വീട് നിര്‍മാണത്തിനുള്‍പ്പെടെ ഉപയോഗിക്കുന്ന സിമന്റ് ഇഷ്ടിക/കട്ടയുടെ വില വര്‍ധിപ്പിക്കാന്‍ നിര്‍മാണ കമ്പനികളുടെ തീരുമാനം. ഇന്റര്‍ലോക്കിന്റെ വിലയിലും മാറ്റമുണ്ടാവും. സിമന്റ് ഇഷ്ടികയ്ക്ക് 3 രൂപയും, ഇന്റര്‍ലോക്കിന് 5 രൂപയുമാണ് വര്‍ധിക്കുക. പുതിയ വില ഇന്നു മുതല്‍ പ്രാബല്യത്തിലാകും.
എണ്ണ ഉല്‍പന്നങ്ങളുടെയും അസംസ്‌കൃത വസ്തുക്കളുടെയും വിലക്കയറ്റമാണ് വര്‍ധനവിന് കാരണമായതെന്ന് നിര്‍മാണ കമ്പനികള്‍ പറയുന്നു. ഇത് നിര്‍മാണ രംഗത്ത് കൂടുതല്‍ ചെലവിന് വഴിയൊരുക്കും. നിലവില്‍ സിമന്റ്, കമ്പി ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ക്ക് ദിനംപ്രതി വില വര്‍ധിക്കുന്നുണ്ട്. സിമന്റ് ഇഷ്ടികയുടെ വിലവര്‍ധനവ് സാധാരണക്കാരെ ഉള്‍പ്പെടെ കാര്യമായി ബാധിക്കും. ഒരു സാധാരണ വീട് പണിയാന്‍ കുറഞ്ഞത് മൂവായിരം ഇഷ്ടികയെങ്കിലും വേണം. അതായത് ഏറ്റവും കുറഞ്ഞത് പതിനായിരം രൂപയെങ്കിലും ഇനി ഇഷ്ടികയ്ക്ക് മാത്രമായി അധികം കരുതണം.
അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതയും വിലയും അനുസരിച്ച് സംസ്ഥാനത്ത് പല വിലയാണ് ഇപ്പോള്‍ സിമന്റ് ഇഷ്ടികയ്ക്കും ഇന്റര്‍ലോക്കിനും ഈടാക്കുന്നത്. ഈ വിലയിന്‍മേലായിരിക്കും വര്‍ധനവ്. എറണാകുളം, കോട്ടയം ഭാഗങ്ങളില്‍ ഒരു സിമന്റ് കട്ടയ്ക്ക് 29-30 രൂപയാണ് ഈടാക്കുന്നത്. പത്തനംതിട്ട, തിരുവനന്തപുരം ഭാഗങ്ങളില്‍ 38-40 രൂപയാണ് വില. വടക്കന്‍ ജില്ലകളിലാണ് താരതമ്യേന കുറവ്. 28 രൂപയാണ് പരമാവധി വില. ഇന്‍ര്‍ലോക്കിന് ഗ്രാമ പ്രദേശങ്ങളില്‍ 42 മുതല്‍ 48 രൂപ വരെയാണ് വില. നഗരമേഖലകളില്‍ 50 മുതല്‍ 55 രൂപ വരെയാവും. ഈ വിലയിലാണ് 5 രൂപ വീണ്ടും വര്‍ധിക്കുക.
ക്രഷര്‍ ഉല്‍പന്നങ്ങള്‍ക്ക് സംസ്ഥാനത്ത് ഏകീകൃത വിലയില്ലാത്തതാണ് പലയിടത്തും പലവില ഈടാക്കുന്നതിന് കാരണമെന്ന് സിമന്റ് ബ്രിക്ക്‌സ് ആന്റ് ഇന്റര്‍ലോക്ക്‌സ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ (സിമാക്) ഭാരവാഹികള്‍ പറയുന്നു. ക്വാറി ഉല്‍പന്നങ്ങളുടെ വിലയില്‍ സര്‍ക്കാരിന് ഒരുനിയന്ത്രണവുമില്ല. പല ജില്ലകളില്‍ പലയിടത്തുമായി തോന്നിയപോലെയാണ് വില ഈടാക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ സിമന്റിന് മാത്രം നൂറിലേറെ രൂപയുടെ വര്‍ധനവുണ്ടായി. കമ്പി വിലയിലും നൂറു ശതമാനം വര്‍ധനവാണുണ്ടായത്. ക്രഷര്‍, സിമന്റ്, കമ്പി ഉല്‍പന്നങ്ങള്‍ക്ക് സര്‍ക്കാര്‍ നിശ്ചിത വില തീരുമാനിക്കാത്തതാണ് നിര്‍മാണ മേഖലയിലെ വിലക്കയറ്റത്തിന് പ്രധാന കാരണം.
ഭവന പദ്ധതികളും പ്രതിസന്ധിയില്‍
ഏറ്റവും കൂടുതല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന എറണാകുളം ജില്ലയില്‍ ഉള്‍പ്പെടെ കെട്ടിട നിര്‍മാണങ്ങള്‍ക്ക് 95 ശതമാനവും സിമന്റ് ഇഷ്ടികയാണ് ഉപയോഗിക്കുന്നത്. ചുടുകട്ടയുടെയും ചെങ്കല്ലിന്റെയും അഭാവമാണ് കാരണം. വീട് നിര്‍മിച്ചു നല്‍കുന്ന സര്‍ക്കാര്‍ പദ്ധതികളെയും വിലവര്‍ധനവ് കാര്യമായി ബാധിക്കും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് അനുവദിക്കുന്ന വീടുകളുടെ നിര്‍മാണം പകുതി ആവുമ്പോഴേക്കും നിലയ്ക്കുന്ന സ്ഥിതിയാണ് ഇപ്പോള്‍. നാമമാത്രമായ ഫണ്ട് അനുവദിക്കുന്നതാണ് കാരണം. ഇഷ്ടികയുടെ വിലക്കയറ്റം ഇത്തരം പദ്ധതികളെ കൂടുതല്‍ പ്രതിസന്ധിയിലാക്കും. വീടുകളുടെ മുറ്റത്ത് വിരിക്കുന്നതിന് പുറമെ റോഡ നിര്‍മാണത്തിനും ഇപ്പോള്‍ ഇന്റര്‍ലോക്ക് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. റോഡ് നിര്‍മാണ പദ്ധതികളുടെ ചെലവിലും ഇനി മാറ്റമുണ്ടാവും.