Uncategorized

വാങ്ങാതിരുന്നവർ പെട്ടു; വാങ്ങിയവർ രക്ഷപ്പെട്ടു; സ്വർണ വിലയിൽ ട്രംപ് ഇഫക്ട്; കത്തിക്കയറി സ്വർണം

രാജ്യാന്തര സ്വർണ വിലയുടെ ചുവടുപിടിച്ച് കേരളത്തിൽ സ്വർണത്തിന് തീവില. പവന് 1,240 രൂപ വർധിച്ച് 1,04,240 രൂപയിലെത്തി.

ഗ്രാമിന് 155 രൂപ വർധിച്ച് 13,030 രൂപയിലാണ് വ്യാപാരം. രാജ്യാന്തര സ്വർണ വില പുതിയ ഉയരം തൊട്ടെങ്കിലും കേരളത്തിൽ വില റെക്കോർഡിന് തൊട്ടുതാഴെയാണ്. ഡിസംബർ 27 ന് രേഖപ്പെടുത്തിയ 1,04,440 രൂപയാണ് സർവകാല റെക്കോർഡ്.

രാജ്യാന്തര സ്വർണ വില ചരിത്രത്തിലാദ്യമായി ട്രോയ് ഔൺസിന് 4,600 ഡോളർ കടന്നതാണ് കേരളത്തിലെ തീവിലയ്ക്ക് കാരണം. തിങ്കളാഴ്ച വ്യാപാരം ആരംഭിച്ച സ്വർണ വില റെക്കോർഡ് ഭേദിച്ച് മുന്നേറി. ഡിസംബർ 26 ന് രേഖപ്പെടുത്തിയ 4546 ഡോളറായിരുന്നു സ്വർണത്തിന്റെ നേരത്തെയുള്ള റെക്കോർഡ്. ഇതും മറികടന്ന് രാജ്യാന്തര വില 4,602 ഡോളർ വരെയെത്തി. നിലവിൽ 4573 ഡോളറിലാണ് വ്യാപാരം.
ഇറാനിലെ സംഘർഷങ്ങളും ഇതുമായി ബന്ധപ്പെട്ട യു.എസ് ആക്രമണ സാധ്യതയും സ്വർണത്തിന് സുരക്ഷിത നിക്ഷേപമെന്ന ഡിമാൻഡ് കൂടാൻ കാരണമായി. യു.എസ് ഇറാനിൽ സൈനിക നീക്കം നടത്തുമെന്നാണ് അഭ്യൂഹം. അങ്ങനെയെങ്കിൽ മധ്യേഷ്യയിലെ യു.എസ് സൈനിക താവളങ്ങളും ഇസ്രയേലും ആക്രമിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. വെനസ്വേലൻ ആക്രമണത്തിന് ശേഷം ട്രംപ് ഗ്രീൻലാൻഡ് ലക്ഷ്യമിടുന്നതും ക്യൂബയെ ഭീഷണിപ്പെടുത്തുന്നതും തുടരുകയാണ്. രാഷ്ട്രീയ സംഘർഷ സമയങ്ങളിൽ സ്വർണത്തിലേക്ക് നിക്ഷേപം എത്തുന്നത് വില കൂടാൻ കാരണമായി.

ഇതിനൊപ്പം യു.എസിലെ തൊഴിൽ കണക്ക് പ്രതീക്ഷിച്ചതിനേക്കാൾ കുറഞ്ഞു. ഇതോടെ ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതയും വർധിച്ചു. യുഎസ് നീതിന്യായ വകുപ്പ് ഫെഡറൽ റിസർവിനെതിരെ ക്രിമിനൽ കുറ്റപത്രം സമർപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതും സ്വർണ വിലവർധിക്കാൻ കാരണമായി.
ജനുവരി ഒന്നിന് 99040 രൂപയിലായിരുന്ന സ്വർണ വില. 12 ദിവസങ്ങൾക്ക് മുൻപ് വാങ്ങിയവർക്ക് 5,200 രൂപ പവനിൽ ലാഭിക്കാൻ സാധിച്ചു. സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് വിലക്കയറ്റത്തിന്റെ ചൂടറിയാനാണ് സാധ്യത. ഇന്നത്തെ വിലയിൽ പത്തു ശതമാനം പണിക്കൂലിയുള്ള ഒരു പവൻ്റെ ആഭരണം വാങ്ങാൻ 118,153 രൂപയോളം വേണ്ടി വരും. പണിക്കൂലി, ഹാൾമാർക്കിങ് ചാർജ്, മൂന്നു ശതമാനം ജിഎസ്‌ടി എന്നിവ അടങ്ങിയ വിലയാണിത്. ഇതേപണിക്കൂലിയിൽ അഞ്ചു പവന്റെ ആഭരണം വാങ്ങാൻ 590519 രൂപയോളം നൽകണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button