ശബരിമല സ്വർണക്കൊള്ളയിൽ സോണിയ ഗാന്ധിയെ മനഃപൂർവം വലിച്ചിഴയ്ക്കുന്നു, സന്തോഷിക്കുന്നത് ബിജെപി: വി ഡി സതീശൻ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ സോണിയ ഗാന്ധിയെ സിപിഐഎം മനഃപൂർവം വലിച്ചിഴക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സോണിയ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അധിക്ഷേപിക്കുമ്പോൾ സന്തോഷിക്കുന്നത് ബിജെപിയാണെന്നും ബിജെപി നേതൃത്വത്തെ പ്രീണിപ്പിക്കാനാണ് ഗാന്ധി കുടുംബത്തെ അധിക്ഷേപിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ദേവസ്വം മന്ത്രി രാജിവെക്കണം എന്നാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ശബരിമല കേസ് ഒതുക്കിത്തീർക്കാനാണ് ശ്രമമെന്ന് പികെ കുഞ്ഞാലിക്കുട്ടിയും ആരോപിച്ചു.
ശബരിമലയിലെ സ്വർണകവർച്ച എങ്ങുമെത്താതെ അവസാനിക്കുകയാണെന്നും എല്ലാ പ്രതികളും പുറത്തിറങ്ങാൻ പോകുകയാണെന്നും സതീശൻ പറഞ്ഞു. ഒരു തൊണ്ടി മുതലും തെളിവും ശേഖരിച്ചിട്ടില്ല. രണ്ട് ലക്ഷ്യങ്ങളാണ് മുഖ്യമന്ത്രിക്കും സിപിഐഎമ്മിനുമുള്ളത്. പ്രധാനികളായ ആളുകളിലേക്ക് അന്വേഷണം എത്താതിരിക്കുക എന്നതാണ് അതിൽ ആദ്യത്തേത്. മുൻ ദേവസ്വം മന്ത്രിയെയും ഇപ്പോഴത്തെ ദേവസ്വം മന്ത്രിയെയും ഇതിൽ നിന്ന് രക്ഷപ്പെടുത്തുകയാണ് ലക്ഷ്യം. രണ്ടാമത്തേത് ജയിലിലുള്ള സിപിഐഎം നേതാക്കളെ പുറത്തുകൊണ്ടുവരികയാണ്. കേസ് അന്വേഷണം തെളിവില്ലാതെ അവസാനിപ്പിക്കാൻ വേണ്ടി എസ്ഐടിക്ക് മേൽ മുഖ്യമന്ത്രിയുടെ ഓഫീസ് കനത്ത സമ്മർദം ചെലുത്തുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എല്ലാവരെയും സംരക്ഷിക്കാൻ ഇടപെടൽ നടക്കുന്നു. സിപിഐഎം നേതാക്കൾ സ്വർണം കട്ടതിന് സോണിയ ഗാന്ധിയെ കുറിച്ച് പറയുന്നു. സ്വർണം കട്ടത് സിപിഐഎം നേതാക്കളാണെന്നും സതീശൻ ആരോപിച്ചു.
ബിജെപി പ്രതിഷേധം സംഘടിപ്പിച്ചത് പ്രിയങ്ക ഗാന്ധിയുടെ വീട്ടിലേക്കാണെന്നും സിപിഐഎമ്മും ബിജെപിയും തമ്മിലുള്ള ഏർപ്പാടാണിതെന്നും സതീശൻ പറഞ്ഞു. സോണിയ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അധിക്ഷേപിക്കുമ്പോൾ ബിജെപിയാണ് ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത്. ബിജെപി നേതൃത്വത്തെ പ്രീണിപ്പിക്കാനാണ് സിപിഐഎമ്മിന്റെ ശ്രമം. അയ്യപ്പന്റെ സ്വർണം കട്ടവരെ സംരക്ഷിക്കുന്നത് സിപിഐഎമ്മും പിണറായി ഭരണവുമാണ്. സ്വർണക്കവർച്ചയ്ക്ക് പിന്നിൽ പ്രവർത്തിച്ച ഉന്നതന്മാരിൽ എത്തുന്നത് വരെ യുഡിഎഫ് അതിശക്തമായ സമരവുമായി മുന്നോട്ടു പോകും. തെരഞ്ഞെടുപ്പ് കാലത്ത് കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്താൽ സിപിഐഎം പ്രതിക്കൂട്ടിലാകും. അതിനാൽ തെരഞ്ഞടുപ്പ് കഴിയുന്നത് വരെ മാറ്റിവച്ചു. പ്രാഥമിക കുറ്റപത്രം എസ്ഐടി കൊടുക്കാത്തത് ഗൗരവമുള്ള കാര്യമാണ്. സംശയത്തോട് കൂടിയാണ് എസ്ഐടിയെ നോക്കുന്നതെന്നും സതീശൻ കൂട്ടിച്ചേർത്തു




