60 വയസ്സുള്ള നേതാക്കൾക്ക് 20 വയസുള്ള ജനതയെ നയിക്കാൻ സാധിക്കില്ല എന്ന അഭിപ്രായമില്ല -ശശി തരൂർ

പതിനാലു കൗമാര പ്രതിഭകൾ 14 ചോദ്യങ്ങളായി, 14 ജില്ലകളായി ചുറ്റും നിരന്നു. ‘തലസ്ഥാന’ത്ത് ശരി തരൂർ ഒറ്റയ്ക്ക്. തരൂരിയൻ ശൈലിയിൽനിന്ന് കൗമാരക്കാരുടെ ഭാഷയിലേക്കിറങ്ങി, അവരുടെ ഗംഭീരമായ ചോദ്യങ്ങൾക്ക് അതിഗംഭീരമായി ഉത്തരം നൽകി ഒരു മണിക്കൂർ. കേരളവും ഇന്ത്യയും രാഷ്ട്രീയവും പൗരാവകാശവും ലൈംഗിക ന്യൂനപക്ഷങ്ങളും വായനയും എന്നു വേണ്ട ഏതുവിഷയവും `തരൂർ സഭയിൽ’ ചർച്ചയ്ക്കെടുത്തു.
കാസർകോട് മുതൽ തിരുവനന്തപുരം വരെ ഒരേപോലെ ഉപകാരപ്രദമായ വികസന പദ്ധതി എന്താണ് എന്ന ചോദ്യവുമായി ആദ്യമെഴുന്നേറ്റത് കാസർകോടുനിന്നുള്ള നിവേദ്.വ കെ. രാജീവ് ആണ്. എല്ലായിടത്തും എല്ലാം തുല്യമായി നടക്കുമെന്ന് വിചാരിക്കരുതെന്ന് തരൂർ മറുപടി നൽകി. ഓരോ ജില്ലകൾക്കും ഓരോ പ്രത്യേകതയുണ്ട്. അതിനനുസരിച്ചു വേണം വികസനം. ഓരോയിടത്തേയും വികസന ചിന്തകളും വ്യത്യസ്‌തമാണ്.
ഇന്ത്യയുടെ വികസന കാഴ്ചപ്പാടിനെക്കുറിച്ചുള്ള ചോദ്യത്തിന് സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്തുന്നതാവണം വികസനമെന്ന് അദ്ദേഹം പറഞ്ഞു. കാഴ്‌ചപ്പാടാണ് മാറേണ്ടത്. ഒരിക്കലും പ്രകൃതിയെയോ സാധാരണക്കാരായ മനുഷ്യനെയോ വേദനിപ്പിച്ച് കൊണ്ടാകരുത് വികസനം. കേരളത്തിൽ ആളുകൾ ഇത്തരം കാര്യങ്ങളിൽ ജാഗ്രതയുള്ളവരാണ്. ഈ നാട് ഇന്ത്യയുടെ മറ്റുഭാഗങ്ങളക്കാൾ ഭേദവുമാണ്.
തിരുവനന്തപുരം ലയോള കോളേജ് ചെയർമാൻ അലക്‌സ് ജോസഫ് എത്തിയത് ലൈംഗികന്യൂനപക്ഷത്തെകൂടി പ്രതിനിധീകരിച്ചാണ്. ഇന്ത്യ ഇത്തരം ചില കാര്യങ്ങളിൽ പുരോഗമനപരമാണെന്നും എന്നാൽ ചില വിഷയങ്ങളിൽ പിന്നോട്ടാണെന്നും ശശി തരൂർ പറഞ്ഞു. സ്വവർഗ ദമ്പതികൾക്ക് മറ്റു രാജ്യങ്ങളിൽ കിട്ടുന്നത് പോലെയുള്ള പല അവകാശങ്ങളും നമ്മുടെ രാജ്യത്തില്ല. 30 വർഷത്തോളം ഒരുമിച്ച് ജീവിച്ചവർക്കുപോലും പല അവകാശങ്ങളും നിഷേധിക്കുകയാണ്.
എന്നാൽ ട്രാൻസ്ജെൻ്റർ അവകാശങ്ങളുടെ കാര്യത്തിൽ നമ്മൾ മുന്നിലാണ്. ചില നിയമപരമായ അവകാശങ്ങൾ കിട്ടേണ്ടതുണ്ട് മാറ്റങ്ങൾ ഇനിയുമുണ്ടാവും. രാഷ്ട്രീവും രാഷ്ട്രീയക്കാരും വിദ്യാഭ്യാസവും വയലൻസും യുവതലമുറയുടെ രാഷ്ട്രീയ ആഭിമുഖ്യവും ചോദ്യങ്ങളായി.
യുവജനത രാഷ്ട്രീയത്തിൽ കൂടുതൽ താത്പര്യം കാണിക്കണമെന്നും രാഷ്ട്രീയം അവരുടെ ജീവിതത്തിൽ എങ്ങനെ ബാധിക്കുമെന്ന് അവർ മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. 60 വയസ്സുള്ള നേതാക്കൾക്ക് 20 വയസുള്ള ജനതയെ നയിക്കാൻ സാധിക്കില്ല എന്ന അഭിപ്രായമില്ല.
അവരുടെ അനുഭവ സമ്പത്ത് ഉറപ്പായും ഗുണം ചെയ്യും. പക്ഷെ ചെറുപ്പക്കാർക്ക് കൂടുതൽ അവസരം നൽകണം. എന്നാൽ എല്ലാവരും രാഷ്ട്രീയക്കാരാവണമെന്നല്ല. പക്ഷെ എന്ത് ജോലി ചെയ്യുകയാണെങ്കിലും രാഷ്ട്രീയം മനസ്സിലാക്കണം. നാടിനെ നന്നാക്കാനുള്ള ചിന്ത വേണം. നാടിനെ നന്നാക്കുന്ന എന്താണോ അതാണ് രാഷ്ട്രീയം.
രാഷ്ട്രീയ നേതാക്കളെ ആരാധിക്കേണ്ടതില്ലെന്നും തരൂർ പറഞ്ഞു. അവരുടെ നിലപാടുകളും ആശയങ്ങളുംനോക്കി അവർ എന്തുചെയ്യുന്നു, പ്രത്യേകിച്ച് നിങ്ങൾക്കുവേണ്ടി എന്തുചെയ്യുന്നു എന്നുനോക്കി ഇഷ്ടപ്പെടുക. ആരാധിക്കേണ്ടതില്ല.
രാഷ്ട്രീയക്കാർക്ക് വായന തീർച്ചയായും വേണം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നല്ലൊരു വായനക്കാരനാണ്. വായന ഒരാളെ നല്ലൊരു നേതാവാക്കി മാറ്റുന്നു. മറ്റൊരാളുടെ ജീവിതത്തിലേക്കും ചിന്തകളിലേയ്ക്കും അനുഭവങ്ങളിലേയ്ക്കും വായനയിലൂടെ നമ്മൾ കടന്ന് ചെല്ലുകയാണ്. ആ അനുഭവം ഗുണം ചെയ്യും.
നമ്മുടെ സ്ഥാനാർഥികൾക്ക് നിശ്ചിത വിദ്യാഭ്യാസം വേണമെന്ന് ശഠിക്കാനാവില്ല. പക്ഷേ നമുക്ക് അഭിമാനിക്കാവുന്നവരാവണം നമ്മുടെ സ്ഥാനാർഥികൾ.
പരീക്ഷ കേന്ദ്രീകൃതമായാണ് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം പ്രവർത്തിക്കുന്നത്. വിദ്യാഭ്യാസം മാറ്റി ക്രമീകരിക്കേണ്ട സമയം കഴിഞ്ഞു. കാണാപാഠം പഠിച്ച് പരീക്ഷ എഴുതുന്ന കാലം പോയി. ജീവിതം കൊല്ലപ്പരീക്ഷ നടത്തി ചോദ്യം ചോദിക്കാറില്ല. അറിവ് വേണമെങ്കിലും വൈദഗ്ധ്യം വേണ്ടുന്ന ജോലികളിൽ പ്രാവീണ്യം നേടേണ്ടത് നിർബന്ധമാണ്, ഇത് സ്കൂളുകളിൽത്തന്നെ പഠിപ്പിക്കണം.
കലയിൽ സെൻസർഷിപ്പ് കൊണ്ടുവരുന്നത് ജനാധിപത്യത്തിന് യോജിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു. പുസ്‌തകങ്ങൾ നിരോധിക്കുന്നതെന്തിനാണ്? വേണ്ടാത്തർക്ക് അത് വായിക്കാതിരുന്നാൽ പോരേ? നമ്മൾ സ്വാതന്ത്ര്യത്തിനുവേണ്ടിയാണ് സംസാരിക്കേണ്ടതെന്ന് സംശയമില്ലാതെ പ്രഖ്യാപിച്ചാണ് ശശി തരൂർ കുട്ടികളുമായുള്ള സംഭാഷണം അവസാനിപ്പിച്ചത്.
നിലീമ നായർ, കാർത്തിക് ഗോവിന്ദ്, ആലിയ, ഫാത്തിമ റാനിയ, ഗോപിക സുരേഷ്, ആൻസിൽ ഷൈൻ, അഭിശങ്കർ എസ്. ജെ., ഷാഫി ഹസൈനാർ, ജനത്ത് ബിൽത്ത്, റയൻ ബീനാർഡ് റോച്, എഡ്‌വിൻ സിനു, നികിത എസ്. കുമാർ എന്നിവരാണ് മറ്റു 12 ജില്ലകളെ പ്രതിനിധീകരിച്ച് പങ്കെടുത്തത്.




