‘വിഷത്തെക്കുറിച്ച് ഗ്രീഷ്മ തിരഞ്ഞത് ആത്മഹത്യ പ്രവണത ഉണ്ടായിരുന്നത് കൊണ്ട്’; ഷാരേണ്‍ രാജ് കൊലക്കേസില്‍ വിചിത്ര വാദവുമായി പ്രതിഭാഗം; വിധി 17ന്
പാറശാലയിലെ ഷാരേണ്‍ രാജ് കൊലപാതക കേസില്‍ വിധി 17ന്. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. വിഷത്തെക്കുറിച്ച് പ്രതി ഗ്രീഷ്മ ഗൂഗിളില്‍ സെര്‍ച്ച് ചെയ്തത് ആത്മഹത്യ പ്രവണത ഉണ്ടായിരുന്നത് കൊണ്ടാണ് എന്നാണ് പ്രതിഭാഗം വാദിച്ചത്. പാരസെറ്റാമോളിനെ കുറിച്ച് ഗൂഗിളില്‍ സെര്‍ച് ചെയ്തത് പനി ആയതിനാലെന്നും വാദമുണ്ട്. സാഹചര്യ തെളിവുകളെ അടിസ്ഥാനമാക്കിയായിരുന്നു പ്രോസിക്യൂഷന്‍ വാദം.
കേരളത്തെ ഞെട്ടിച്ച കൊലപാതകമായിരുന്നു പാറശാലിലെ ഷാരോണ്‍ രാജിന്റേത്. വിചാരണ രണ്ട് മാസംകൊണ്ട് പൂര്‍ത്തിയാക്കിയാണ് കേസില്‍ വിധി പറയാന്‍ ഒരുങ്ങുന്നത്. നാല് വര്‍ഷമായി പ്രണയത്തിലായിരുന്നു ഷാരോണും ഗ്രീഷ്മയും. ഇതിനിടയിലാണ് നല്ലൊരു കല്യാണാലോചന ഗ്രീഷ്മയ്ക്ക് വരുന്നത്. ഇതോടെ ഗ്രീഷ്മയുടെ ലക്ഷ്യം മാറി. ഏതുവിധേനയും ഷാരോണിനെ ഒഴിവാക്കി പുതിയ ജീവിതം തുടങ്ങാനായിരുന്നു ലക്ഷ്യം. ഇതിനായി മെല്ലേ ഷാരോണിനെ ഒഴിവാക്കാന്‍ തീരുമാനിച്ചു. വീട്ടുകാര്‍ ആരുമില്ലാത്ത ദിവസം തന്ത്രപൂര്‍വം വീട്ടിലേക്ക് വിളിച്ചുവരുത്തി ഷാരോണിന് താന്‍ കുടിക്കുന്ന കഷായമാണെന്നും രുചിച്ച് നോക്കാന് പറ്റുമോയെന്ന് വെല്ലുവിളിച്ചു. ചലഞ്ച് ഏറ്റെടുത്ത ഷാരോണ്‍ അറിഞ്ഞിരുന്നില്ല താന്‍ വിശ്വസിച്ച ഗ്രീഷമയുടെ മരണക്കെണിയായിരുന്നു ഇതെന്ന്. കഷായം കുടിച്ച ഷാരോണ്‍ മണിക്കൂറുകള്‍ക്കുള്ളില്‍ അവശനായി.