23.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ഡ്രോൺ ആക്രമണം തടയാൻ ഒരുങ്ങുന്നു കില്ലർ ഡ്രോൺ
Kerala

ഡ്രോൺ ആക്രമണം തടയാൻ ഒരുങ്ങുന്നു കില്ലർ ഡ്രോൺ

അക്രമകാരികളായ ഡ്രോണുകളെ നേരിടാനും നിർവീര്യമാക്കാനും ശേഷിയുള്ള ‘കില്ലർ ഡ്രോൺ’ ഒരുങ്ങുന്നു. പൊലീസിന്റെ ഡ്രോൺ ഫോറൻസിക്‌ ഗവേഷണ കേന്ദ്രത്തിൽനിന്ന്‌ ഒരു മാസത്തിനകം ഡ്രോൺ പുറത്തിറങ്ങുമെന്നാണ്‌ പ്രതീക്ഷ.
വിഐപി സുരക്ഷയടക്കമുള്ള നിർണായക ലക്ഷ്യങ്ങളോടെയാണ്‌ കില്ലർ ഡ്രോൺ രൂപകൽപ്പന ചെയ്യുന്നത്‌. അഞ്ച്‌ കിലോമീറ്റർ പരിധിയിലുള്ള ഡ്രോണുകൾ കണ്ടെത്താനും ആവശ്യമെങ്കിൽ നിർവീര്യമാക്കാനും ഇതിന്‌ ശേഷിയുണ്ട്‌. പൊലീസ്‌ വാഹനത്തിൽ ഘടിപ്പിക്കുന്ന ഉപകരണത്തിലെ റഡാറിന്‌ അഞ്ച്‌ കിലോമീറ്റർ പരിധിയിലുള്ള ഡ്രോണുകളെ കണ്ടെത്താനാകും. ഇവയുടെ ലക്ഷ്യവും വേഗവുമെല്ലാം തിരിച്ചറിയാനാകും. ജാമർ ഉപയോഗിച്ച്‌ നിർവീര്യമാക്കാനും ലേസർ ഉപയോഗിച്ച്‌ തകർക്കാനും സംവിധാനമുണ്ട്‌.

ഡ്രോൺ ആക്രമണങ്ങൾ രാജ്യത്ത്‌ വ്യാപകമായ സാഹചര്യത്തിലാണ്‌ ഡ്രോൺ കില്ലറിനെക്കുറിച്ച്‌ പൊലീസ്‌ ആലോചിച്ചത്‌. ജമ്മു കശ്‌മീരിൽ ബിഎസ്‌എഫ്‌ ഒരു ഡ്രോൺ വെടിവച്ചിട്ടിരുന്നു. ഉക്രയ്‌ൻ യുദ്ധമുഖത്തടക്കം ഡ്രോണുകൾ എതിരാളികൾക്കുനേരെ വ്യാപകമായി ഉപയോഗിച്ചിരുന്നു. കാമറയുപയോഗിച്ച്‌ ലക്ഷ്യസ്ഥാനം കൃത്യമായി നിർണയിക്കുന്നതിനാൽ വിനാശകരമായ ആക്രമണം ലക്ഷ്യംതെറ്റാതെ നടത്താനുമാകും. ഇത്തരം സാഹചര്യത്തിലാണ്‌ രണ്ടുവർഷംമുമ്പ്‌ കില്ലർ ഡ്രോണിനെക്കുറിച്ച്‌ പൊലീസ്‌ ആലോചിച്ച്‌ തുടങ്ങിയത്‌.പുറത്തുനിന്ന്‌ വാങ്ങിയാൽ കോടികൾ മുടക്കേണ്ടി വരും. 10 മുതൽ 15 കോടിവരെയാണ്‌ കില്ലർ ഡ്രോണുകൾക്ക്‌ വില. ഈ സാഹചര്യത്തിലാണ്‌ ഡ്രോൺ തദ്ദേശീയമായി വികസിപ്പിക്കാൻ തീരുമാനിച്ചത്‌. ഐടി വിദഗ്‌ധർ, നാവികസേന, വ്യോമസേന എന്നിവിടങ്ങളിലെ വിരമിച്ച ഉദ്യോഗസ്ഥരുടെയും കേരള ഡ്രോൺ അസോസിയേഷൻ എന്നിവരുടെയെല്ലാം സഹായം ഡ്രോൺ രൂപകൽപ്പനയിലുണ്ടായിരുന്നു. ഒരു കോടി രൂപയോളമാണ്‌ നിർമാണത്തിന്‌ ചെലവിട്ടത്‌.

ചെറിയ വാഹനത്തിൽ ഘടിപ്പിക്കാൻ പറ്റുന്ന ഉപകരണമായതിനാൽ എവിടെയും ഉപയോഗിക്കാം. ഡ്രോൺ പറത്താനും ഉപയോഗിക്കാനും സൈബർ ഡോമിലെ ഉദ്യോഗസ്ഥർക്ക്‌ പരിശീലനം നൽകി. 40 പേരാണ്‌ പരിശീലനം പൂർത്തിയാക്കിയത്‌. ഡ്രോൺ ഫൈറ്റ് പരിശീലനം രണ്ടാഴ്‌ചയ്‌ക്കുള്ളിൽ ആരംഭിക്കും. നാനോ, മൈക്രോ, സ്മോൾ വിഭാഗങ്ങളിലുള്ള ഡ്രോണുകൾ പറത്താനാണ്‌ പരിശീലനം നൽകുന്നത്‌. ഇന്ത്യയിൽ തദ്ദേശീയമായി ആദ്യമായാണ്‌ ഇത്തരത്തിൽ ഡ്രോൺ നിർമാണമെന്ന്‌ സൈബർ ഡോം നോഡൽ ഓഫീസർ എഡിജിപി മനോജ്‌ എബ്രഹാം പറഞ്ഞു. ഡ്രോണുകളുടെ പ്രവർത്തനപഥവും സോഫ്‌റ്റവെയർ, ഹാർഡ്‌വെയർ, ഇലക്‌ട്രോണിക്‌ സംവിധാനങ്ങൾ വിശകലനം ചെയ്യാനുള്ള ഫോറൻസിക്‌ സംവിധാനങ്ങളുടെ നിർമാണവും നടക്കുന്നുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു.

Related posts

ലൈ​ഫ് അ​പേ​ക്ഷ​ക​ളി​ൽ കൃ​ഷി ഉ​ദ്യോ​ഗ​സ്ഥ​രും പ​രി​ശോ​ധ​ന ന​ട​ത്ത​ണം

Aswathi Kottiyoor

മെയ്ഡ് ഇൻ കേരള’ ഉൽപന്നങ്ങൾക്കു ലോഗോ വരുന്നു

Aswathi Kottiyoor

സംസ്ഥാനത്ത്‌ 2 ഡോസ്‌ വാക്സിനെടുത്ത്‌ 2.45 കോടിപ്പേർ

Aswathi Kottiyoor
WordPress Image Lightbox