• Home
  • Kerala
  • വെയിൽ തടയുന്ന ഫിലിം വാഹന ഗ്ലാസിൽ ഒട്ടിക്കാം; നിയമഭേദഗതി ഒരു വർഷം മുൻപ്.
Kerala

വെയിൽ തടയുന്ന ഫിലിം വാഹന ഗ്ലാസിൽ ഒട്ടിക്കാം; നിയമഭേദഗതി ഒരു വർഷം മുൻപ്.


കൊച്ചി ∙ കാറിന്റെ ഗ്ലാസിൽ നിർദിഷ്ട മാനദണ്ഡങ്ങൾ പാലിക്കുന്ന സൺ കൺട്രോൾ ഫിലിം ഒട്ടിക്കാൻ അനുമതി നൽകുന്ന നിയമഭേദഗതി വന്നിട്ടും അതു കുറ്റകൃത്യമായിക്കണ്ട് വാഹന ഉടമകളിൽനിന്നു പിഴ ഈടാക്കുന്നതു തുടരുന്നു. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സിന്റെ (ബിഐഎസ്) മാനദണ്ഡങ്ങൾ പാലിക്കുന്ന, നിശ്ചിത അളവിൽ സുതാര്യത ഉള്ള പ്ലാസ്റ്റിക് ഫിലിം വാഹനങ്ങളുടെ മുൻ–പിൻ ഗ്ലാസുകളിലും വശങ്ങളിലും ഒട്ടിക്കാമെന്നു വ്യക്തമാക്കുന്ന ഭേദഗതി കേന്ദ്ര മോട്ടർവാഹന നിയമത്തിൽ കഴിഞ്ഞ വർഷം ഏപ്രിൽ ഒന്നിനാണു പ്രാബല്യത്തിൽ വന്നത്. എന്നാൽ, മുൻപത്തെ നിയമപ്രകാരം വിവിധ സംസ്ഥാനങ്ങളിൽ സൺ ഫിലിമിനെതിരെ നടപടി തുടരുകയാണ്.കറുത്ത ഫിലിം ഒട്ടിച്ച വാഹനങ്ങൾ ക്രിമിനൽ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നെന്നു ചൂണ്ടിക്കാട്ടി അവിഷേക് ഗോയങ്ക നൽകിയ ഹർജിയിൽ 2012 ൽ ആണ് സുപ്രീംകോടതി, വാഹനങ്ങളുടെ ഗ്ലാസിൽ ഒരു തരം ഫിലിമുകളും ഒട്ടിക്കരുതെന്ന് ഉത്തരവിട്ടത്.

മുൻ–പിൻ ഗ്ലാസുകളിൽ 70%, സൈഡ് ഗ്ലാസുകളിൽ 50% എന്നിങ്ങനെയെങ്കിലും പ്രകാശം കടന്നുപോകണമെന്ന കേന്ദ്ര മോട്ടർ വാഹന നിയമ വ്യവസ്ഥ (ചട്ടം 100) പ്രകാരമായിരുന്നു ഉത്തരവ്. വാഹന നിർമാതാവ് ഈ മാനദണ്ഡപ്രകാരമാകണം ഗ്ലാസുകൾ (സേഫ്റ്റി ഗ്ലാസ്) നിർമിക്കേണ്ടത് എന്നതിനാൽ, പിന്നീട് സുതാര്യത കുറയ്ക്കുന്നത് നിയമവിരുദ്ധമാണെന്നു കോടതി നിരീക്ഷിച്ചു.എന്നാൽ, കോടതി ഉത്തരവിന് അടിസ്ഥാനമായ നിയമത്തിലും അതിന് സാങ്കേതിക അടിത്തറയേകുന്ന ബിഐഎസ് മാനദണ്ഡങ്ങളിലും (ഐഎസ് 2553) ഭേദഗതി വന്നുകഴിഞ്ഞു. മോട്ടർ വാഹന നിയമത്തിലെ ചട്ടം 100 ൽ സേഫ്റ്റി ഗ്ലാസ് എന്നു പറഞ്ഞിരുന്നത് സേഫ്റ്റി ഗ്ലാസും സേഫ്റ്റി ഗ്ലെയ്സിങ്ങും എന്നു മാറി. 2020 ജൂലൈയിലാണ് ഈ ഭേദഗതി വിജ്ഞാപനം ചെയ്തത്.

ഗ്ലെയ്സിങ് മെറ്റീരിയൽ ഒട്ടിച്ചാലും മുൻ–പിൻ ഗ്ലാസുകളിലൂടെ കുറഞ്ഞത് 70 ശതമാനവും വശങ്ങളിലെ ഗ്ലാസിലൂടെ കുറഞ്ഞത് 50 ശതമാനവും പ്രകാശം കടന്നുപോകണമെന്നുതന്നെയാണ് ഇപ്പോഴത്തെയും മാനദണ്ഡം. ഈ മാനദണ്ഡം പാലിക്കുന്ന ‘ഗ്ലെയ്സിങ് പ്ലാസ്റ്റിക്സ്’ ഒട്ടിക്കുന്നത് പുതിയ വ്യവസ്ഥ പ്രകാരം നിയമവിരുദ്ധമല്ല. ഇവയ്ക്കു കർശനമായ മാർഗനിർദേശങ്ങളാണ് ബിഐഎസിൽ പറയുന്നത്.

Related posts

കേരളത്തിൽ ഇടിയോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യത; 5 ദിവസം തുടരും

Aswathi Kottiyoor

അഴീക്കൽ മത്സ്യബന്ധന തുറമുഖ വികസനം 2 വർഷത്തിനകം

Aswathi Kottiyoor

വേ​ളാ​ങ്ക​ണ്ണി സ്‌​പെ​ഷ​ൽ ട്രെ​യി​ൻ ജൂ​ൺ മൂ​ന്നു മു​ത​ൽ

Aswathi Kottiyoor
WordPress Image Lightbox