കണ്ണൂർ: ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് മുൻനിര പോരാളികളെ സജ്ജമാക്കുകയാണ് യുവജനക്ഷേമബോർഡ്. ഇതിനായി യുവജന ക്ഷേമബോർഡ് രൂപീകരിച്ച ആക്ഷൻ ഫോഴ്സ് ക്യാപ്റ്റൻമാരുടെ പരിശീലന പരിപാടി ആരംഭിച്ചു. ജില്ലയിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽനിന്നുള്ള 75 പ്രതിനിധികൾക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകുന്നത്. ജില്ലയിലെ ഓരോ പഞ്ചായത്തുകളിലെയും 18നും 30നും ഇടയിൽ പ്രായമുള്ള യുവതീ-യുവാക്കൾക്കാണ് പരിശീലനം. ഓരോ വാർഡിൽനിന്നും രണ്ടുപേരിൽ കുറയാതെ സേനയിൽ ഉൾപ്പെടുത്തും. ഇതിനുപുറമേ പഞ്ചായത്ത് അടിസ്ഥാനത്തിൽ അഞ്ചുപേരടങ്ങിയ വനിതകളുടെ പ്രത്യേക ഗ്രൂപ്പും രൂപീകരിച്ചിട്ടുണ്ട്.
കാഞ്ഞിരങ്ങാട് ഇൻഡോർ പാർക്കിലാണ് സന്നദ്ധസേനയ്ക്കുള്ള പരിശീലനം ആരംഭിച്ചത്. രണ്ടു ദിവസത്തെ പരിശീലനപരിപാടിയിൽ ഡിസാസ്റ്റർ മാനേജ്മെന്റ്, പ്രഥമ ശുശ്രൂഷ, വിമുക്തി, പെയിൻ ആൻഡ് പാലിയേറ്റീവ്, പോലീസ് പരേഡ് ട്രെയിനിംഗ്, ഫയർ ആൻഡ് സേഫ്റ്റി, പോലീസ് നിയമസഹായവും പരിരക്ഷയും തുടങ്ങിയ മേഖലകളിലെ വിദഗ്ധരുടെ ക്ലാസുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
രണ്ടാംഘട്ടത്തിൽ ജില്ലാതലത്തിൽ പരിശീലനം ലഭിച്ച സേനയുടെ ക്യാപ്റ്റന്മാരുടെ നേതൃത്വത്തിൽ പഞ്ചായത്തുതലത്തിലുള്ള യുവജന സേനാംഗങ്ങൾക്ക് പരിശീലനം നൽകും. ഇവർക്കായുള്ള പരിശീലനം പൂർത്തിയാകുന്നതോടെ ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും യുവജനസേന പ്രവർത്തന സജ്ജമാകും. പ്രകൃതിക്ഷോഭങ്ങൾ, ദുരന്തങ്ങൾ, മഹാമാരികൾ തുടങ്ങി ഏതു പ്രതിസന്ധിഘട്ടങ്ങളിലും ഏതൊരാൾക്കും പ്രതിഫലേച്ഛയില്ലാതെ കൈത്താങ്ങാകുക എന്നതാണ് യുവജനക്ഷേമ ബോർഡ് ലക്ഷ്യം വയ്ക്കുന്നത്.
യുവജന സന്നദ്ധ കർമസേന ക്യാപ്റ്റൻമാർക്കുള്ള പരിശീലനപരിപാടിയുടെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ മന്ത്രി എം.വി ഗോവിന്ദൻ നിർവഹിച്ചു. സി.എം. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. പ്രേം ജി. പ്രകാശ് ക്ലാസെടുത്തു. കെ. മനുരാജ്, യൂത്ത് ആക്ഷൻ ഫോഴ്സ് ജില്ലാ ക്യാപ്റ്റൻ പി. അനുരാഗ് എന്നിവർ പ്രസംഗിച്ചു.