24.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ദേശീയ ജലപാത: 160 കിലോമീറ്ററിലെ ഡിപിആർ കേന്ദ്രാനുമതിക്കു കൈമാറുമെന്ന് മുഖ്യമന്ത്രി.
Kerala

ദേശീയ ജലപാത: 160 കിലോമീറ്ററിലെ ഡിപിആർ കേന്ദ്രാനുമതിക്കു കൈമാറുമെന്ന് മുഖ്യമന്ത്രി.

ദേശീയ ജലപാതയിൽ 160 കിലോമീറ്ററിലെ ജോലികൾ സംബന്ധിച്ച വിശദമായ പദ്ധതി രേഖ (ഡിപിആർ) ദേശീയ ജലപാത അതോറിറ്റി തയാറാക്കി കേന്ദ്രത്തിനു കൈമാറുമെന്നും അനുമതി കിട്ടുമ്പോൾ നിർമാണം ആരംഭിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കൊല്ലം മുതൽ കോഴിക്കോട് വരെ 328 കി.മീ. ആണ് ദേശീയ ജലപാത. ഇതിൽ കൊല്ലം മുതൽ കോട്ടപ്പുറം വരെയുള്ള 168 കി.മീ. ഗതാഗത യോഗ്യമാക്കി.

ദേശീയ ജലപാതയിൽ ഉൾപ്പെടാത്ത മറ്റു ഭാഗങ്ങൾ സംസ്ഥാന ജലപാത ആയി പരിഗണിച്ചാണു പ്രവർത്തനം. ഇതിൽ കോവളം മുതൽ ആക്കുളം വരെ കനാൽ വീതി കൂട്ടുന്നതിനു സ്വകാര്യ ഭൂമി ഏറ്റെടുക്കാൻ കിഫ്ബി സഹായത്തോടെ 66.39 കോടി രൂപയ്ക്കു ഭരണാനുമതി നൽകി.

കോവളം മുതൽ വർക്കല വരെ കനാൽ വികസനവുമായി ബന്ധപ്പെട്ടു കുടിയൊഴിപ്പിക്കേണ്ട 1275 കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ കിഫ്ബി സഹായത്തോടെ 247.2 കോടിയുടെ ഭരണാനുമതി നൽകി. പുനരധിവാസ പദ്ധതി പ്രകാരം ഫ്ലാറ്റുകൾ സർക്കാർ നിർമിച്ചു നൽകുകയോ, വസ്തു വാങ്ങി വീടു വയ്ക്കാൻ താൽപര്യമുള്ളവർക്കു ഫിഷറീസ് വകുപ്പിന്റെ പുനർഗേഹം മാതൃകയിൽ ഭൂമി വാങ്ങി വീടു വയ്ക്കാൻ 10 ലക്ഷം രൂപ അനുവദിക്കുകയോ ചെയ്യും.

കോഴിക്കോട് നഗരത്തിലൂടെ പോകുന്ന കനോലി കനാൽ ജലപാതയുടെ നിലവാരത്തിലേക്കു വികസിപ്പിക്കുന്നതിന് 1118 കോടിയോളം രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിക്കു കിഫ്ബി തത്വത്തിൽ അനുമതി നൽകി. മാഹി വളപട്ടണം ഭാഗത്ത് ഏകദേശം 26.5 കിലോമീറ്ററും നീലേശ്വരം ബേക്കൽ ഭാഗത്ത് 6.5 കിലോമീറ്ററും കനാൽ പുതുതായി നിർമിക്കുന്നതിനു സ്ഥലം ഏറ്റെടുക്കാൻ 839 കോടി രൂപ കിഫ്ബി മുഖേന അനുവദിച്ചിട്ടുണ്ട്. ജലപാത പൂർത്തിയാകുന്നതോടെ താരതമ്യേന ചെലവും മലിനീകരണവും കുറഞ്ഞ യാത്രാ സംവിധാനം ഒരുങ്ങുമെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Related posts

പാസ്പോർട്ട് അപേക്ഷകളിലെ പരിശോധനാമികവിന് കേരള പോലീസിന് അംഗീകാരം

Aswathi Kottiyoor

ആരോഗ്യകേരളം പെണ്ണിന്റെ കൈകളിൽ ; ഭാവി ഡോക്ടർമാരിൽ 60 ശതമാനത്തിലധികവും വനിതകൾ

Aswathi Kottiyoor

സംസ്ഥാനത്ത് വിദ്യാർത്ഥികളുടെ കൺസഷൻ പ്രായപരിധി ഉയർത്തി

Aswathi Kottiyoor
WordPress Image Lightbox