വയത്തൂർ കാലിയാർ ക്ഷേത്രം ഈട്ട് മഹോത്സവത്തിന് തുടക്കമായി

ഉളിക്കൽ: മലയാളികളും കുടകരും ചേർന്ന് ആഘോഷിക്കുന്ന ഉളിക്കൽ വയത്തൂർ കാലിയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ ഊട്ട് മഹോത്സവത്തിന് ഭക്തിനിർഭരമായ തുടക്കം. വിവിധ ചടങ്ങുകളോടെയും, വൈവിധ്യങ്ങളായ പരിപാടികളോടെയും ആഘോഷിക്കുന്ന ഊട്ട് മഹോത്സവം 26 ന് സമാപിക്കും.
ഉത്സവത്തിന് ആരംഭം കുറിച്ചു കൊണ്ട് കുഴിയടുപ്പിൽ തീയ്യിടൽ, തിരുവത്താഴം അരിയളവ് എന്നിവ നടന്നു. 14 ന് സംക്രമപൂജ, തുടർന്നുള്ള ദിവസങ്ങളിൽ ശ്രീഭൂതബലി, വിശേഷാൽ പൂജകൾ, നിവേദ്യങ്ങൾ എന്നിവ നടക്കും. 15 ന് വൈകുന്നേരം 6 ന് ഊട്ട് കാഴ്ച ചെമ്പോട്ടി പാറയിൽ നിന്നും ക്ഷേത്രത്തിലേക്ക് പുറപ്പെടും. 7 മണിക്ക് ഉദ്‌ഘാടന സമ്മേളനം, തുടർന്ന് തിരുവാതിര, കൈകൊട്ടിക്കളി, കോൽക്കളി, കലാമണ്ഡലം കാർത്തിക് ശങ്കറിന്റെ ഓട്ടൻ തുള്ളൽ എന്നിവയും നടക്കും. 16 ന് വൈകുന്നേരം 7 ന് കരോക്കെ ഭക്തിഗാനമേള, തിരുവാതിരക്കളി. 18 ന് വൈകുന്നേരം 7 ന് സിനിമാറ്റിക് ഡാൻസ്, കുരുന്നുകളുടെ കലാസന്ധ്യ, 19ന് രാത്രി നൃത്തസന്ധ്യ, ഭരതനാട്യം തുടങ്ങിയവയും നടക്കും. 20ന് രാത്രി 7ന് ഉളിക്കൽ തപസ്യ കലാക്ഷേത്രത്തിന്റെ നൃത്ത സന്ധ്യ, 21 ന് രാത്രി 7 ന് നൃത്ത ശിൽപ്പം, അഥീന നാടക നാട്ടറിവ് അവതരിപ്പിക്കുന്ന നാട്ടുമൊഴി നാടൻപാട്ട് മേള, 22 ന് രാവിലെ കുടക് പുഗ്ഗെര മനക്കാരുടെ അരിയളവ് , വൈകുന്നേരം കുടകരുടെ പാട്ട് , വലിയ തിരുവത്താഴം അരിയളവ് എന്നിവ നടക്കും. രാത്രി 7ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം കർണ്ണാടക ദേവസ്വം മന്ത്രി രാമലിംഗ റെഡ്ഢി ഉദ്‌ഘാടനം ചെയ്യും. തുടർന്ന് കാഞ്ഞരപ്പള്ളി അമലയുടെ ഗാനമേള, 23ന് കുടക് ദേശവാസികളുടെ അരിയളവ്, ഋഷഭാഞ്ജലി, രാത്രി 8.30 ന് ഹരിജനങ്ങളുടെ കാഴ്ച വരവ്, രാത്രി 9 മണിക്ക് വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ കളമെഴുത്തും പാട്ടും നാളികേരം ഉടക്കലും നടക്കും.
24ന് മകരം10 ഉത്സവദിവസം രാവിലെ വിവിധ നെയ്യമൃത് മഠങ്ങളിൽ നിന്നുള്ള നെയ്യമൃത് വൃതക്കാരുടെ നെയ്യമൃത് എഴുന്നള്ളത്ത് നടക്കും. ഉച്ചയ്ക്ക് തിടമ്പ് നൃത്തം, വൈകുന്നേരം 6.30 ന് പടിയൂർ ദേശവാസികളുടെ ഓമനക്കാഴ്ച വരവിന് ശേഷം വിവിധ നൃത്തനൃത്യങ്ങൾ, ഉളിക്കലിൽ നിന്നും പുറപ്പെട്ട് വയത്തൂരിൽ എത്തിച്ചേരുന്ന വർണ്ണാഭമായ താലപ്പൊലി ഘോഷയാത്ര, രാത്രി 10 മണിക്ക് സർഗ്ഗവീണ തിരുവനന്തപുരത്തിന്റെ രുദ്ര പ്രജാപതി നാടകവും നടക്കും. 25ന് രാവിലെ നെയ്യാട്ടം, കുടക് കോമരങ്ങളുടെ കൂടിക്കാഴ്ച, തുടർന്ന് ഉച്ചയ്ക്ക് നെയ്യമൃത് വ്രതക്കാരുടെ അടീലൂണ്, വൈകുന്നേരം 5 ന് തിടമ്പ് നൃത്തം, 26 ന് രാവിലെ പള്ളിവേട്ട എഴുന്നള്ളിപ്പ്, തിടമ്പ് നൃത്തം, വൈകുന്നേരം തിടമ്പ് എഴുന്നള്ളത്തും, നൃത്തവും, 28ന് നീലക്കരിങ്കാളി കാവിൽ തെയ്യം, ക്ഷേത്രത്തിലേക്കും കൂലോത്തേക്കും ഭഗവതിയുടെ എഴുന്നള്ളത്ത് എന്നിവയോടെ ഈ വർഷത്തെ ഉത്സവത്തിന് കൊടിയിറങ്ങും




