‘റോഡെല്ലാം റെഡിയായി, അവൾക്കൊപ്പം’; നിയമസഭാ തെരഞ്ഞെടുപ്പ് വരെ KSRTC ബസുകളില്‍ സര്‍ക്കാര്‍ പരസ്യം മാത്രം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് വരെ കെഎസ്ആര്‍ടിസി ബസുകളില്‍ സര്‍ക്കാര്‍ പരസ്യം മാത്രം. മൂന്ന് മാസത്തേയ്ക്ക് എല്ലാ ബസുകളും പിആര്‍ഡി വാടകയ്ക്ക് എടുത്തു. 3,000 ബസുകളാണ് പരസ്യത്തിനായി ബുക്ക് ചെയ്തത്. ഒരു ബസിന് 10, 000 രൂപ വീതം പിആര്‍ഡി വാടക നല്‍കും. ബസുകളിലെ പരസ്യത്തിന് ആകെ ചെലവ് മൂന്ന് കോടി രൂപയാണ്.
സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കെഎസ്ആര്‍ടിസി ബസുകളിലെ പരസ്യം. ‘ഒന്നായി തുടരാം നവകേരളത്തിലേക്ക്’ എന്ന ക്യാപ്ഷന്‍ എല്ലാ ബസുകളിലും ഉണ്ടാകും. ഇതോടൊപ്പം സര്‍ക്കാര്‍ കൊണ്ടുവന്ന വികസന പ്രവര്‍ത്തനങ്ങളും ക്യാപ്ഷനായി നല്‍കിയിട്ടുണ്ട്. ‘റോഡെല്ലാം റെഡിയായി, ഒപ്പം അവൾക്കൊപ്പം; സ്ത്രീ സുരക്ഷ ഉറപ്പാക്കിയ പത്ത് വര്‍ഷം, ലൈഫുണ്ട് എല്ലാവര്‍ക്കും; ലൈഫ് പദ്ധതിയിലൂടെ അഞ്ച് ലക്ഷത്തിലേറെ വീടുകള്‍, കടലെടുക്കാത്ത ഉറപ്പ്; മത്സ്യത്തൊഴിലാളി പുനരധിവാസത്തിന് 2,450 കോടിയുടെ പുനര്‍ഗേഹം പദ്ധതി, മാലിന്യ സംസ്‌കരണത്തിന് ലോകമാതൃകയായ പത്ത് വര്‍ഷങ്ങള്‍, അന്നം കിട്ടാത്തവരില്ല; മുടങ്ങാതെ റേഷന്‍, അതിദരിദ്രരില്ലാത്ത നാട്, പവറുള്ള കേരളം; പവര്‍ക്കട്ടില്ലാത്ത പത്ത് വര്‍ഷങ്ങള്‍ തുടങ്ങിയ പരസ്യങ്ങള്‍ ഇതിനോടകം പതിപ്പിച്ചുകഴിഞ്ഞു.കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെട്ടുള്ള പരസ്യവും പതിപ്പിച്ചുണ്ട്. ‘ഓടി നേടി’ എന്ന ക്യാപ്ഷനോടെയുള്ള പരസ്യമാണ് പതിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ചിത്രത്തിനൊപ്പമാണ് പരസ്യവാചകങ്ങളുള്ളത്. സൂപ്പര്‍ ഫാസ്റ്റ്, പ്രീമിയം ബസുകള്‍ ഒഴിവാക്കിയാണ് പരസ്യങ്ങള്‍ പതിപ്പിച്ചിരിക്കുന്നത്.




