Uncategorized

ഹൈദരാബാദിൽ മലയാളി വ്യവസായിയെ അജ്ഞാതർ കൊള്ളയടിച്ചു; കാലിൽ വെടിവെച്ചു, ആറ് ലക്ഷം രൂപ കവർന്നു

ഹൈദരാബാദ്: കോട്ടിയില്‍ മലയാളി വ്യവസായിയെ കൊള്ളയടിച്ചു. കാലില്‍ വെടിവെച്ച ശേഷം കവര്‍ച്ച സംഘം ആറ് ലക്ഷം രൂപ കവര്‍ന്ന് കടന്നുകളയുകയായിരുന്നു. കോഴിക്കോട് സ്വദേശി റിന്‍ഷാദിനാണ് വെടിയേറ്റത്. വസ്ത്രവ്യാപാരിയായ റിന്‍ഷാദ് ചാര്‍മിനാറിന് സമീപം വസ്ത്രങ്ങള്‍ വാങ്ങാനായി എത്തിയതായിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ അന്വേഷണത്തിനായി ഹൈദരാബാദ് പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

കവര്‍ച്ചയ്ക്ക് പിന്നില്‍ ആസൂത്രിത നീക്കമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. റിന്‍ഷാദിനെ പിന്തുടര്‍ന്ന് വരികയായിരുന്ന അക്രമികള്‍ ഉപദ്രവിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്യുകയായിരുന്നു. മാസ്‌ക് ധരിച്ചെത്തിയതിനാല്‍ പ്രതികളെ തിരിച്ചറിയാനായിട്ടില്ല. സംഭവത്തില്‍ റിന്‍ഷാദിന്റെ ബിസിനസ് ഇടപാടുകള്‍ പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം. അന്വേഷണം പുരോഗമിക്കുമ്പോള്‍ തെലങ്കാലന പൊലീസ് കേരള പൊലീസുമായി ബന്ധപ്പെടുമെന്നാണ് വിവരം.

ആക്രമണത്തില്‍ പരിക്കേറ്റ റിന്‍ഷാദ് അപകടനില തരണം ചെയ്തതായി അധികൃതര്‍ അറിയിച്ചു. റിന്‍ഷാദിന്റെ കാലിലെ ബുള്ളറ്റ് നീക്കം ചെയ്തു. അക്രമികള്‍ ഉപയോഗിച്ച ആയുധങ്ങള്‍ എവിടെ നിന്നാണെന്നും ഇവര്‍ക്ക് അന്തര്‍സംസ്ഥാന ബന്ധമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

ചാര്‍മിനാറില്‍ നിന്ന് വ്യാപാരത്തിനാവശ്യമായ വസ്ത്രങ്ങള്‍ വാങ്ങാനായിരുന്നു റിന്‍ഷാദ് പണവുമായി പുറപ്പെട്ടത്. എന്നാല്‍ പ്രതീക്ഷിച്ചത് പോലെ വസ്ത്രങ്ങള്‍ ലഭിക്കാതിരുന്നതിനാല്‍ പണം ബാങ്കില്‍ നിക്ഷേപിക്കാന്‍ തീരുമാനിച്ചു. ജനുവരി 31ന് പണം എടിഎമ്മില്‍ നിക്ഷേപിക്കാന്‍ നൗഷാദ് എത്തിയതിന് പിന്നാലെ രണ്ട് അജ്ഞാതര്‍ അവിടേക്ക് എത്തി. രണ്ടുപേര്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന് റിന്‍ഷാദ് പറഞ്ഞു. എതിര്‍ത്തപ്പോള്‍ കാലില്‍ വെടിവെച്ചു. രണ്ട് തവണ റിന്‍ഷാദിന് നേരെ അക്രമികള്‍ വെടിവെച്ചു.

പണവും ബൈക്കും കൈക്കലാക്കിയ അക്രമികള്‍ ഉടന്‍ രക്ഷപ്പെട്ടു. പിന്നാലെ ചാദര്‍ഗഡിലേക്കും അവിടെനിന്ന് കച്ചിഗുഡയിലേക്കും കടന്ന പ്രതികള്‍ വസ്ത്രം മാറി വാഹനം ഉപേക്ഷിച്ച് കടന്നുകളഞ്ഞതായി പൊലീസ് കണ്ടെത്തി. പ്രതികളെ കണ്ടെത്തുന്നതിനായി പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചുവരികയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button