Uncategorized

‘മദ്രസകൾക്ക് പണം അനുവദിച്ചിട്ടും ഉണ്ടാകുന്നത് ക്രിമിനലുകൾ’;വര്‍ഗീയപരാമര്‍ശവുമായി BJP എംഎൽഎ;പ്രതിഷേധവുമായി TMC

കൊൽക്കത്ത: മദ്രസകളിൽ നിന്നുണ്ടാകുന്നത് ക്രിമിനലുകൾ ആണെന്ന വർഗീയ പരാമർശവുമായി പശ്ചിമ ബംഗാളിലെ ബിജെപി എംഎൽഎ അഗ്നിമിത്ര പോൾ. നിയമസഭയിലെ ബജറ്റ് സമ്മേളനത്തിലെ ചർച്ചയ്ക്കിടെയായിരുന്നു അഗ്നിമിത്രയുടെ വിവാദ പരാമർശം. സംസ്ഥാന സർക്കാർ മദ്രസ വിദ്യാഭ്യാസത്തിനായി അനുവദിക്കുന്ന പണം ചൂണ്ടിക്കാട്ടിയായിരുന്നു അഗ്നിമിത്രയുടെ വർഗീയ പരാമർശം.

മമത സർക്കാരിന്റേത് മുസ്‌ലിം പ്രീണന നയങ്ങളാണ് എന്ന വിമർശനം ഉന്നയിച്ചാണ് അഗ്നിമിത്ര വർഗീയ പരാമർശം നടത്തിയത്. കമ്മ്യൂണിസ്റ്റ് സർക്കാർ ന്യൂനപക്ഷ വികസനത്തിനും മദ്രസ വിദ്യാഭ്യാസത്തിനുമായി 472 കോടി രൂപ വകയിരുത്തിയപ്പോൾ തൃണമൂൽ സർക്കാർ 4000 കോടിക്ക് മുകളിലാണ് വകയിരുത്തിയത്. ഇത്രയെല്ലാം പണം വകയിരുത്തിയിട്ടും എന്തുകൊണ്ടാണ് മുസ്‌ലിങ്ങൾക്കിടയിൽ നിന്ന് ഡോക്ടർമാരും എൻജിനീയർമാരും ഐഎഎസുകാരും ഉണ്ടാകാത്തത് എന്നും ക്രിമിനലുകൾ മാത്രമാണ് ഉണ്ടാകുന്നത് എന്നുമായിരുന്നു അഗ്നിമിത്ര ചോദിച്ചത്.അഗ്നിമിത്രയുടെ ഈ വർഗീയ പരാമർശത്തിനെതിരെ തൃണമൂൽ നേതാക്കൾ രംഗത്തെത്തി. ന്യൂനപക്ഷങ്ങൾ രാജ്യത്തിന്റെ സ്വത്താണെന്ന് നഗരകാര്യ വികസനമന്ത്രി ഫിർഹാദ് ഹക്കിം പറഞ്ഞപ്പോൾ മറ്റൊരു മന്ത്രിയായ സിദ്ദിഖുള്ളാ ചൗദരി അഗ്നിമിത്രയ്ക്ക് ഇന്ത്യയുടെ ചരിത്രം അറിയില്ലെന്നും അവരെ ഈ രാജ്യത്തുനിന്ന് പുറത്താക്കണമെന്നും പറഞ്ഞു. അഗ്നിമിത്ര പറഞ്ഞത് ഭരണഘടന വിരുദ്ധമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരാമർശം വലിയ വിവാദമായതിന് പിന്നാലെ വിശദീകരണവുമായി അഗ്നിമിത്ര രംഗത്തുവന്നിരുന്നു. താൻ പറഞ്ഞത് മുസ്‌ലിങ്ങൾക്കിടയിലെ ചില ആളുകളെ മാത്രമാണെന്നും ബിജെപി അധികാരത്തിൽ വന്നാലാണ് മുസ്‌ലിങ്ങൾക്ക് അർഹതപ്പെട്ട വികസനം ഉണ്ടാകുക എന്നും അഗ്നിമിത്ര അവകാശപ്പെട്ടു.

അഗ്നിമിത്രയ്ക്കെതിരെ നടപടിയെടുക്കണമെന്ന് ആവാശ്യപ്പെട്ട് തൃണമൂൽ നേതാക്കൾ സ്പീക്കർക്ക് കത്ത് നൽകുകയും ചെയ്തു. മന്ത്രിമാർ അടക്കമുള്ള 12 നേതാക്കളാണ് നടപടി ആവശ്യപ്പെട്ട് സ്പീക്കർ ബിമൻ ബാനർജിയ്ക്ക് കത്തയച്ചത്. വ്യാപക പ്രതിഷേധത്തിന് പിന്നാലെ അഗ്നിമിത്രയുടെ പരാമർശം സ്പീക്കർ സഭ രേഖകളിൽ നിന്ന് നീക്കം ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button