ക്ഷേത്രത്തിൽ എല്ലാ ദിവസവും ഒട്ടേറെ വാഹനങ്ങൾക്ക് പൂജ പതിവുണ്ട്. സ്കൂട്ടർ മുതൽ ബസ് വരെയുള്ള വാഹനങ്ങൾ ക്ഷേത്രനടയിലെത്തിച്ച് പൂജ ചെയ്ത് മാലയണിഞ്ഞ് മടങ്ങും. എന്നാൽ വ്യാഴാഴ്ചത്തെ വാഹനപൂജ ഏറെ വ്യത്യസ്തവും ചരിത്രത്തിൽ ആദ്യത്തേതുമായി. ആർ.പി.ഗ്രൂപ്പ് ചെയർമാൻ ഡോ. ബി.രവിപിള്ള വാങ്ങിയ ആഡംബര ഹെലികോപ്റ്ററിനാണ് ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിലെ ഹെലിപാഡിൽ വാഹനപൂജ നടത്തിയത്.100 കോടിയോളം രൂപ മുടക്കി കഴിഞ്ഞ ദിവസം ഇന്ത്യയിൽ ആദ്യമായി രവി പിള്ള വാങ്ങിയ എച്ച് –145 ഡി 3 എയർ ബസ് വൈകിട്ട് മൂന്നിനാണ് അരിയന്നൂർ ശ്രീകൃഷ്ണ കോളജിലെ ഹെലിപാഡിൽ ലാൻഡ് ചെയ്തത്. ക്ഷേത്രത്തിന് അഭിമുഖമായി നിർത്തിയ ഹെലികോപ്റ്ററിനു മുന്നിൽ നിലവിളക്കുകൾ കൊളുത്തി നാക്കിലയിൽ പൂജാദ്രവ്യങ്ങളുമായി ക്ഷേത്രം ഓതിക്കനും മുൻ മേൽശാന്തിയുമായ പഴയം സുമേഷ് നമ്പൂതിരി പൂജ നിർവഹിച്ചു. ആരതിയുഴിഞ്ഞ് മാല ചാർത്തി കളഭം തൊടീച്ച് വാഹനപൂജ പൂർത്തിയാക്കി.
രവി പിള്ള, മകൻ ഗണേഷ് രവി പിള്ള, പൈലറ്റുമാരായ ക്യാപ്റ്റൻ സുനിൽ കണ്ണോത്ത്, ക്യാപ്റ്റൻ ജി.ജി.കുമാർ, ക്ഷേത്രം ഊരാളൻ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ജ്യോതിഷി പെരിങ്ങോട് ശങ്കരനാരായണൻ എന്നിവർ പങ്കെടുത്തു.