Uncategorized

എസ്ഐആർ; മുസ്‌ലിം ലീഗ് ജാഗ്രത ക്യാമ്പുകൾ ഇന്ന്

കോഴിക്കോട്: എസ്ഐആർ പ്രകാരം പുറത്ത് വന്ന കരട് പട്ടിക സംബന്ധമായി വിശദമായ പരിശോധന നടത്താൻ മുസ്‌ലിം ലീഗ് ഇന്ന് വൈകുന്നേരം ഏഴ് മണി മുതൽ പ്രത്യേക ജാഗ്രത ക്യാമ്പുകൾ ചേരും. മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നിർദേശപ്രകാരം പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും നിശ്ചിത കേന്ദ്രങ്ങളിലാണ് എസ്‌ഐആർ കരട് വോട്ടർ പട്ടിക പരിശോധന നടത്തുന്നത്. വോട്ടർ പട്ടികയിലില്ലാത്ത പതിനെട്ട് വയസ്സ് തികഞ്ഞവരെ ചേർക്കാനും അനധികൃതമായി കയറിപ്പറ്റിയവരെ പുറത്താക്കാനുമുള്ള വിശദമായ ബൂത്ത് തല പദ്ധതികൾ തയ്യാറാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിശോധന.

ഓരോ ബൂത്തിലെയും പാർട്ടി പ്രതിനിധികളും ബൂത്ത് ലെവൽ ഏജന്റുമാരും ചേർന്നായിരിക്കും എസ്‌ഐആർ കരട് വോട്ടർ പട്ടിക പരിശോധിക്കുക. ജാഗ്രതാ പരിശോധനാ സദസിൽ മുസ്‌ലിം ലീഗ് എംഎൽഎമാർ മറ്റു ജനപ്രതിനിധികൾ സംസ്ഥാന കൗൺസിൽ അംഗങ്ങൾ, ജില്ല- മണ്ഡലം- പഞ്ചായത്ത് ഭാരവാഹികൾ തുടങ്ങിയവർ അവരരവരുടെ പഞ്ചായത്തുകളിൽ പങ്കെടുക്കണമെന്ന് നിർദേശമുണ്ട്. ബൂത്ത്തല പ്രവർത്തനങ്ങൾ പ്രത്യേക ആപ്പ് വഴിയാണ് നിരീക്ഷിക്കുക. ഇതിനായി വിശദമായ റിപ്പോർട്ടിങ് സംവിധാനം സജ്ജമാക്കിയിട്ടുണ്ട്. ആവശ്യമായ വിവരങ്ങൾ ബൂത്ത്, പഞ്ചായത്ത്, മണ്ഡല കോ-ഓർഡിനേറ്റർമാർ ദിവസവും അപ്‌ഡേറ്റ് ചെയ്യണം. ഓരോ വീട്ടിലും കയറി വോട്ടവകാശമുള്ളവരെ കണ്ടെത്തി ജനകീയ വോട്ടർ പട്ടിക തയ്യാറാക്കണം. ഇതിനായി മാതൃകാ ഫോമുകളും വിശദമായ നിർദേശങ്ങളും വിതരണം ചെയ്തിട്ടുണ്ട്.

തദ്ദേശതലത്തിലെ നേതാക്കൾ അതീവ ഗൗരവത്തോടെ ക്യാമ്പ് സംഘടിപ്പിക്കുകയും വോട്ടർ പട്ടിക പരിശോധിച്ച് ആവശ്യമായ തീരുമാനങ്ങൾ കൈക്കൊണ്ട ശേഷം മാത്രം ക്യാമ്പ് അവസാനിപ്പിക്കണമെന്നാണ് നിർദേശം. തീവ്ര പരിശോധനകൾക്ക് ശേഷം വരുന്ന വോട്ടർ പട്ടികയാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഉപയോഗിക്കുക എന്നതിനാൽ നിർണായകമായ പ്രവർത്തനം എന്ന നിലയിൽ ഇതിനെ കാണുകയും പഞ്ചായത്ത്, മുനിസിപ്പൽ കമ്മിറ്റികളും വിഷയം ഗൗരവത്തിലെടുക്കണമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button