24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • മുല്ലപ്പെരിയാർ ഡാം മേൽനോട്ടം: കേരളവും തമിഴ്നാടും രണ്ടുവഴി.*
Kerala

മുല്ലപ്പെരിയാർ ഡാം മേൽനോട്ടം: കേരളവും തമിഴ്നാടും രണ്ടുവഴി.*

∙ മുല്ലപ്പെരിയാർ ഡാം മേൽനോട്ടവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കേരളവും തമിഴ്നാടും തമ്മിൽ യോജിപ്പില്ലാതെ വന്നതോടെ കേസ് പരിഗണിക്കുന്നതു നാളത്തേക്കു മാറ്റി. വിഷയത്തിന്റെ സങ്കീർണതയെക്കുറിച്ചു ധാരണയുണ്ടെന്നു നിരീക്ഷിച്ച കോടതി, ഹർജി പരിഗണിക്കുന്നതു മാറ്റിവയ്ക്കണമെന്ന ആവശ്യം അംഗീകരിച്ചു.

ഇന്നലെ ഒന്നാമത്തെ കേസായാണ് മുല്ലപ്പെരിയാർ വിഷയം വിളിച്ചത്. കോടതി നിർദേശിച്ച പ്രകാരം യോഗം ചേർന്നെങ്കിലും യോജിപ്പിലെത്താൻ ഇരു സംസ്ഥാനങ്ങൾക്കും കഴിഞ്ഞില്ലെന്നു വ്യക്തമായിരുന്നു. യോഗത്തിന്റെ മിനിറ്റ്സ് തയാറാക്കി ഇരു സംസ്ഥാനങ്ങളും പ്രത്യേകം കോടതിയിൽ സമർപ്പിക്കണമെന്നായിരുന്നു ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ, സി.ടി. രവികുമാർ, അഭയ് എസ്. ഓക്ക എന്നിവരുൾപ്പെട്ട ബെഞ്ച് നിർദേശിച്ചിരുന്നത്.

യോഗത്തിൽ ചില വിഷയങ്ങളിൽ പുരോഗതിയുണ്ടായെങ്കിലും ഡാമിന്റെ നിയന്ത്രണം മേൽനോട്ടസമിതിക്ക് കൈമാറാൻ കഴിയില്ലെന്ന തമിഴ്നാട് സർക്കാരിന്റെ നിലപാടാണു തടസ്സം. ചർച്ചയ്ക്കു മുന്നോടിയായി ഇരു സംസ്ഥാനങ്ങളും തങ്ങളുടെ നിലപാടു വ്യക്തമാക്കി പ്രത്യേക കുറിപ്പ് കൈമാറിയിരുന്നു. ഈ കുറിപ്പുകൾ പരിശോധിക്കുകയാണെന്നും കൂടുതൽ സമയം വേണമെന്നുമാണ് ഇരുസംസ്ഥാനങ്ങൾക്കും വേണ്ടി ഹാജരായ അഭിഭാഷകർ കോടതിയെ അറിയിച്ചത്. കേരളത്തിനു വേണ്ടി ജയ്ദീപ് ഗുപ്ത, സ്റ്റാൻഡിങ് കൗൺസിൽ ജി. പ്രകാശും തമിഴ്നാടിനു വേണ്ടി ശേഖർ നാഫ്ഡെയും ഹാജരായി.

രണ്ടു പേരെ ചേർത്താലും ഫലം ഒന്നു തന്നെ; കേരള വാദം ദുർബലമോ?

മുല്ലപ്പെരിയാർ വിഷയത്തിൽ കോടതിക്കു മുന്നിൽ കേരളം മുന്നോട്ടുവച്ച പ്രധാന വാദം ദുർബലമാകുമോയെന്നു നിയമവിദഗ്ധർക്ക് ആശങ്ക. നിലവിലെ മേൽനോട്ടസമിതിയിൽ 2 സാങ്കേതിക വിദഗ്ധരെ കൂടി പങ്കാളികളാക്കണമെന്നതാണ് കേരളം മുന്നോട്ടുവച്ച പ്രധാനവാദം. ഇതുകൊണ്ട് എന്തു മാറ്റമാണു വരികയെന്ന ചോദ്യമാണു നിയമവിദഗ്ധർ മുന്നോട്ടുവയ്ക്കുന്നത്. മൂന്നംഗങ്ങൾ ഉള്ള സമിതിയിൽ നിലവിൽ കേരളത്തിന്റെയും തമിഴ്നാടിന്റെയും ഓരോ പ്രതിനിധിയും കേന്ദ്ര ജല കമ്മിഷന്റെ ഒരാളുമാണുള്ളത്. കേരളം ആവശ്യപ്പെട്ടതുപോലെ ഇരു സംസ്ഥാനങ്ങളിലെയും ഓരോ സാങ്കേതിക വിദഗ്ധരെ കൂടി ഉൾപ്പെടുത്തിയാലും ഫലത്തിൽ തീരുമാനങ്ങളിൽ ‘2:2:1’ എന്നതാകും സ്ഥിതി.

ഡാമിന്റെ നിയന്ത്രണാധികാരം പൂർണമായും സമിതിക്കു കൈമാറണമെന്ന വാദം ഉന്നയിക്കുന്നതിനു പകരം, സമിതി വിപുലീകരിക്കുക, റൂൾ കർവ്, ഗേറ്റ് ഓപ്പറേഷൻ ഷെഡ്യൂൾ, ഇൻസ്ട്രമെന്റേഷൻ എന്നിവയുൾപ്പെടെ അണക്കെട്ടുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും മേൽനോട്ടസമിതിയെ ഏൽപ്പിക്കുക, സ്ഥിരം സംവിധാനമാക്കുക, വിശദപരിശോധന തുടങ്ങിയ പല കാര്യങ്ങളിലേക്കു പോയതു കോടതിയെയും ആശയക്കുഴപ്പത്തിലാക്കുമോ എന്ന ആശങ്കയാണു നിയമവിദഗ്ധർ പങ്കുവയ്ക്കുന്നത്.

Related posts

ആയുർവേദത്തിൻ്റെ അംഗീകാരം വർദ്ധിക്കുന്നു- ആൻ്റണി രാജു

Aswathi Kottiyoor

അരിക്കൊമ്പൻ തമിഴ്‌നാട്‌ ഹൈവേസ്‌ ഡാമിന്‌ സമീപം; കൃഷി നശിപ്പിക്കാൻ ശ്രമം

എല്ലാ വിഭാഗം കുട്ടികളേയും ഒരേ തലത്തിലേക്ക് ഉയർത്തിക്കൊണ്ടുവരാനാകണം: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox