Uncategorized

തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ ആന്‍റണി രാജുവിന് മൂന്നു വര്‍ഷം തടവ്; അയോഗ്യനാകും

തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ എംഎല്‍എ ആന്‍റണി രാജുവിനും കൂട്ടുപ്രതി കെ.എ.ജോസിനും മൂന്നു വര്‍ഷം തടവ്. നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്. വിധിയോടെ തിരുവനന്തപുരം എംഎല്‍എയായ ആന്‍റണി രാജു അയോഗ്യനാകും. നിലവില്‍ എംഎല്‍എയായിരിക്കാനോ അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കാനോ സാധിക്കില്ല.

നാലു വകുപ്പുകള്‍ പ്രകാരമാണ് ആന്‍റണി രാജുവിനെ ശിക്ഷിച്ചത്.ഐപിസി 201 പ്രകാരം മൂന്ന് വർഷവും ഗൂഢാലോചനയ്ക്ക് ആറ് മാസവും ഐപിസി 465 പ്രകാരം രണ്ടു വർഷവും ഐപിസി 409 പ്രകാരം ഒരു വര്‍ഷവുമാണ് ശിക്ഷ. ഇതനുസരിച്ച് ശിക്ഷാ കാലാവധി ആറരവര്‍ഷത്തോളം വരും. എന്നാല്‍ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ ഏറ്റവും വലിയ തടവുശിക്ഷ അനുഭവിച്ചാല്‍ മതിയാകും .അതനുസരിച്ച് തൊണ്ടിമുതല്‍ തിരിമറി നടത്തിയതിന് ലഭിച്ച 3വര്‍ഷം തടവ് അനുഭവിക്കണം. അപ്പീല്‍ ജാമ്യം ലഭിക്കാവുന്ന ശിക്ഷയാണിത് .

ലഹരി കേസിലെ പ്രതിയെ രക്ഷിക്കാന്‍ അഭിഭാഷകനായിരിക്കെ ആന്‍റണി രാജു കോടതി കസ്റ്റഡിയില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചെന്ന് കണ്ടെത്തിയിരുന്നു. 36 വര്‍ഷം മുന്‍പ് നടന്ന കുറ്റകൃത്യത്തില്‍ ആന്‍റണി രാജുവിനെയും കൂട്ടുപ്രതിയായ മുന്‍ കോടതി ഉദ്യോഗസ്ഥന്‍ കെ.എ.ജോസിനെയും നെടുമങ്ങാട് ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി കുറ്റക്കാരനെന്ന് വിധിച്ചത്. ഹാഷിഷ് കടത്തിയതിന് പിടിയിലായ ഓസ്ട്രേലിയന്‍ പൗരനെതിരായ പ്രധാന തെളിവായ അടിവസ്ത്രമാണ് അന്ന് അഭിഭാഷകനായിരുന്നു ആന്‍റണി രാജു ഇടപെട്ട് രൂപമാറ്റം വരുത്തി കേസ് അട്ടിമറിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button