Uncategorized

മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു; അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍

കൊച്ചി: മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു. 74 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ അർബുദത്തെ തുടർന്ന് ഏറെനാള്‍ ചികിത്സയിലായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ഇന്നലെയാണ് ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വി കെ ഇബ്രാഹിം കുഞ്ഞിന്റെ മൃതദേഹം അഞ്ച് മണിയോടെ ആശുപത്രിയിൽ നിന്ന് കൊണ്ടുപോകും. കളമശ്ശേരി ഞാലകം കൺവെൻഷൻ സെന്‍ററിൽ 6 മണി മുതൽ പൊതുദർശനം ഉണ്ടാവും. രാത്രി 10മണി വരെ പൊതുദർശനം തുടരും. ശേഷം ആലുവയിലെ വീട്ടിലേക്ക് കൊണ്ടുപോകും. നാളെ രാവിലെ 10 മണിക്ക് ആലങ്ങാട് ജുമാ മസ്ജിദിലായിരിക്കും കബറടക്കം.

നാല് തവണ എംഎല്‍എയും രണ്ട് തവണ മന്ത്രിയുമായിരുന്നു ഇബ്രാഹിംകുഞ്ഞ്, മധ്യകേരളത്തിലെ ലീഗിന്‍റെ ജനകീയമുഖമായിരുന്നു. എംഎസ്എഫിലൂടെയാണ് വി കെ ഇബ്രാഹിംകുഞ്ഞ് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്. 2001 ലും 2006 ലും മട്ടാ‍ഞ്ചേരിയില്‍ നിന്ന് മത്സരിച്ചു. 2011ലും, 2016ലും കളമശ്ശേരിയെ പ്രതിനിധീകരിച്ചു. മട്ടാഞ്ചേരി മണ്ഡലത്തിന്‍റെ അവസാന എംഎല്‍എ, കളമശ്ശേരി മണ്ഡലത്തിന്‍റെ ആദ്യ എംഎല്‍എ എന്നീ വിശേഷണങ്ങളും വി കെ ഇബ്രാഹിംകുഞ്ഞിന് സ്വന്തം. 2005 മുതല്‍ 2006 വരെ വ്യവസായ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു വി കെ ഇബ്രാഹിംകുഞ്ഞ്. 2011 മുതല്‍ 2016 വരെ പൊതുമരാമത്ത് മന്ത്രിയായിരുന്നു. മുസ്‍ലിം ലീഗിനെ പ്രതിനിധീകരിച്ച് നാല് തവണ അദ്ദേഹം എംഎല്‍എയായി. നിലവില്‍ ഐയുഎംഎല്‍ നാഷണല്‍ എക്സിക്യൂട്ടിവ് അംഗമായിരുന്നു.

ലീഗിലെ ജനകീയനായ നേതാവ്
മുസ്‍ലിം ലീഗിലെ ജനകീയനായ വി കെ ഇബ്രാഹിംകുഞ്ഞ് തെക്കന്‍ കേരളത്തിലേക്ക് പാര്‍ട്ടിയെ വളര്‍ത്താന്‍ മുന്നില്‍ നിന്ന നേതാവായിരുന്നു. സാധാരണക്കാരായ ജനങ്ങള്‍ ഏതൊരാവശ്യത്തിനും നേരിട്ട് സമീപിച്ചിരുന്ന രാഷ്ട്രീയക്കാരനെയാണ് നഷ്ടമാകുന്നത്. മലബാറില്‍ വേരൂന്നിയ മുസ്‍ലിം ലീഗിനെ മധ്യകേരളത്തിലേക്ക് പടര്‍ത്താന്‍ ഓടിനടന്ന് പ്രവര്‍ത്തിച്ച കൊങ്ങോര്‍പള്ളിക്കാര്‍ വി കെ ഇബ്രാംഹിം കുഞ്ഞ്. തട്ടകം എറണാകുളമാണെങ്കിലും പാണക്കാട് കുടുംബത്തിന്‍റെ വിശ്വസ്തനായിരുന്നു. യുഡിഎഫ് മന്ത്രി സഭയില്‍ രണ്ട് തവണ മന്ത്രിയായി. പൊതുമരാമത്ത് വകുപ്പില്‍ എടുത്തുപറയാന്‍ സാധിക്കുന്ന പലമാറ്റങ്ങളുമുണ്ടായത് ഇബ്രാഹിം കുഞ്ഞിന്‍റെ കാലത്തായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button