Uncategorized

തൃശൂർ തീപിടിത്തം: ‘പണം നൽകിയാണ് വണ്ടി പാർക്ക് ചെയ്തത്; റെയിൽവേ നഷ്ടപരിഹാരം നൽകിയേ തീരൂ

തൃശൂർ റെയിൽവേ സ്റ്റേഷനിലെ രണ്ടാം കവാടത്തിലെ ഇരുചക്രവാഹന പാർക്കിങ് കേന്ദ്രത്തിൽ ഞായറാഴ്ച രാവിലെ 6.30നുണ്ടായ തീപിടിത്തത്തിൽ മുന്നൂറോളം ഇരുചക്രവാഹനങ്ങളാണ് കത്തിനശിച്ചത്. വാഹനത്തിന്റെ സുരക്ഷ കൂടി മുന്നിൽകണ്ടാണ് സ്റ്റേഷനിൽ പണം നൽകി യാത്രക്കാർ വാഹനം പാർക്ക് ചെയ്യുന്നത്. എന്നാൽ തീപിടിത്തത്തിനു പിന്നാലെ, നഷ്ടപരിഹാരത്തെക്കുറിച്ച് ഒരു വാക്കുപോലും പറയാതെ കയ്യൊഴിയുന്ന നടപടിയാണ് റെയിൽവേയുടേതെന്ന് ആക്ഷേപമുയരുന്നു. ഈ വിഷയത്തിൽ യാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ട്രെയിൻ യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓൺ റെയിൽസ് സെക്രട്ടറി ജെ. ലിയോൺസ് സംസാരിക്കുന്നു.

പാർക്കിങ് ഏരിയയിൽ പണം വാങ്ങി വാഹനം സൂക്ഷിക്കാൻ റെയിൽവേയിൽനിന്നു കരാറെടുക്കുന്നവർ ആ വാഹനങ്ങളുടെ സുരക്ഷയും ഉറപ്പാക്കണം. എന്നാൽ വണ്ടിയുടെ സുരക്ഷ തങ്ങളുടെ ഉത്തരവാദിത്തമല്ലെന്നു പറഞ്ഞ് അവർ കൈകഴുകുകയാണ്. ഇതിനെതിരെ മുൻപുതന്നെ ഞങ്ങൾ റെയിൽവേയെ സമീപിച്ചിരുന്നു. പണം വാങ്ങി വാഹനം സൂക്ഷിക്കാൻ വയ്ക്കുമ്പോൾ മിക്ക ഇടങ്ങളിലും മേൽക്കൂര പോലും ഉണ്ടാവാറില്ല. മഴയും വെയിലുമേറ്റ് വാഹനങ്ങൾ നശിക്കുന്നതു പതിവാണ്. സ്റ്റേഷനുകളുടെ പദവി അനുസരിച്ച് സീസൺ ടിക്കറ്റുകാരിൽനിന്നു മാസം 600 രൂപവരെ വാങ്ങിയാണ് ഇരുചക്രവാഹനങ്ങൾ സ്റ്റേഷനിൽ പാർക്ക് ചെയ്യുന്നത്. എന്നാൽ ഈ തുകയ്ക്കുള്ള സേവനം ലഭിക്കാറില്ലെന്നത് തൃശൂരിലെ സംഭവത്തോടെ എല്ലാവർക്കും വ്യക്തമായി.

റെയിൽവേയുടെ പാർക്കിങ് ഏരിയയിൽനിന്നു മോഷണം ഉൾപ്പെടെ സംഭവിച്ചിട്ടുണ്ട്. പലപ്പോഴും രാവിലെ വയ്ക്കുന്ന സ്ഥലത്തായിരിക്കില്ല വാഹനം വൈകിട്ട് എടുക്കാൻ ചെല്ലുമ്പോൾ ഇരിക്കുന്നത്. വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതും പതിവാണ്. ഇൻഡിക്കേറ്റർ പൊട്ടുക, പെട്രോൾ നഷ്ടമാവുക ഇതൊക്കെ പതിവാണ്. എത്രയൊക്കെ പരാതി നൽകിയാലും ഇക്കാര്യങ്ങളിലൊന്നും റെയിൽവേ ശ്രദ്ധിക്കാറില്ല.

യാത്രക്കാർക്ക് നഷ്ടപരിഹാരം ലഭിച്ചേ മതിയാകു. തൃശൂർ തീപിടിത്തത്തിൽ തുടക്കത്തിലേ റെയിൽവേ കൈ കഴുകുന്ന സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. ഇനി വാഹനത്തിന് ഇൻഷുറൻസ് കമ്പനി വഴിയുള്ള നഷ്ടപരിഹാരം മാത്രമാവും ലഭിക്കുക. വാഹനത്തിന്റെ പഴക്കം അനുസരിച്ച് തുച്ഛമായ തുകയാകും ലഭിക്കുക. എന്നാൽ ദിവസവും ജോലിക്കായി പലയിടങ്ങളിൽനിന്നെത്തി വാഹനം സ്റ്റേഷനിൽവച്ചു പോകുന്ന സാധാരണക്കാർക്ക് പെട്ടെന്ന് പുതിയ വാഹനം വാങ്ങേണ്ടിവരുന്നത് വലിയ സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കും. അതിനാൽ റെയിൽവേ ഇടപെട്ട് മതിയായ നഷ്ടപരിഹാരം ലഭ്യമാക്കണം. ഇതിനു റെയിൽവേ തയാറായില്ലെങ്കിൽ ഉപഭോക്തൃ കോടതിയിൽ ഉൾപ്പെടെ പരാതി നൽകി നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള സാധ്യതകൾ മുന്നിലുണ്ട്.
തൃശൂർ സംഭവത്തിന്റെ അടിസ്ഥാനത്തിൽ മറ്റു സ്റ്റേഷനുകളിലും സുരക്ഷാപരിശോധന ആവശ്യപ്പെടുമോ?

ആദ്യം കണ്ട തീപ്പൊരി അണയ്ക്കാനുള്ള അഗ്നിരക്ഷാ സംവിധാനം പോലും തൃശൂരിൽ ഉണ്ടായിരുന്നില്ല. സുരക്ഷാ ഓഡിറ്റിങ് നടത്തി കേരളത്തിലെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലെയും പാർക്കിങ് ഏരിയ പരിശോധിച്ച് അഗ്നിശമന ഉപകരണങ്ങൾ അടക്കം ലഭ്യമാക്കണം. കരാർ കൊടുക്കുന്നവർ പാലിക്കേണ്ട സുരക്ഷാ നടപടികൾ പാലിക്കുന്നുണ്ടോ എന്നു റെയിൽവേ പരിശോധിക്കണം. പലപ്പോഴും പാർക്കിങ് ഏരിയയിൽ വലിയ മരങ്ങളുണ്ടാവും. ഇവയുടെ ചുവട്ടിലും മറ്റും വാഹനം പാർക്ക് ചെയ്തു പോകുന്നവരുമുണ്ട്. മരങ്ങളിൽനിന്നുള്ള കരിയിലകൾ പാർക്കിങ് ഏരിയയിൽ കൂട്ടിയിടുന്നതും കാണാറുണ്ട്. ഇതിൽ ഒരു തീപ്പൊരി വീണാലും തൃശൂരിലേതു പോലെയുള്ള ദുരന്തമുണ്ടാവാം.

കരാറുകാർക്കു യാത്രക്കാരോടുള്ള സമീപനം എങ്ങനെയാണ്?

തിരക്കേറിയ സ്റ്റേഷനുകളിൽ, വാഹനം സൂക്ഷിക്കാനുള്ള പ്രതിമാസ പാസ് നൽകാൻ പലപ്പോഴും കരാറുകാർക്കു ബുദ്ധിമുട്ടാണ്. മണിക്കൂർ അടിസ്ഥാനത്തിൽ പാർക്കിങ് അനുവദിക്കുമ്പോൾ വലിയ തുക അവർക്കു പിരിച്ചെടുക്കാൻ കഴിയുമെന്നതാണ് കാരണം. കരാറുകാരോടും ഇക്കാര്യം സംസാരിക്കുമ്പോൾ അവർക്കു വലിയ നഷ്ടമാണെന്നാണ് പറയുക. പാർക്കിങ് സ്ഥലത്തുള്ള സ്റ്റാഫിനു പൊലീസ് ക്ലിയറൻസ് നിർബന്ധം ആക്കണം. അവരിൽനിന്ന് പലപ്പോഴും മാന്യമായ പെരുമാറ്റമുണ്ടാകാറില്ല. പലയിടത്തും ഗുണ്ടാപിരിവ് പോലെയാണ് പാർക്കിങ് ഫീസ് പിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button