27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഗെയിൽ മൂന്നാംഘട്ടം: സുരക്ഷാപരിശോധന ഇന്നുമുതൽ
Kerala

ഗെയിൽ മൂന്നാംഘട്ടം: സുരക്ഷാപരിശോധന ഇന്നുമുതൽ

ഗെയിൽ പദ്ധതി മൂന്നാംഘട്ടമായ വാളയാർ–- കോയമ്പത്തൂർ പ്രകൃതിവാതക പൈപ്പുലൈനിന്റെ സുരക്ഷാ പരിശോധന തിങ്കളും ചൊവ്വയും നടക്കും. ദി പെട്രോളിയം ആൻഡ്‌ എക്‌സ്‌പ്ലോസീവ്‌സ്‌ സേഫ്‌റ്റി ഓർഗനൈസേഷന്റെ (പെസോ) രണ്ടംഗസംഘമാണ്‌ പരിശോധന നടത്തുക. തുടർന്ന്‌ പെസോ ആസ്ഥാന ഓഫീസിന്‌ റിപ്പോർട്ട്‌ നൽകും. രണ്ടാഴ്‌ചയ്‌ക്കകം അനുമതി ലഭിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്ന്‌ ഗെയിൽ ജനറൽ മാനേജർ ജോസ്‌ തോമസ്‌ പറഞ്ഞു.

പൈപ്പുലൈനിന്റെ സാങ്കേതികജോലികൾ ഒക്‌ടോബറിൽ പൂർത്തിയായിരുന്നു. 12 കിലോമീറ്റർ പൈപ്പുലൈനിൽ പരീക്ഷണാടിസ്ഥാനത്തിൽ പ്രകൃതിവാതകം കുറഞ്ഞ മർദത്തിൽ നിറച്ചു. ലൈനിന്റെ അഞ്ചു കിലോമീറ്റർ കേരളത്തിലും ബാക്കി തമിഴ്‌നാട്ടിലുമാണ്‌. പാലക്കാട്‌ കൂറ്റനാടുമുതൽ വാളയാർവരെയുള്ള പൈപ്പുലൈൻ (94 കിലോമീറ്റർ) ഏപ്രിലിൽ പൂർത്തിയായിരുന്നു. ഇതും 12 കിലോമീറ്റർ പൈപ്പുലൈനും അനുമതി ലഭിച്ചാലുടൻ കമീഷൻ ചെയ്യും. ലൈനിൽ വാതക പ്രവാഹം നിയന്ത്രിക്കുന്ന ഒപ്‌റ്റിക്കൽ ഫൈബർ കേബിൾ സ്ഥാപിക്കുന്നത്‌ പൂർത്തിയായി. കോയമ്പത്തൂരിലേക്കുള്ള വാതക വിതരണം ഇന്ത്യൻ ഓയിൽ കോർപറേഷ‌ൻ (ഐഒസി) നിർവഹിക്കും.
കൊച്ചിയിലെ വ്യവസായശാലകൾക്ക്‌ പ്രകൃതിവാതകം കൊടുക്കുന്ന പൈപ്പുലൈൻ വിന്യാസമായിരുന്നു ആദ്യഘട്ടം. ഇത് 2010ൽ തുടങ്ങി 2013 ആഗസ്ത്‌‌ 25ന് കമീഷൻ ചെയ്തു. രണ്ടാംഘട്ടമായ കൊച്ചി–-മംഗളൂരു ലൈൻ ജനുവരി അഞ്ചിന്‌ നാടിന്‌ സമർപ്പിച്ചു. യുഡിഎഫ്‌ സർക്കാർ പാതിവഴിയിൽ ഉപേക്ഷിച്ച പദ്ധതി കഴിഞ്ഞ എൽഡിഎഫ്‌ സർക്കാരാണ്‌ പൂർത്തിയാക്കിയത്‌. ഗെയിൽ പൈപ്പുലൈൻ 510 കിലോമീറ്ററാണ്‌ കേരളത്തിലൂടെ പോകുന്നത്‌. മൂന്നാംഘട്ടം പൂർത്തിയാകുന്നതോടെ വീടുകളിലും വ്യവസായസ്ഥാപനങ്ങളിലും പൈപ്ഡ്‌‌ നാച്വറൽ ഗ്യാസും (പിഎൻജി) പമ്പുകളിലൂടെ കംപ്രസ്‌ഡ്‌ നാച്വറൽ ഗ്യാസും (സിഎൻജി) വിതരണം ചെയ്യുന്ന സിറ്റി ഗ്യാസ്‌ പദ്ധതി കൂടുതൽ ജില്ലകളിലേക്ക്‌ വ്യാപിപ്പിക്കാനാകും.

Related posts

കേരളത്തില്‍ ഇന്ന് 7719 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor

ഹരിതഗ്രാമം സുന്ദര ഗ്രാമം പദ്ധതിയുമായി തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത്

Aswathi Kottiyoor

ചേർത്തലയിൽ പ്ലസ്‌ടു വിദ്യാർഥിനിയും യുവാവും മരിച്ച നിലയിൽ

Aswathi Kottiyoor
WordPress Image Lightbox