12 ദിനരാത്രങ്ങള്‍ നീണ്ടുനിന്ന ആഘോഷം; വസന്തോത്സവം 2025ന് സമാപനം

തിരുവനന്തപുരം: നഗരത്തിലെ ക്രിസ്മസ്-പുതുവത്സരാഘോഷങ്ങള്‍ക്ക് നിറച്ചാര്‍ത്തൊരുക്കിയ വസന്തോല്സവത്തിന് സമാപനം. കനകക്കുന്നില്‍ 12 ദിനരാത്രങ്ങള്‍ നീണ്ടുനിന്ന ദീപങ്ങളുടേയും പുഷ്പങ്ങളുടേയും കാഴ്ചകളിലേക്ക് ലക്ഷക്കണക്കിന് പേരാണ് ഒഴുകിയെത്തിയത്. ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലും (ഡിടിപിസി) സംയുക്തമായി സംഘടിപ്പിച്ച വസന്തോല്‍സവത്തിലെ മത്സരവിജയികള്‍ക്കുള്ള സമ്മാനദാനം ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന് നിര്‍വഹിച്ചു.
കനകക്കുന്ന് കൊട്ടാരത്തില്‍ നടന്ന സമാപന ചടങ്ങില്‍ ഡിടിപിസി സെക്രട്ടറി സതീഷ് മിറാന്‍ഡ, പാലോട് ജവഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്ഡന് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ (ജെഎന്‍ടിബിജിആര്‍ഐ) മുന്‍ ശാസ്ത്രജ്ഞനായ ഡോ. എം. സലിം, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ (മാര്‍ക്കറ്റിംഗ്) അജീഷ് കുമാര്‍.ആര് എന്നിവര്‍ പങ്കെടുത്തു.
കാഴ്ചക്കാരായെത്തുന്ന ജനങ്ങളുടെ പങ്കാളിത്തം വര്‍ദ്ധിക്കുന്നതിലൂടെ ഓരോ വര്‍ഷം കഴിയുംതോറും വസന്തോല്‍സവം കൂടുതല്‍ മികച്ചതും വിപുലവുമാകുന്നതായി ശിഖ സുരേന്ദ്രന് പറഞ്ഞു. പ്രകൃതിയോടും സസ്യജാലങ്ങളോടും അഭിനിവേശമുള്ള ആളുകളുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് വസന്തോല്സവത്തിന്റെ വന്‍വിജയം. സ്വകാര്യ നഴ്സറികള്‍, വ്യക്തികള്‍, പാലോട് ബൊട്ടാണിക്കല്‍ ഗാര്ഡന് പോലുള്ള സ്ഥാപനങ്ങള്‍ എന്നിവയുടെ പങ്കാളിത്തവും പരിശ്രമവും ഈ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ടെന്നെും അവര്‍ കൂട്ടിച്ചേര്‍ത്തു.




