഖത്തുനിന്ന്‌ രണ്ടേകാൽ ലക്ഷത്തിന്‌ ലേലം പോയത്‌. ഹൃദയശസ്ത്രക്രിയ ഉൾപ്പെടെയുള്ള മേജർ ശസ്ത്രക്രിയകൾക്കാവശ്യമായ നൂല്‌ നിർമാണത്തിന്‌ ഉപയോഗിക്കുന്നത്‌ പട്‌ത്തകോരയുടെ ബ്ലാഡറാണ്‌ (പളുങ്ക്‌). മത്സ്യത്തെ കടൽ വെള്ളത്തിൽ പൊങ്ങിക്കിടക്കാനും നീന്താനും സഹായിക്കുന്ന ഈ ‘എയർ ബ്ലാഡറാ’ണ്‌ മോഹവിലയ്ക്ക്‌ കാരണം. ഗുജറാത്ത്‌, മഹാരാഷ്‌ട്ര, ഒഡീഷ തീരങ്ങളിൽ മാത്രം കാണുന്ന ഇവ കേരളതീരത്ത്‌ അത്യപൂർവമാണ്‌.

ശക്തികുളങ്ങര തുറമുഖത്തുനിന്ന്‌ കഴിഞ്ഞ ദിവസം കടലിൽപോയ ശക്തികുളങ്ങര സ്വദേശി ലൂക്കായുടെ ഉടമസ്ഥതയിലുള്ള ‘മനു’ എന്ന വള്ളത്തിനാണ്‌ മീൻ ലഭിച്ചത്‌. നീണ്ടകരയിൽ മൂന്ന്‌ കിലോമീറ്ററിനുള്ളിൽനിന്ന്‌ ലഭിച്ച മൂന്നെണ്ണത്തിൽ മാർക്കറ്റിൽ വൻ ഡിമാൻഡുള്ള രണ്ട്‌ ആൺ മത്സ്യവും ഉൾപ്പെട്ടിരുന്നതായി ലൂക്ക പറഞ്ഞു. തീരക്കടലിൽ കല്ലിലാണ്‌ സാധാരണ ഇവയെ കാണാറ്‌. 20 കിലോ ഭാരമുള്ള ആൺ മത്സ്യത്തിന്റെ ശരീരത്തിൽ 300 ഗ്രാം പളുങ്കുണ്ടാകും. ഒരു കിലോ പളുങ്കിന്‌ മൂന്ന്‌ മുതൽ അഞ്ച്‌ ലക്ഷം രൂപ വരെ വിലയുണ്ട്‌. ഇറച്ചിക്ക്‌ കിലോയ്‌ക്ക്‌ 250 വരെയേ വിലയുള്ളു. 10കിലോയ്‌ക്ക്‌ മുകളിലുള്ള മീനിലാണ്‌ പളുങ്ക്‌ കാണപ്പെടുക. കൊൽക്കത്ത, മുംബൈ എന്നിവിടങ്ങളിലെ മാർക്കറ്റിലേക്കാണ്‌ ഈ മത്സ്യം പോകുന്നതെന്ന്‌ വ്യാപാരി ജോളി മറൈൻ എക്‌സ്പോർട്ട്‌ ഉടമ ടൈറ്റസ്‌ പറഞ്ഞു.

സിംഗപ്പൂരിൽ വൈൻ ശുദ്ധീകരിക്കുന്നതിന്‌ ഇതിന്റെ ബ്ലാഡറും സൗന്ദര്യവർധക വസ്‌തുക്കൾ നിർമിക്കാൻ മാംസവും ഉപയോഗിക്കുന്നുണ്ട്‌. കഴിഞ്ഞാഴ്‌ച ആലപ്പാട്ട് പഞ്ചായത്തിനു പടിഞ്ഞാറ് മത്സ്യബന്ധനത്തിനുപോയ തൊഴിലാളികൾക്കും ഒരു പട്‌ത്തകോര ലഭിച്ചിരുന്നു. ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശി ഗരീഷ് കുമാർ സ്രാങ്കായ പൊന്നുതമ്പുരാൻ വള്ളത്തിനാണ്‌ മീൻ ലഭിച്ചത്‌. നീണ്ടകര ഹാർബറിലെത്തിച്ച 20.6 കിലോ ഗ്രാം തൂക്കമുള്ള മത്സ്യത്തിന് ലേലത്തിലൂടെ ലഭിച്ചതാകട്ടെ 59,000 രൂപയും.
കഴിഞ്ഞ സെപ്തംബറിൽ മഹാരാഷ്ട്രയിലെ പാൽഘറിലെ മത്സ്യത്തൊഴിലാളിയായ ചന്ദ്രകാന്ത് താരെ പിടികൂടിയ 157 ഗോൽ മത്സ്യങ്ങൾക്ക് 1.33 കോടി രൂപ ലഭിച്ചിരുന്നു.

പോഷകങ്ങളാൽ സമ്പന്നം
അയോഡിൻ, ഒമേഗ-3, ഇരുമ്പ്, ടോറിൻ, മഗ്നീഷ്യം, ഡിഎച്ച്എ, ഇപിഎ, ഫ്ലൂറൈഡ്, സെലിനിയം തുടങ്ങിയ പോഷകങ്ങളാൽ സമ്പന്നമായതിനാലാണ്‌ ‘സീ ഗോൾഡ്’(Sea Gold)അഥവാ ‘കടൽ സ്വർണം’ എന്ന്‌ ഇവയെ വിളിക്കുന്നതെന്ന്‌ സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. പി യു സക്കറിയ പറഞ്ഞു. ജൈവശാസ്ത്രപരമായി ‘പ്രോട്ടോണിബിയ ഡയകാന്തസ്’ (Protonibea diacanthus) എന്നറിയപ്പെടുന്ന ഇവ കേരളതീരത്ത്‌ കാണപ്പെടുന്നതിനു കാരണം കാലാവസ്ഥാമാറ്റമാകാമെന്നും അദ്ദേഹം പറഞ്ഞു.

Related posts

സംസ്ഥാനത്ത് സെന്റർ ഓഫ് എക്സലൻസ് ഇൻ മൈക്രോബയോം സ്ഥാപിക്കും

Aswathi Kottiyoor

കുട്ടികളുടെ ഡിജിറ്റൽ സ്റ്റുഡന്റ് പ്രൊഫൈൽ തയ്യാറാക്കും

Aswathi Kottiyoor

ഗതാഗത നിയമലംഘനം പിടിക്കാൻ ജില്ലയിൽ 50 എഐ ക്യാമറകൾ

Aswathi Kottiyoor
WordPress Image Lightbox