Uncategorized

ഇരിട്ടി: ഇരിട്ടി പോലീസ് സ്റ്റേഷനെ കേന്ദ്ര അഭ്യന്തര വകുപ്പ് സംസ്‌ഥാനത്തെ മികച്ച പോലീസ് സ്‌റ്റേഷനായി തിരഞ്ഞെടുത്തു.

ഇരിട്ടി: ഇരിട്ടി പോലീസ് സ്റ്റേഷനെ കേന്ദ്ര അഭ്യന്തര വകുപ്പ് സംസ്‌ഥാനത്തെ മികച്ച പോലീസ് സ്‌റ്റേഷനായി തിരഞ്ഞെടുത്തു. നവംബറിൽ കേരളത്തിലെ പോലീസ് സ്‌റ്റേഷനുകളിൽ കേന്ദ്ര അഭ്യന്തര വകുപ്പിൽ നിന്നുള്ള 3 അംഗ സംഘം നേരിട്ടെത്തി നടത്തിയ പരിശോധനകളുടെയും സർവേകളുടെയും അടിസ്‌ഥാനത്തിലാണ് കേരളത്തിലെ 564 പോലീസ് സ്‌റ്റേഷനുകളിൽ ബെസ്‌റ്റ് പോലീസ് സ്‌റ്റേഷൻ ആയി ഇരിട്ടിയെ പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്‌ഥാന പോലീസ് മേധാവിയുടെ അടുത്ത ക്രൈം കോൺഫറൻസിൽ വച്ചു ഇരിട്ടി എസ്എച്ച്ഒ പുരസ്ക്‌കാരം ഏറ്റുവാങ്ങും. സ്റ്റേഷന്റെ 2025 ലെ പ്രവർത്തനങ്ങളാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത്.

പോലീസ് സ്‌റ്റേഷനുകളുടെ അഭ്യന്തര പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് കേന്ദ്ര സംഘം പുരസ്ക്‌കാരം നിശ്ചയിക്കുന്നതെന്ന് ഇരിട്ടി ഡിവൈഎസ്‌പി പി.കെ. ധനജ്‌ഞയബാബു പറഞ്ഞു. പോലീസ് സ്‌റ്റേഷനുകളിൽ ലഭിക്കുന്ന പരാതികൾ തീർപ്പാക്കുന്ന വേഗം, അന്വേഷണങ്ങളുടെ വേഗവും പുരോഗതിയും, മൈക്ക് പ്രചാരണം ഉൾപ്പെടെയുള്ള അപേക്ഷകളിൽ തീരുമാനം എടുക്കുന്ന വേഗം, പൗരന്റെ അവകാശങ്ങൾ ഉറപ്പാക്കുന്നതടക്കമുള്ള കൃത്യത, സമൻസ് പോലുള്ള കാര്യങ്ങളിൽ ആരോപിക്കപ്പെട്ടവരെ കോടതിയിൽ എത്തിക്കുന്നതിലെ സമയപരിധി, കുറ്റകൃത്യങ്ങൾ പ്രതിരോധിക്കുന്നതിലും പ്രതികളെ കണ്ടെത്തുന്നതിലും നടത്തിയിട്ടുള്ള മികവുകൾ, തൊണ്ടി സാധനങ്ങളുടെ സൂക്ഷിപ്പ് എന്നിങ്ങനെ പോലീസിൻ്റെ സമഗ്ര മേഖലകളിലെ പ്രവർത്തനങ്ങളെയും ശാസ്ത്രീയമായി പരിശോധിച്ചും വിലയിരുത്തിയും മാർക്ക് നൽകിയാണ് മികവ് പുരസ്‌കാരം നിശ്ചയിക്കുന്നത്.
ഇരിട്ടി പോലീസ് സ്‌റ്റേഷൻ മാതൃകാപരമായ വിവിധ ഇടപെടലുകൾ നടത്തിയതിനു നേരത്തേയും ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ നാദാപുരം എസ്എച്ച്ഒ ആയിരുന്ന ഇൻസ്പെക്‌ടർ എ. കുട്ടികൃഷ്‌ണൻ അയിരുന്നു പരിശോധന കാലഘട്ടത്തിൽ ഇരിട്ടിയിൽ ചുമതലയിൽ ഉണ്ടായിരുന്ന ഇൻസ്പെക്‌ടർ. മെൽബിൻ ജോസാണ് ഇപ്പോൾ ഇരിട്ടി എസ്എച്ച്ഒ. 4 എസ്ഐമാർ (കെ. ഷറഫുദ്ദീൻ, റെജി സ്‌കറിയ, ടി.ജി.അശോകൻ, മുഹമ്മദ് നജ്‌മി) ഉൾപ്പെടെ 53 പേരാണ് ഇരിട്ടി സ്‌റ്റേഷൻ സേനയിൽ ഉള്ളത്. കൂട്ടായ പ്രവർത്തനമാണ് അവാർഡിലേക്കു നയിച്ചതെന്ന് ഇരിട്ടി പോലീസ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button