24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • നോവായി, നൊമ്പരമായി സുവ്യ ‘തൊഴിലുറപ്പിന് പൊയ്ക്കൂടെ നാശമേ’; സുവ്യയുടെ ആത്മഹത്യയിൽ ഭർത്താവും അമ്മയും പ്രതിയായേക്കും.
Kerala

നോവായി, നൊമ്പരമായി സുവ്യ ‘തൊഴിലുറപ്പിന് പൊയ്ക്കൂടെ നാശമേ’; സുവ്യയുടെ ആത്മഹത്യയിൽ ഭർത്താവും അമ്മയും പ്രതിയായേക്കും.

എഴുകോൺ കടയ്‌ക്കോട്‌ സ്വദേശി പി എസ്‌ സുവ്യ(34) ഭർത്താവിന്റെ വീട്ടിൽ ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനെയും ഭർത്താവിന്റെ അമ്മയെയും കേന്ദ്രീകരിച്ച് അന്വേഷണം. കിഴക്കേകല്ലട ഉപ്പൂട് അജയ് ഭവനിൽ അജയകുമാർ, അജയകുമാറിന്റെ അമ്മ വിജയമ്മ എന്നിവരുടെ നിരന്തര മാനസികപീഡനമാണ്‌ സുവ്യയെ ആത്മഹത്യയിലേക്ക്‌ നയിച്ചതെന്ന്‌ കാണിച്ച്‌ ബന്ധുക്കൾ കിഴക്കേകല്ലട പൊലീസിൽ പരാതി നൽകിയിരുന്നു.

കടയ്ക്കോട് സുവ്യ ഭവനിൽ കെ സുഗതന്റെയും അമ്പിളിയുടെയും മകളാണ്‌ സുവ്യ. 2014 ജൂലൈ ഏഴിനായിരുന്നു ഇവരുടെ വിവാഹം. അജയകുമാറിന്‌ ഗൾഫിലായിരുന്നു ജോലി. സുവ്യ എംസിഎ പൂർത്തിയാക്കിയിരുന്നു. 58 പവൻ സ്വർണമാണ്‌ വിവാഹത്തിന്‌ നൽകിയത്‌. ആറു മാസത്തിനുശേഷം ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ അജയകുമാർ അമ്മയോടൊപ്പം ചേർന്ന് ‌സുവ്യയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. സുവ്യക്ക് ജോലി ഇല്ലാത്തത്‌ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു ഉപദ്രവം.ആത്മഹത്യ ചെയ്യുന്നതിനു തൊട്ടുമുമ്പ് സുവ്യ ബന്ധുവിനയച്ച ശബ്ദസന്ദേശത്തിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നുണ്ട്. പരാതിയും ശബ്ദസന്ദേശവും സൂക്ഷ്മമായി പരിശോധിച്ച പൊലീസ് ഇരുവർക്കുമെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം, ഗാർഹികപീഡനം എന്നീ വകുപ്പുകൾ ഉൾപ്പെടുത്തി കേസെടുക്കാനാണ് സാധ്യത. ബുധനാഴ്ചയോടെ കേസിനു കൂടുതൽ വ്യക്തത വരുമെന്ന്‌ കിഴക്കേകല്ലട എസ്എച്ച്ഒ എസ് സുധീഷ് കുമാർ പറഞ്ഞു.

പീഡനം വിവരിച്ച്‌ സുവ്യയുടെ ശബ്‌ദസന്ദേശം ‘വിജയമ്മയാണ്‌ എല്ലാത്തിനും കാരണം’

“ഞാൻ പോകുകയാ… എനിക്കീ ജീവിതമൊന്നും വേണ്ട. എല്ലാവരോടും പറഞ്ഞേക്കണം, എനിക്കെന്തെങ്കിലും സംഭവിച്ചാൽ ഇവിടുത്തെ വിജയമ്മയാണ്‌ എല്ലാത്തിനും കാരണം. അവരെന്നെ പീഡിപ്പിച്ച് ഇറങ്ങിപ്പോ ഇറങ്ങിപ്പോ എന്നും പറഞ്ഞ് എന്നും വഴക്കാ’–-ഭർതൃവീട്ടിൽ ആത്മഹത്യചെയ്‌ത എഴുകോൺ കടയ്‌ക്കോട്‌ സ്വദേശിനി പി എസ്‌ സുവ്യ പിതൃസഹോദരി സുജാതയ്‌ക്ക്‌ ഭർതൃമാതാവിന്റെ പീഡനത്തെക്കുറിച്ച്‌ അയച്ച വാട്‌സാപ് ശബ്ദസന്ദേശങ്ങളിലെ വാചകങ്ങളാണ്‌ ഇത്‌; സുവ്യയുടെ അവസാന വാക്കുകൾ…

ഞായർ രാവിലെ എട്ടിനാണ്‌ മൂന്ന്‌ മിനിറ്റ് ഇടവിട്ടുള്ള മൂന്ന്‌ ശബ്ദസന്ദേശങ്ങൾ സുജാതയുടെ വാട്‌സാപ്പിൽ എത്തിയത്‌. സുജാത ശബ്ദസന്ദേശങ്ങൾ കേൾക്കുന്നതിനു മുമ്പ്‌ ഒരുമുഴം കയറിൽ സുവ്യ ജീവിതം അവസാനിപ്പിച്ചിരുന്നു. ഭർതൃവീട്ടിൽ അനുഭവിച്ച കടുത്ത മാനസിക പീഡനങ്ങൾ തേങ്ങലോടെയാണ്‌ സുവ്യ പറയുന്നത്‌.

‘വിജയമ്മയും മോനും ചേർന്നാണ് എല്ലാം. രണ്ടുപേരും ചേർന്ന് എന്നോട് എന്നും വഴക്കും. വിജയമ്മ എന്നോട് ഇറങ്ങിപ്പോകാൻ പറയുമ്പോഴും അയാൾ ഒന്നും മിണ്ടുന്നില്ല. ഞാൻ എന്ത് പറഞ്ഞാലും മിണ്ടില്ല. തിരിച്ച് അവരുടെ കാര്യങ്ങളിൽ അയാൾക്ക് നാവും ഉണ്ട്. എല്ലാം ഉണ്ട്. അവര് ഇറങ്ങിപ്പോ എന്ന്‌ പറയുമ്പോ ചിരിച്ചോണ്ടിരിക്കുവാണ്. രാവിലെതൊട്ട് എന്നെ ചീത്തവിളിയാണ്. അതും ഇതും പറഞ്ഞോണ്ട്. ഫുൾടൈം. എന്ത് സംഭവിച്ചാലും എല്ലാത്തിനും കാരണം ഇവിടുത്തെ വിജയമ്മയാണ്.എന്തൊക്കെ സംഭവിച്ചാലും എന്റെ കൊച്ചിനെ ഇവിടെ നിർത്തരുത്. എനിക്കു വയ്യ, മടുത്തു. സഹിക്കാൻ പറ്റുന്നതിന്റെ പരമാവധിയായി. അവിടെ വരുമ്പോഴാണ് ഇച്ചിരി ആശ്വാസമുള്ളത്. എന്നോട് ക്ഷമിക്കണം. അച്ഛനും അമ്മയും പ്ലീസ് എന്നോട് ക്ഷമിക്കണം. എനിക്ക് പറ്റാത്തതു കൊണ്ടാണ്… മോനെ നോക്കാൻ പറയണേ. എനിക്കിവിടെ നിക്കാൻ പറ്റാത്തോണ്ട്’…വാക്കുകൾ മുഴുകിപ്പിക്കാൻ സുവ്യയ്‌ക്ക്‌ കഴിഞ്ഞില്ല.

‘സഹികെട്ട് സുവ്യമോൾ കോഴിവളര്‍ത്തൽ തുടങ്ങി’

“ജോലിയില്ലെന്നുപറഞ്ഞ് എന്നും അമ്മായിയമ്മ വഴക്കായിരുന്നു. സഹികെട്ട് സുവ്യമോള് കോഴിവളർത്തൽവരെ തുടങ്ങി. ഓൺലൈൻ തുണിവിൽപ്പനയും നടത്തിനോക്കി’. ഭർതൃവീട്ടിൽ ജീവനൊടുക്കിയ എഴുകോൺ കടയ്ക്കോട് സുവ്യഭവനിൽ പി എസ് സുവ്യയുടെ പിതൃസഹോദര ഭാര്യയും പഞ്ചായത്ത്‌അം​ഗവുമായ ഷീജ പറഞ്ഞു.

ഭർത്താവിന്റെ അമ്മ വിജയമ്മയുടെയും ഭർത്താവിന്റെയും മാനസികവും ശാരീരികവുമായ പീഡനം സഹിക്കാവുന്നതിന് അപ്പുറമായിരുന്നുവെന്ന് പലപ്പോഴും സുവ്യ പറഞ്ഞിരുന്നു. കേട്ടാൽ അറയ്‌ക്കുന്ന വാക്കുകളാണ് കുടുംബത്തിൽ അമ്മായിയമ്മ ഉപയോ​ഗിക്കുന്നത്. കറുത്തിരിക്കുന്നുവെന്ന് പറഞ്ഞും വഴക്കുപറയും. എങ്ങനെയും പിടിച്ചുനിൽക്കാം. ഭർത്താവിന്റെ അവഗണന പൂർണമായും അവളെ തളർത്തി. അമ്മായിയമ്മ അധിക്ഷേപിക്കുമ്പോഴും പാത്രങ്ങളും മറ്റും ഉപയോ​ഗിച്ച് മർദിക്കുമ്പോഴും ഭർത്താവ് ചിരിച്ചുകൊണ്ട് നിൽക്കുക മാത്രമെ ചെയ്യാറുള്ളു. –- ഷീജ പറഞ്ഞു.
ജോലി ഇല്ലെന്നു പറഞ്ഞ് വഴക്ക് പറയുന്ന വിജയമ്മ എന്നാൽ, പഠിക്കാനും വിടില്ല. തൊഴിലുറപ്പിന് പോകാനാണ് പറയുന്നത്. എല്ലാ ജോലിയും ഒതുക്കിയാണ് പഠിക്കാനിരിക്കുന്നത്.വനിതാ പൊലീസ്, വനിതാ കണ്ടക്ടർ, ലാസ്റ്റ് ​ഗ്രേഡ് എന്നീ പിഎസ്‌സി ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നു. മെയിൽ നടക്കുന്ന പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു. സുവ്യയുടെ റൂം പൊലീസ് പരിശോധിച്ചപ്പോൾ കണ്ടത് നോട്ട്ബുക്കിൽ ഓരോ ചോദ്യോത്തരവും നാലും അഞ്ചും തവണ എഴുതി പഠിച്ചതാണ്. ജോലി കിട്ടുമെന്ന ഉറപ്പ് മോൾക്കുണ്ടായിരുന്നു. മരിക്കുന്നതിനു തലേദിവസം ഉത്സവത്തിന് വീട്ടിൽ വന്നിരുന്നു. വൈകിട്ടാണ് ഇറങ്ങിയത്. ‘പാപ്പാ ഇന്നോണമായിരിക്കും, വൈകി ചെല്ലുന്നോണ്ട്’. എന്നു പറഞ്ഞാണ് ഭർതൃവീട്ടിലേക്ക് ഇറങ്ങിയത്’. ഇടറിയ വാക്കുകളിൽ ഷീജ പറഞ്ഞു.

‘തൊഴിലുറപ്പിന് പൊയ്ക്കൂടെ നാശമേ’

എങ്ങനെയും ഒരു തൊഴിൽ നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെയുള്ള പിഎസ്‌സി പരിശീലനം നടത്തുമ്പോഴും നിനക്ക് തൊഴിലുറപ്പിന് പൊയ്ക്കൂടെ നാശമേയെന്ന് എപ്പോഴും അമ്മായിയമ്മ പറയുമായിരുന്നുവെന്ന് സുവ്യയുടെ സഹോദരൻ വിഷ്‌ണു പറഞ്ഞു. പണയത്തിലിരിക്കുന്ന സ്വർണ്ണം എടുത്ത് വിൽക്കണം, സ്ത്രീധന പൈസ ഉടൻ കൊണ്ടുവരണം ഇതൊക്കെയായിരുന്നു നിരന്തരമായ വഴക്കിന്റെ കാരണങ്ങൾ. ഇവളെ എവിടെങ്കിലും കൊണ്ട് കളയടാ, നമുക്ക് നല്ല പെങ്കൊച്ചിനെ വേറെ കിട്ടുമെന്നും പലപ്പോഴും അമ്മായിയമ്മ അജയകുമാറിനോട് പറയുമായിരുന്നു. ഇതെല്ലാം കേട്ട് ചേച്ചിക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞിരുന്നില്ലെന്നു വിഷ്ണു പറഞ്ഞു.

‘വിളിച്ചുകൊണ്ട് പോയത് കൊല്ലാനാണെന്ന് അറിഞ്ഞിരുന്നില്ല’

ഭർതൃവീട്ടുകാരുടെ പീഡനത്തെ തുടർന്ന്‌ രണ്ടുവർഷം മുമ്പ്‌ സ്വന്തം വീട്ടിൽ വന്നുനിന്ന സുവ്യയെ അനുനയിപ്പിച്ച് തിരികെ വിളിച്ചുകൊണ്ടുപോയത് കൊല്ലാനാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് അമ്മ അമ്പിളി പറയുന്നു. പീഡിപ്പിച്ച് കൊല്ലാനായിരുന്നെങ്കിൽ വിടില്ലായിരുന്നു.

തന്റെ അവസ്ഥ ഹൃദ്‌രോ​ഗിയായ അച്ഛനും കിഡ്‌നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ സഹോദരനും അറിഞ്ഞാൽ കൂടുതൽ വിഷമിക്കുമെന്നോര്‍ത്ത് പലതും അവൾ ഞങ്ങളോട് പറയാറില്ലായിരുന്നു. എല്ലാ ദുഃഖവും ഉള്ളിലൊതുക്കി നാട്ടിലെ ഉത്സവംകണ്ട് തലേദിവസം മടങ്ങിപ്പോകുമ്പോഴും ഈ കടുംകൈ ചെയ്യുമെന്ന് ഒരിക്കൽപോലും ചിന്തിച്ചില്ല. എന്തുവന്നാലും എന്റെ കുഞ്ഞിനുവേണ്ടി ജീവിക്കുമെന്ന് എപ്പോഴും അവൾ പറയുമായിരുന്നു. മകളുടെ മരണത്തിന്‌ കാരണക്കാരായവർക്ക് കടുത്ത ശിക്ഷ ലഭിക്കണമെന്നും അമ്പിളി പറഞ്ഞു.

Related posts

ക്ഷേമ പെൻഷൻ: 96.37% പേർ മസ്റ്ററിങ് പൂർത്തിയാക്കി

Aswathi Kottiyoor

കോവിഡ് ധനസഹായം: ക്യാമ്പുകൾ നടത്തിയും ഭവനസന്ദർശനത്തിലൂടെയും രണ്ടു ദിവസത്തിനകം തുക നൽകാൻ നിർദ്ദേശം

Aswathi Kottiyoor

ഗ്രഫീൻ മേഖലയിലെ സഹകരണം: ഓക്‌സ്‌ഫോർഡ്, എഡിൻബറോ, സൈഗൻ സർവ്വകലാശാലകളുമായി ധാരണാപത്രം ഒപ്പുവെച്ചു

Aswathi Kottiyoor
WordPress Image Lightbox