24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഭൂഗര്‍ഭ ജലത്തിന്റെ ഗുണനിലവാരം; തൃശ്ശൂരിലെ ചില പ്രദേശങ്ങളില്‍ ഇരുമ്പ്, നൈട്രേറ്റ് സാന്നിധ്യം.
Kerala

ഭൂഗര്‍ഭ ജലത്തിന്റെ ഗുണനിലവാരം; തൃശ്ശൂരിലെ ചില പ്രദേശങ്ങളില്‍ ഇരുമ്പ്, നൈട്രേറ്റ് സാന്നിധ്യം.

ഭൂഗര്‍ഭ ജലത്തിന്റെ ഗുണനിലവാരത്തില്‍ ജില്ലയിലെ ചില പ്രദേശങ്ങള്‍ വെല്ലുവിളി നേരിടുന്നു. കേന്ദ്ര ഭൂജലവകുപ്പ് നടത്തിയ പഠനത്തില്‍ ഇരുമ്പ്, നൈട്രേറ്റ് സാന്നിധ്യം ചിലയിടങ്ങളിലെ ജലത്തില്‍ കണ്ടെത്തി.ചാലക്കുടി, പഴയന്നൂര്‍, കൊടകര, ഒല്ലൂക്കര, വടക്കാഞ്ചേരി എന്നിവിടങ്ങളിലാണ് ഇരുമ്പിന്റെ സാന്നിധ്യമുണ്ടെന്ന് തെളിഞ്ഞത്.

അതേസമയം കേച്ചേരി, കൊടുങ്ങല്ലൂര്‍, മുപ്ലിയം, പെരിഞ്ഞനം എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ജലത്തില്‍ നൈട്രേറ്റ് അംശമുള്ളതായും കണ്ടെത്തി. ഇതിനു പുറമേ പടിഞ്ഞാറന്‍ മേഖലയില്‍ ചില കുഴല്‍ക്കിണറുകളില്‍ ഉപ്പുവെള്ളമാണ് ലഭിക്കുന്നത്.

തീരദേശശോഷണമാണ് ഇവിടത്തെ ജലാശയങ്ങളില്‍ ഭൂഗര്‍ഭജലത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നത്. വര്‍ഷത്തില്‍ ഏഴ് മാസവും വെള്ളം കെട്ടിക്കിടക്കുന്ന കോള്‍നിലങ്ങളിലും ഉപ്പുവെള്ള സാന്നിധ്യമുണ്ടെന്നും ഇതിന് പരിഹാരം കണ്ടെത്തേണ്ടതുണ്ടെന്നും പഠനത്തില്‍ നിര്‍ദേശിക്കുന്നു. നവംബറില്‍ മഴ തീരുന്നതോടെ കോള്‍നിലങ്ങളില്‍ ജലനിരപ്പ് താഴും. ഇതോടെയാണ് കടലില്‍നിന്ന് ഉപ്പുവെള്ളം കയറുന്നത്.

ജില്ലയിലെ ഓരോ പ്രദേശങ്ങളിലെയും ഭൂജലവിതാനത്തിന്റെ സ്ഥിതിയും പ്രത്യേകതകളും ഉള്‍ക്കൊണ്ട് ഊര്‍ജിതമായ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കണമെന്ന് ബോര്‍ഡിന്റെ പഠനം ഓര്‍മിപ്പിക്കുന്നു.

പ്രധാന നിര്‍ദേശങ്ങള്‍

1) കുളങ്ങളും ജലാശയങ്ങളും മഴക്കാലത്തിനുമുന്‍പ് വൃത്തിയാക്കണം

2) മേല്‍ക്കൂരയില്‍നിന്നുള്ള ജലസംഭരണവും കിണറുകള്‍ റീചാര്‍ജ് ചെയ്യലും പ്രോത്സാഹിപ്പിക്കണം. മഴയ്ക്കുമുന്‍പ് റീചാര്‍ജ് സംവിധാനം വൃത്തിയാക്കണം.

3) കിഴക്കന്‍ പ്രദേശങ്ങളില്‍ റീചാര്‍ജ് ചെയ്യുന്നതിലും നല്ലത് അനുയോജ്യമായ ടാങ്കുകളില്‍ മഴവെള്ളം സംഭരിക്കുന്നതാണ്. കൂടാതെ വ്യാസംകൂടിയ കിണറുകള്‍ നിര്‍മിച്ച് മഴവെള്ളം സൂക്ഷിച്ചാല്‍ വേനല്‍ക്കാലത്ത് ഉപകരിക്കും

4) ഏനാമാവ്, മുനയം കൊട്ടന്‍കെട്ട് എന്നിവിടങ്ങളില്‍ റെഗുലേറ്ററുകള്‍ നിര്‍മിച്ച് ഉപ്പുവെള്ളത്തിന്റെ കയറ്റം നിയന്ത്രിക്കാം. എങ്കില്‍ ഈ പാടങ്ങളില്‍ മുണ്ടകന്‍, പുഞ്ച കൃഷികളിറക്കാം

5) വെള്ളത്തിലെ ഇരുമ്പ് നീക്കാന്‍ ഓക്സിഡേഷനോ എയ്റേഷന്‍ നടത്തിയശേഷം അരിച്ചെടുത്ത് ഉപയോഗിക്കുകയോ ചെയ്യണം.

6) കക്കൂസ് ടാങ്കുകളില്‍നിന്നുള്ള മലിനീകരണം നിയന്ത്രിക്കാന്‍ ഇരട്ടക്കവചം നിര്‍ബന്ധമാക്കുക

7) വിവേചനരഹിതമായ കുഴല്‍ക്കിണര്‍ നിര്‍മാത്തിന് നിയന്ത്രണം വേണം.

8) ജലസംഭരണത്തിനും കൃത്രിമ ഭൂജല പോഷണത്തിനുമായി തടയണകളുള്‍പ്പെടെ നിര്‍മിക്കാനുതകുന്ന സ്ഥലവും ജില്ലയിലുണ്ട്.

ഉപേക്ഷിക്കപ്പെട്ട ക്വാറികളില്‍ സംരക്ഷണഭിത്തികള്‍ നിര്‍മിച്ച് ജലം സംഭരിക്കാനാകും.

തുള്ളിനന പോലുള്ള ജലസേചന സംവിധാനങ്ങള്‍ ജല ഉപയോഗം കുറയ്ക്കും. ഉത്പാദനക്ഷമത കൂട്ടും. ഉപഭോഗത്തില്‍ ഗുരുതര വിഭാഗത്തില്‍പ്പെടുന്ന ചൊവ്വന്നൂര്‍, മതിലകം, തളിക്കുളം എന്നിവിടങ്ങളില്‍ ഇത് നടപ്പാക്കണം.

Related posts

മ​രം മു​റി​ച്ച​പ്പോ​ള്‍ പ​ക്ഷി​ക​ള്‍ ച​ത്ത സം​ഭ​വം; ക​രാ​റു​കാ​ര​നെ​തി​രെ കേ​സെ​ടു​ക്കാ​ന്‍ വ​നം വ​കു​പ്പ്

Aswathi Kottiyoor

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസിനെ ഗവേഷണ സ്ഥാപനമായി മാറ്റിയെടുക്കും: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ക്ക​ല്‍ : ലൈ​സ​ന്‍​സ് സ​സ്‌​പെ​ന്‍​ഷ​ന്‍ ന​ട​പ​ടി​ക​ള്‍​ക്കു കാ​ല​താ​മ​സം

Aswathi Kottiyoor
WordPress Image Lightbox