24.9 C
Iritty, IN
October 5, 2024
  • Home
  • Thiruvanandapuram
  • തീപ്പിടിത്തത്തില്‍ അഞ്ചുപേര്‍ മരിച്ച സംഭവം: അപകട കാരണം സ്വിച്ച് ബോര്‍ഡിലെ തീ കേബിള്‍ വഴി പടര്‍ന്നത്.
Thiruvanandapuram

തീപ്പിടിത്തത്തില്‍ അഞ്ചുപേര്‍ മരിച്ച സംഭവം: അപകട കാരണം സ്വിച്ച് ബോര്‍ഡിലെ തീ കേബിള്‍ വഴി പടര്‍ന്നത്.


തിരുവനന്തപുരം: വര്‍ക്കലയില്‍ വീടിന് തീപിടിച്ച് പല മുറികളിലായി ഉറങ്ങിക്കിടന്ന ഒരു കുടുംബത്തിലെ അഞ്ചുപേര്‍ ശ്വാസംമുട്ടി മരിച്ച ദുരന്തത്തിന് കാരണമായത് ഷോര്‍ട്ട് സര്‍ക്യൂട്ട്. കാര്‍പോര്‍ച്ചിലെ സ്വിച്ച് ബോര്‍ഡിലുണ്ടായ തീപ്പൊരി കേബിള്‍ വഴി കത്തിപ്പടരുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അഗ്നിശമന സേനയുടെ പരിശോധനയിലാണ് ഈ കണ്ടെത്തല്‍. ഈ മാസം എട്ടിനാണ് പിഞ്ചുകുഞ്ഞടക്കം മരിച്ച ദുരന്തമുണ്ടായത്.

കാര്‍ പോര്‍ച്ചിലുള്ള കേബിള്‍, ടെലിവിഷനിലേക്കും മെയിന്‍ സ്വിച്ച് ബോര്‍ഡിലേക്കുമടക്കം പോകുന്നുണ്ട്. ഇതിലൂടെ പടര്‍ന്ന തീയാണ് അപകടത്തിലേക്ക് നയിച്ചത്. പെട്ടെന്ന് തീപിടിക്കാന്‍ സാധ്യതയുള്ള സോഫയിലേക്കും മറ്റു ഫര്‍ണീച്ചറുകളിലേക്കും തീ പടര്‍ന്നത് വലിയ പുകയ്ക്ക് കാരണമായി. മുകളിലെ നിലയിലേക്കും പുകയെത്തി. പുക ശ്വസിച്ചാണ് എല്ലാവരും മരിച്ചത്. എല്ലാവരും നല്ല ഉറക്കത്തിലായതിനാല്‍ തീ പിടിത്തം ഉണ്ടായത് ആരും അറിഞ്ഞിരിക്കാന്‍ സാധ്യതയില്ല. ദേഹാസ്വാസ്ഥ്യം ഉണ്ടായ ഘട്ടത്തില്‍ വാതില്‍ തുറന്നതുമൂലം പുറത്തുനിന്നുള്ള പുക ഉള്ളിലേക്ക് കടന്നു. ഇത് ശ്വസിച്ചതായിരിക്കാം മരണം സംഭവിക്കാന്‍ കാരണമായതെന്നും ഫയര്‍ഫോഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

കാര്‍ പോര്‍ച്ചിലുണ്ടായിരുന്ന ബൈക്ക് കത്തിയത് ജനലിലൂടെ തീ പടര്‍ന്നപ്പോഴാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഫോറന്‍സിക്കിന്റേയും ഇലക്ട്രിക് വിഭാഗങ്ങളുടെയും റിപ്പോര്‍ട്ടുകള്‍ക്ക് ശേഷം മാത്രമേ തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണ സംഘം അന്തിമ തീരുമാനത്തിലെത്തൂ.

എട്ടു മാസം പ്രായമുള്ള കുഞ്ഞുള്‍പ്പെടെയായിരുന്നു മരിച്ചത്. മരിച്ചവരില്‍ ആര്‍ക്കും കാര്യമായ പൊള്ളലേറ്റിരുന്നില്ല. ഇത് ദുരൂഹതയ്ക്കിടയാക്കിയിരുന്നു. അയന്തി പന്തുവിള രാഹുല്‍ നിവാസില്‍ ആര്‍. പ്രതാപന്‍(ബേബി-62), ഭാര്യ ഷേര്‍ളി(53), ഇളയ മകന്‍ അഹില്‍(29), രണ്ടാമത്തെ മകന്‍ നിഹുലിന്റെ ഭാര്യ അഭിരാമി(24), ഇവരുടെ മകന്‍ റയാന്‍ എന്നിവരാണ് മരിച്ചത്. നിഹുല്‍ മാത്രമാണ് രക്ഷപ്പെട്ടത്. സാരമായി പൊള്ളലേറ്റ നിഹുല്‍ തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്ന് പ്രാഥമിക വിലയിരുത്തലുണ്ടായിരുന്നെങ്കിലും വീട് സന്ദര്‍ശിച്ച ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിലെ ഉദ്യോഗസ്ഥര്‍ ഇതു സ്ഥിരീകരിച്ചിരുന്നില്ല. ഹാളിലെ ഫര്‍ണിച്ചറും ജിപ്സം ഷീറ്റുപയോഗിച്ചു മോടിപിടിപ്പിച്ച അലങ്കാരങ്ങളും ജനല്‍ കര്‍ട്ടനുകളും പൂര്‍ണമായും കത്തിനശിച്ചിരുന്നു. കിടപ്പുമുറികള്‍ക്കുള്ളില്‍ തീ പടര്‍ന്നിട്ടില്ലായിരുന്നു. വിഷപ്പുക ശ്വസിച്ചതാകാം മരണകാരണമെന്ന് തന്നെയായിരുന്നു പ്രാഥമിക വിലയിരുത്തല്‍.

Related posts

സ്കൂ​ളു​ക​ൾ പൂ​ർ​ണ​മാ​യും അ​ട​യ്ക്കി​ല്ല; പ​ത്ത്, പ്ല​സ് വ​ൺ, പ്ല​സ് ടു ​ക്ലാ​സു​ക​ൾ തു​ട​രും

Aswathi Kottiyoor

പിണറായി മുഖ്യമന്ത്രി, 17 പുതുമുഖങ്ങൾ ; സത്യപ്രതിജ്ഞ നാളെ…………..

Aswathi Kottiyoor

മിനിമം ബസ് നിരക്ക് 10 രൂപയാക്കാന്‍ ശുപാര്‍ശ; ദൂരം രണ്ടര കി.മീ ആയി കുറയും

Aswathi Kottiyoor
WordPress Image Lightbox