21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • 2 പാമ്പുണ്ടെന്നു വാവ സുരേഷ് പറഞ്ഞു; കണ്ടുനിന്ന നാട്ടുകാരൻ തലകറങ്ങി വീണു
Kerala

2 പാമ്പുണ്ടെന്നു വാവ സുരേഷ് പറഞ്ഞു; കണ്ടുനിന്ന നാട്ടുകാരൻ തലകറങ്ങി വീണു


കുറിച്ചി ∙ വാവ സുരേഷിനെ കടിച്ചത് ഒരാഴ്ചയോളമായി പ്രദേശത്തെ വിറപ്പിച്ച മൂർഖൻ. യൂത്ത് കോൺഗ്രസ് കുറിച്ചി മണ്ഡലം പ്രസിഡന്റ് കരിനാട്ടുകവല പാട്ടാശേരിയിൽ വാണിയപ്പുരയ്ക്കൽ വി.ജെ. നിജുമോന്റെ വീട്ടുവളപ്പിൽ കൂട്ടിയിട്ട കരിങ്കല്ലുകൾക്കിടയിലാണ് പാമ്പിനെ കണ്ടത്. വാവ സുരേഷ് എത്താൻ വൈകുമെന്ന് അറിഞ്ഞതോടെ വീട്ടുകാർ വല കൊണ്ട് പാമ്പിനെ പിടിക്കാൻ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. തുടർന്ന് കരിങ്കല്ലു കൂട്ടം വല കൊണ്ട് മൂടിയിട്ടു.സുരേഷ് ഇന്നലെ എത്തിയെങ്കിലും അപകടത്തിൽ പരുക്കേറ്റതിനെത്തുടർന്ന് നടുവേദന ഉള്ളതിനാൽ കല്ലും മറ്റും നാട്ടുകാരാണ് മാറ്റിയത്. അവസാനത്തെ കല്ല് ഇളക്കിയതോടെ പാമ്പിനെ കണ്ടു. ഉടനെ സുരേഷ് പാമ്പിനെ പിടികൂടി. പാമ്പ് നാലു തവണ ചാക്കിൽ നിന്നു പുറത്തു ചാടി. അഞ്ചാം തവണ സുരേഷ് കാല് ചാക്കിനടുത്തേക്കു നീക്കിവച്ച് പാമ്പിനെ കയറ്റാൻ ശ്രമിച്ചപ്പോഴാണ് കടിയേറ്റത്.

സുരേഷിന്റെ കയ്യിൽ നിന്നു പിടിവിട്ടതോടെ പാമ്പ് വീണ്ടും ഇളക്കിയിട്ട കരിങ്കല്ലിന്റെ ഇടയിൽ ഒളിച്ചു. സുരേഷ് വീണ്ടുമെത്തി കരിങ്കല്ല് നീക്കി പാമ്പിനെ പിടിച്ചു കാർഡ്ബോർഡ് ബോക്സിലാക്കി സ്വന്തം കാറിൽ കൊണ്ടു വച്ചു. പിന്നെ സ്വയം പ്രഥമശുശ്രൂഷ ചെയ്തു. കാലിൽ കടിയേറ്റ ഭാഗം വെള്ളം കൊണ്ടു കഴുകി. രക്തം ഞെക്കികകളഞ്ഞു. തുണി കൊണ്ട് മുറിവായ കെട്ടി.

സുരേഷിന്റെ കാറിൽത്തന്നെയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഡ്രൈവർക്ക് ആശുപത്രിയിലേക്കുള്ള വഴി പരിചയമില്ലാത്തതിനാൽ ഇടയ്ക്ക് നിജുവിന്റെ കാറിലേക്കു സുരേഷിനെ കയറ്റി. യാത്രയ്ക്കിടെ സുരേഷ് സംസാരിച്ചിരുന്നതായി നിജു പറഞ്ഞു. എന്നാൽ, ചിങ്ങവനത്ത് എത്തിയപ്പോൾ തല കറങ്ങുന്നതായി പറഞ്ഞു. നാട്ടകം സിമന്റ് കവലയെത്തിയോടെ ഛർദിച്ച് അവശ നിലയിലായി.സുരേഷിനെ പാമ്പു കടിക്കുന്നതു കണ്ടു നിന്ന നാട്ടുകാരനായ ആൾ സംഭവസ്ഥലത്ത് തലകറങ്ങി വീണു. വീഴ്ചയിൽ തലയ്ക്ക് പരുക്കേറ്റയാളെ കോട്ടയത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ വാവ സുരേഷിന്റെ ചികിത്സ സംബന്ധിച്ച് ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ട് വിവരങ്ങൾ ആരാഞ്ഞു.

∙ ‘വാവ സുരേഷ് വന്നപ്പോഴേ പറഞ്ഞു: പാമ്പ് ഒന്നല്ല, രണ്ടെണ്ണം ഉണ്ട്. ഒന്നിനെ പിടിച്ച ശേഷം രണ്ടാമത്തേതിനെ നോക്കാമെന്നാണ് പറഞ്ഞത്. ആദ്യത്തേതിനെ ചാക്കിലാക്കിയപ്പോഴേക്കും കടിയേറ്റു.’ – വി.ജെ. നിജുമോൻ

∙ ‘കഴിഞ്ഞ വെള്ളപ്പൊക്കത്തിനു ശേഷം കുറിച്ചിയുടെ പടിഞ്ഞാറൻ മേഖലയിൽ പാമ്പുകൾ പെരുകി. വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിയാണ് പാമ്പിനെ പിടിക്കുന്നത്. പെരുമ്പാമ്പിനെയും മൂർഖൻ കുഞ്ഞുങ്ങളെയും ഇവിടെ നിന്നു പിടിച്ചിട്ടുണ്ട്. മീൻ പിടിക്കാൻ വല ഇടുമ്പോൾ മിക്കപ്പോഴും പാമ്പ് കുടുങ്ങും.’ – ബിജു പൂഴിക്കുന്ന്, കുറിച്ചി

‘സർപ്പ’ ആപ് എല്ലാ ജില്ലകളിലും

പാമ്പിനെ കണ്ടെത്തിയാൽ പിടികൂടുന്നതിനായി വനംവകുപ്പ് തയാറാക്കിയ ‘സർപ്പ’ (SARPA) ആപ് എല്ലാ ജില്ലകളിലും പ്രവർത്തിക്കുന്നു. പാമ്പിനെ കണ്ടെത്തിയാൽ വിവരം വനം വകുപ്പിന്റെ ഈ ആപ്പിൽ നൽകിയാൽ മതി. വിവരം ലഭിച്ചാലുടൻ വനം വകുപ്പിന്റെ റെസ്ക്യൂവർ സ്ഥലത്തെത്തി പാമ്പിനെ പിടിച്ചുകൊണ്ടുപോയി ഉൾവനത്തിൽ വിട്ടയയ്ക്കും.

വനപാലകർക്കും പൊതുജനങ്ങൾക്കും പാമ്പുപിടിത്തത്തിൽ വനംവകുപ്പ് പരിശീലനം നൽകിയിരുന്നു. ജില്ലയിൽ 43 പേർ പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്. പാമ്പിനെ കണ്ടാൽ അവയുടെ ഫോട്ടോയും ഇരിക്കുന്ന സ്ഥലവും സംബന്ധിച്ച വിവരം ആപ്പിലേക്ക് കൈമാറാം.

സന്ദേശം വരുന്ന സ്ഥലത്തിന്റെ ലൊക്കേഷൻ പരിശോധിച്ചാണ് റെസ്ക്യൂവർ സ്ഥലത്തെത്തുക. പാമ്പിനെ പിടിക്കുന്നതിന് പൊതുജനങ്ങൾ പണമൊന്നും നൽകേണ്ടതില്ല. പ്ലേസ്റ്റോറിൽനിന്ന് ‘സർപ്പ’ എന്ന ആപ് ഡൗൺലോഡ് ചെയ്ത് ആർക്കും വിവരങ്ങൾ കൈമാറാം: ∙ കെ.എ. അഭീഷ്, കോട്ടയം ജില്ലാ കോഓർഡിനേറ്റർ, സർപ്പ ആപ്പ്. 8943249386

Related posts

സെമി ഹൈസ്പീഡ് റെയില്‍ പദ്ധതി ഭൂമി ഏറ്റെടുക്കല്‍; പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

Aswathi Kottiyoor

തലസ്ഥാനത്ത് രണ്ട് നദികളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ്

Aswathi Kottiyoor

സബ്‌സിഡി അരി നിർത്തലാക്കൽ ; 40 ലക്ഷം കുടുംബത്തിന്റെ അന്നം മുട്ടും

Aswathi Kottiyoor
WordPress Image Lightbox